ആർ.സി.ബിയുടെ ബൗളിങ് യൂനിറ്റിൽ ആശങ്ക പ്രകടിപ്പിച്ച് ഹർഭജൻ സിങ്
text_fieldsബംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ വഴങ്ങിയ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ബൗളിങ് യൂനിറ്റിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്.
തിങ്കളാഴ്ച റൺസൊഴുകിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ 25 റൺസിനാണ് ബംഗളൂരു ഹൈദരാബാദിനോട് പരാജയപ്പെട്ടത്. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 287 റൺസാണ് അടിച്ചുകൂട്ടിയത്. ഐ.പി.എല്ലിൽ പിറക്കുന്ന ഏറ്റവും ഉയർന്ന സ്കോറും ട്വന്റി 20 ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന സ്കോറുമായിരുന്നു.
"ആർ.സി.ബിയുടെ പ്രയാസങ്ങൾ വർധിച്ചുവരികയാണ്. ലേലത്തിന് ശേഷം അവരുടെ ബൗളിങ് ലൈനപ്പിനെക്കുറിച്ച് ചർച്ചകൾ നടന്നിരുന്നു, അവർ അത് ഇപ്പോൾ തിരിച്ചറിയുന്നുണ്ടാകും. ഐ.പി.എല്ലിലെ എക്കാലത്തെയും ഉയർന്ന സ്‌കോർ അവർ വഴങ്ങി. പിച്ച് ബാറ്റർമാർക്ക് വേണ്ടിയുള്ളതാണെന്ന് ഞാൻ സമ്മതിക്കുന്നു, പക്ഷേ ആരെങ്കിലും കൈ ഉയർത്തി പറയേണ്ടതുണ്ട്, ഞാൻ നിങ്ങൾക്ക് രണ്ടോ മൂന്നോ വിക്കറ്റ് തരാമെന്ന്." ഹർഭജൻ തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ട്രാവിസ് ഹെഡിന്റെ അത്യുജ്വല സെഞ്ച്വറിക്കും (41 പന്തിൽ 102) ഹെന്റിച്ച് ക്ലാസന്റെ ഉശിരൻ അർധശതകത്തിനും (31 പന്തിൽ 67) പുറമെ ബാറ്റിങ്ങിനിറങ്ങിയ അഭിഷേക് ശർമയും (34), എയ്ഡൻ മർക്രാമും (32 നോട്ടൗട്ട്), അബ്ദുൽ സമദുമെല്ലാം (37 നോട്ടൗട്ട്) അടിച്ചുതകർത്തതോടെയാണ് റെക്കോഡും മറികടന്ന് സ്കോർ കുതിച്ചത്.
നാല് ഓവർ സ്പെൽ പൂർത്തിയാക്കിയ ഓരോ ബൗളറും റെക്കോർഡ് തകർത്ത രാത്രിയിൽ 50 ലധികം റൺസ് വഴങ്ങി. റീസ് ടോപ്ലി ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും 68 റൺസ് വഴങ്ങി. യാഷ് ദയാൽ 51 റൺസും ലോക്കി ഫെർഗൂസൺ 52 റൺസും വിട്ടുകൊടുത്ത് രണ്ടും വിജയ്കുമാർ വൈശാഖ് 64 റൺസും വിട്ടുകൊടുത്തു.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു ധീരമായി പോരാടിയാണ് കീഴടങ്ങിയത്. 35 പന്തിൽ 83 റൺസടിച്ച ദിനേശ് കാർത്തികും വിരാട് കോഹ്‍ലിയും (20 പന്തിൽ 42), ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിയും (28 പന്തിൽ 62) തകർത്തടിച്ചപ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് പിറന്നു.
"ആർ.സി.ബി ബാറ്റിംഗിലെ ഏറ്റവും വലിയ പോസിറ്റീവ് ദിനേശ് കാർത്തിക് എല്ലാ മത്സരങ്ങളിലും റൺസ് നേടിയിട്ടുണ്ട്," ഹർഭജൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.