വിഹാരിക്കും പന്തിനും സെഞ്ച്വറി; സന്നാഹത്തിൽ കസറി ഇന്ത്യ
text_fieldsസിഡ്നി: ബാറ്റിങ് നിരക്ക് മൂർച്ചകൂട്ടി ഇന്ത്യയുടെ സന്നാഹം. ആസ്ട്രേലിയ 'എ'ക്കെതിരായ ത്രിദിന സന്നാഹത്തിെൻറ ഒന്നാം ഇന്നിങ്സിൽ 194ന് പുറത്തായ ഇന്ത്യ, രണ്ടാം ഇന്നിങ്സിൽ രണ്ട് സെഞ്ച്വറിയുമായി മികച്ച ടോട്ടൽ പടുത്തുയർത്തി.
ഹനുമ വിഹാരി (104 നോട്ടൗട്ട്), ഋഷഭ് പന്ത് (103 നോട്ടൗട്ട്) എന്നിവരുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 386 റൺസെടുത്തു. മായങ്ക് അഗർവാൾ (61), ശുഭ്മാൻ ഗിൽ (65) എന്നിവരുടെ അർധസെഞ്ച്വറി പ്രകടനത്തിനു പിന്നാലെയാണ് മധ്യനിരയിൽ വിഹാരിയും പന്തും റൺമലയായി ഉയർന്നത്. രണ്ടാം ഓവറിൽ ഓപണർ പൃഥ്വിഷായെ (3) നഷ്ടമായെങ്കിലും പിന്നാലെ ക്രീസിലെത്തിയവർ ഉത്തരവാദിത്തത്തോടെയാണ് ബാറ്റുവീശിയത്. ക്യാപ്റ്റൻ അജിൻക്യ രഹാനെ 38 റൺസെടുത്തു.
ഒന്നാം ഇന്നിങ്സിലെ 86 റൺസ് ലീഡ് ഉൾപ്പെടെ ഓസീസിനെതിരെ ഇന്ത്യക്ക് 472 റൺസിെൻറ ലീഡായി. ഷോൺ ആബട്ട്, മിച്ചൽ സ്വെപ്സൺ, വിൽ സതർലൻഡ് തുടങ്ങിയവരായിരുന്നു ഓസീസിെൻറ ബൗളർമാർ. അവസാന ദിനമായ ഞായറാഴ്ച ഓസീസിനെ എളുപ്പം പുറത്താക്കാനായാൽ 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.