ഹർഭജൻ സിങ്: ഹൃദയംകൊണ്ട് പന്തെറിഞ്ഞ ടർബണേറ്റർ
text_fieldsഹൃദയംകൊണ്ട് ക്രിക്കറ്റ് കളിച്ച താരമായിരുന്നു ഹർഭജൻ സിങ്. സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച കാലത്തിന്റെ യഥാർഥ പ്രതിനിധി. കളത്തിൽ കളിമികവിനൊപ്പം വികാരപ്രകടനത്തിന്റെ പ്രതീകം കൂടിയായിരുന്നു ജലന്ധറിൽനിന്നുള്ള സർദാർ. വിക്കറ്റ് നേടിയാലുള്ള ആഘോഷവും അടിവാങ്ങുമ്പോഴുള്ള നിരാശയുമെല്ലം ആ മുഖത്തും ശരീര ചലനങ്ങളിലും പ്രതിഫലിക്കും.
ഫീൽഡിലെ ആവേശത്തിലും ആക്രമണോത്സുകതയിലും ഗാംഗുലിക്കൊപ്പമായിരുന്നു ഭാജി. 2000ത്തിൽ പിതാവിന്റെ മരണത്തെ തുടർന്ന് യു.എസിലേക്ക് കുടിയേറാൻ ഒരുങ്ങിയ ഹർഭജനെ തടഞ്ഞതും ദാദയായിരുന്നു. പിന്നീട് ഗ്രെഗ് ചാപ്പൽ-ഗാംഗുലി പോരിൽ നായകനൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ച താരവും ഹർഭജനായിരുന്നു. വിവാദങ്ങളും ഹർഭജന്റെ കരിയറിൽ ഒട്ടും കുറവില്ലായിരുന്നു. ഐ.പി.എല്ലിനിടെ മലയാളി താരം എസ്. ശ്രീശാന്തിന്റെ മുഖത്തടിച്ച സംഭവം അതിലൊന്നുമാത്രം. ഓസീസ് പര്യടനത്തിലെ മങ്കിഗേറ്റ് വിവാദത്തിലും ഇരയായ താരം ഭാജിയായിരുന്നു.
ഓഫ് സ്പിന്നിന്റെ എല്ലാ വകഭേദങ്ങളും വഴങ്ങുമെങ്കിലും ക്ലാസിക് ഓഫ് സ്പിന്നറുടെ ശൈലിയായിരുന്നില്ല ഹർഭജന്. ചെറിയ സ്പോട്ട് ജംപും രണ്ട് ആംഗുലർ റണ്ണപ്പുകളും വേഗമേറിയ ആക്ഷനുമായുള്ള ബൗളിങ് കൗതുകകരമായിരുന്നു, പലപ്പോഴും ബാറ്ററുടെ ഏകാഗ്രത കളയുന്നതും.
2001ൽ ആസ്ട്രേലിയക്കെതിരെ മൂന്നു ടെസ്റ്റുകളിൽ 32 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യക്ക് സമ്മോഹനമായ പരമ്പര വിജയം സമ്മാനിച്ചതുതന്നെയായിരുന്നു 'ടർബണേറ്ററു'ടെ കരിയറിലെ ഹൈലൈറ്റ്. സ്റ്റീവ് വോ, റിക്കി പോണ്ടിങ്, ആഡം ഗിൽക്രിസ്റ്റ്, മാത്യു ഹെയ്ഡൻ, ഡാമിയൻ മാർട്ടിൻ തുടങ്ങിയ കരുത്തരെല്ലാം പരമ്പരയിൽ ഭാജിക്കുമുന്നിൽ പലതവണ കീഴടങ്ങി. 2015ൽ ടെസ്റ്റും ഏകദിനവും 2016ൽ ട്വന്റി20യും അവസാനമായി കളിച്ച ഹർഭജൻ പിന്നീട് ഐ.പി.എല്ലിൽ മാത്രമാണ് പന്തെറിഞ്ഞത്. മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും കളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.