ഹർഭജൻ സിങ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യൻ താരം ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
'എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ജീവിതത്തില്‍ എനിക്കു എല്ലാം നേടിത്തന്ന ക്രിക്കറ്റിനോട് ഇന്ന് ഞാന്‍ വിട പറയുകയാണ്. 23 വര്‍ഷത്തെ കരിയര്‍ മനോഹരവും അനുസ്മരണീയവുമാക്കിയ എല്ലവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവർക്കും ഹൃദയപൂർവം നന്ദി' -ഹര്‍ഭജന്‍ ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ഹർഭജൻ. 2011 ഏകദിന ലോകകപ്പും 2007 ട്വന്‍റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു.
ജീവിതത്തിൽ വളരെ വിഷമകരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകേണ്ട അവസരങ്ങളുണ്ടാകുമെന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ച് ഹർഭജൻ ചൂണ്ടിക്കാട്ടി. 'കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പ്രഖ്യാപനം നടത്താനുള്ള തയാറെടുപ്പിലായിരുന്നു. ഇക്കാര്യം നിങ്ങളെ അറിയിക്കാനുള്ള സമയത്തിനായുള്ള കാത്തിരിപ്പായിരുന്നു ഇതുവരെ. ഇന്ന് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും ഞാൻ വിരമിക്കുന്നു. പലവിധത്തിലും ക്രിക്കറ്റ് താരമെന്ന നിലയിൽ ഞാൻ മുമ്പേ വിരമിച്ചതാണ്. പക്ഷേ, ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്താൻ കഴിഞ്ഞിരുന്നില്ല'- ഇന്ത്യൻ ക്രിക്കറ്റിലെ 'ഭാജി' വ്യക്തമാക്കി.
1998ല്‍ ഷാര്‍ജയില്‍ നടന്ന ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിലാണ് ഹര്‍ഭജന്‍ അരങ്ങേറിയത്. 2016ല്‍ ധാക്കയില്‍ നടന്ന യു.എ.ഇക്കെതിരായ ട്വന്‍റി-20യിലാണ് അവസാനമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്. 2001 മാര്‍ച്ചില്‍ ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മൂന്നു ടെസ്റ്റുകളില്‍ നിന്ന് 32 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന നേട്ടവും ഹര്‍ഭജന്‍റെ പേരിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.