ലോലിപോപ്പ് നൽകി...; ചഹലിനെ ട്വന്‍റി20 സ്ക്വാഡിൽ ഉൾപ്പെടുത്താത്തതിൽ ഹർഭജൻ
text_fieldsനീണ്ട ഇടവേളക്കുശേഷമാണ് ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന ടീമിലാണ് താരം ഇടംപിടിച്ചത്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെയും വിജയ് ഹസാരെ ട്രോഫിയിലെയും തകർപ്പൻ പ്രകടനമാണ് താരത്തിന് ഏകദിന ടീമിലേക്കുള്ള വഴിതുറന്നത്. മൂന്നു ഏകദിനങ്ങളാണ് പ്രോട്ടീസിനെതിരെ ഇന്ത്യ കളിക്കുന്നത്.
ടീമിലേക്കുള്ള മടങ്ങിവരവ് താരത്തിന് വലിയ ആശ്വാസം നൽകുമെങ്കിലും സെലക്ടർമാർ ചഹലിനെ ട്വന്‍റി20 സ്ക്വാഡിൽനിന്ന് ഒഴിവാക്കിയതിനെതിരെ മുൻ സ്പിന്നർ ഹർഭജൻ സിങ് രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്. ചഹലിന് ഒരു ലോലിപോപ്പ് നൽകിയെന്നാണ് ട്വന്‍റി20 ടീമിൽനിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടി ഹർഭജൻ പറഞ്ഞത്. ‘ട്വന്‍റി20 ഫോർമാറ്റിൽ യുസ്വേന്ദ്ര ചഹൽ ഇല്ല. ഏകദിന ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയത്. താരം നന്നായി കളിക്കുന്ന ഫോർമാറ്റിൽ കളിപ്പിക്കില്ല, മറ്റ് ഫോർമാറ്റുകൾക്കായി എടുക്കും. അതെനിക്ക് മനസ്സിലാകുന്നില്ല’ -ഹർഭജൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഉമേഷ് യാദവ് എന്നിവരെ ഒഴിവാക്കിയതിലും താരം അതൃപ്തി പ്രകടിപ്പിച്ചു. തിരിച്ചുവരവിനുള്ള വഴികൾ കഠിനമാണെങ്കിലും മൂവരെയും ടീമിൽ ഉൾപ്പെടുത്താത്തതിന്‍റെ കാരണം മാനേജ്മെന്‍റ് വ്യക്തമാക്കണം. ദക്ഷിണാഫ്രിക്കൻ പര്യടനം എത്ര എളുപ്പമല്ല. ബാറ്റർമാർക്ക് ഏറെ കഠിനമാണ്. അവിടെ നിങ്ങൾക്ക് പൂജാരയും രഹാനെയും ഇല്ല. മൂവരും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്നെന്നും ഹർഭജൻ പ്രതികരിച്ചു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഇന്ത്യൻ ടെസ്റ്റ് ടീം
രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, യശസ്വി ജയ്സാൾ, വിരാട് കോഹ്ലി, ശ്രേയസ്സ് അയ്യർ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.