ഹർഭജൻ സിങ് കോൺഗ്രസിലേക്കോ? പഞ്ചാബിന് വേണ്ടി പ്രവർത്തിക്കണമെന്ന് താരം
text_fieldsന്യൂഡൽഹി: സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച ഇന്ത്യൻ താരം ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് റിപ്പോർട്ടുകൾ. പഞ്ചാബിൽ കോൺഗ്രസിനൊപ്പം ചേരുമെന്നാണ് അഭ്യൂഹം. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന അഭ്യൂഹങ്ങൾക്കിടെ പഞ്ചാബിന് വേണ്ടി പ്രവർത്തിക്കാൻ താൽപര്യമുണ്ടെന്ന ആഗ്രഹം പങ്കുവെച്ച് ഹർഭജൻ രംഗത്തെത്തിയിരുന്നു. 'എല്ലാ പാർട്ടികളിലെയും നേതാക്കളെ എനിക്കറിയാം. രാഷ്ട്രീയത്തിലൂടെയോ അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലോ എനിക്ക് പഞ്ചാബിനെ സേവിക്കണം. ഇതുവരെ തീരുമാനം എടുത്തിട്ടില്ല' -ഹർഭജൻ സിങ് പ്രതികരിച്ചു.
അടുത്തിടെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായി ഭാജി കൂടിക്കാഴ്ച നടത്തിയതുമുതൽ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. 'ഒട്ടേറെ സാധ്യതകൾ തുറന്നിടുന്ന ചിത്രം. തിളങ്ങുന്ന താരമായ ഭാജിക്കൊപ്പം' -ഹർഭജനൊപ്പം നിൽക്കുന്ന ചിത്രം സിദ്ദു സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
അതേസമയം, ഹർഭജൻ ബി.ജെ.പിയിലേക്ക് എന്ന വാർത്തകൾ പരന്നിരുന്നു. ഇതിനെ എതിർത്ത് താരം തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
രണ്ടുദിവസം മുമ്പാണ് ഹർഭജൻ സിങ് സജീവ ക്രിക്കറ്റിൽനിന്നും വിരമിച്ചത്. ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുകയാണെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് ട്വിറ്ററിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യക്കായി 103 ടെസ്റ്റുകളും 236 ഏകദിനങ്ങളും 20 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട് ഹർഭജൻ. 2011 ഏകദിന ലോകകപ്പും 2007 ട്വന്‍റി20 ലോകകപ്പും നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു. വർഷങ്ങളായി രാജ്യാന്തര ക്രിക്കറ്റിൽ ഉൾപ്പെടെ ഹർഭജൻ സജീവമായിരുന്നില്ല. അതേസമയം, ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി കഴിഞ്ഞ സീസൺ വരെ കളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.