ഐ.പി.എല്ലിൽ ആ ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഇന്ത്യയും പാകിസ്താനും കളിക്കുന്നത് പോലെ- ഹർഭജൻ സിങ്
text_fieldsഐ.പി.എൽ പുതിയ സീസണിന് ഇന്ന് തുടക്കമാകുകയാണ്. എല്ലാ ടീമുകളും സ്ക്വാഡിനെ ശക്തരാക്കിക്കൊണ്ടാണ് ഈ സീസണിലേക്കെത്തുന്നത്. മഴ ഭീഷണിയുള്ള ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവുമാണ് ഏറ്റുമുട്ടുക. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാഡൻസാണ് ഉദ്ഘാടന മത്സരത്തിന്‍റെ വേദി.
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻമാരായ ടീമുകളാണ് ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും. ഇരു ടീമുകളും അഞ്ച് ട്രോഫികൾ വെച്ച് നേടിയിട്ടുണ്ട്. ഐ.പി.എല്ലിൽ സി.എസ്.കെയും മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടുന്നത് ഇന്ത്യയും പാകിസ്താനും കളിക്കുന്നത് പോലെയാണെന്ന് പറയുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ ഹർഭജൻ സിങ്. സി.എസ്.കെക്ക് വേണ്ടിയും മുംബൈക്ക വേണ്ടിയും താരം ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്.
'ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും ഇന്ത്യയും പാകിസ്ഥാനും പോലെയാണ്. അവരുടെ ആരാധകർ അവരെ പൂർണമായും പിന്തുണക്കുന്നു. നിരവധി വലിയ കളിക്കാർ രണ്ട് ടീമുകളിലും കളിച്ചിട്ടുണ്ട്. സി.എസ്.കെ ഐ.പി.എല്ലിലെ മികച്ച ടീമുകളിൽ ഒന്നാണ്. നിങ്ങൾ അവരെ തോൽപ്പിച്ചാൽ, അത് വലിയ വാർത്തയാകും. മുംബൈ ഇന്ത്യൻസിന്‍റെ കാര്യവും അത് പോലെ തന്നെയാണ്. ഉയർന്ന സമ്മർദം, ഉയർന്ന വോൾട്ടേജ് ഗെയിം, ഫുൾ ഫൺ എന്നിവ ഈ മത്സരങ്ങളുടെ പ്രത്യേകതയാണ്,' ഹർഭജൻ പറഞ്ഞു.
മുംബൈക്ക് വേണ്ടി പത്ത് വർഷവും, സി.എസ്.കെക്ക് വേണ്ടി മൂന്ന് വർഷവും കളിച്ച ഭാജി നാല് ഐ.പി.എൽ ട്രോഫികളും സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ സി.എസ്.കെയും മുംബൈയും ആദ്യ മത്സരത്തിൽ ഏറ്റുമുട്ടും. മാർച്ച് 23നാണ് മത്സരം നടക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.