ഈ നാലു ടീമുകൾ ഐ.പി.എൽ പ്ലേഓഫ് യോഗ്യത നേടും! ഹർഭജൻ സിങ് പ്രവചിക്കുന്നു....
text_fieldsഐ.പി.എൽ 2023 സീസൺ അവസാനഘട്ടത്തിലേക്ക് കടന്നതോടെ പോരാട്ടങ്ങൾ കൂടുതൽ ആവേശകരമാവുകയാണ്. ഓരോ ദിവസം പിന്നിടുമ്പോഴും പ്ലേ ഓഫ് ചിത്രം കൂടുതൽ അവ്യക്തമാവുകയാണ്.
ഒരു ടീമും ഇതുവരെ പ്ലേ ഓഫിന് യോഗ്യത നേടിയിട്ടില്ല. ഒമ്പത് മത്സരങ്ങളിൽനിന്ന് 12 പോയന്‍റുള്ള നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസാണ് പോയന്‍റ് പട്ടികയിൽ ഒന്നാമത്. ഗുജറാത്തിന് അവസാന നാലിലെത്താനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, ഒമ്പത് മത്സരങ്ങളിൽനിന്ന് മൂന്നു ജയവുമായി പോയന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി കാപിറ്റൽസിനും സൺറൈസേഴ്സ് ഹൈദരാബാദിനും ഇനിയും പ്ലേ ഓഫ് സാധ്യതയുണ്ട്.
അതുകൊണ്ടു തന്നെ ഇനിയുള്ള ഓരോ മത്സരങ്ങളും ടീമുകൾക്ക് നിർണായകമാണ്. ഒരു തോൽവി പോലും സാധ്യതകൾ ഇല്ലാതാക്കും. മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് ഐ.പി.എൽ 2023 പ്ലേഓഫ് യോഗ്യത നേടാൻ സാധ്യതയുള്ള നാലു ടീമുകളെ പ്രവചിച്ചിരിക്കുകയാണ്. ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്, എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ്, മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾക്കാണ് താരം പ്ലേഓഫ് സാധ്യത കൽപിക്കപ്പെടുന്നത്. ഇതിൽ ചെന്നൈ നാലു തവണ കിരീടം നേടിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസ് ഹർഭജന്‍റെ അവസാന നാലിൽ ഇടംനേടിയിട്ടില്ല. നിലവിൽ ഒമ്പത് മത്സരങ്ങളിൽനിന്ന് 10 പോയന്‍റുമായി നാലാം സ്ഥാനത്താണ്. കൂടാതെ, 10 മത്സരങ്ങളിൽനിന്ന് 11 പോയന്‍റുമായി രണ്ടാമതുള്ള ലഖ്നോ സൂപ്പർ ജയന്‍റ്സും താരത്തിന്‍റെ പ്ലേഓഫ് സാധ്യത ലിസ്റ്റിലില്ലാത്തത് ശ്രദ്ധേയമായി. കഴിഞ്ഞ തവണ പ്ലേഓഫ് യോഗ്യത നേടിയ ലഖ്നോ, ബാംഗ്ലൂരിവിനോട് തോറ്റ് പുറത്താകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.