വിരമിക്കാനൊരുങ്ങി ഹർഭജൻ; ഐ.പി.എല്ലിലെത്തുക പുതിയ വേഷത്തിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിങ് ഇതുവരെ കളി മതിയാക്കിയിട്ടില്ലെന്ന കാര്യം പലരും മറന്ന് പോവാറുണ്ട്. എന്നാൽ താരം ഉടൻ കളി മതിയാക്കി അടുത്ത സീസണിൽ സുപ്രധാന ടീമിന്‍റെ സപോർടിങ് സ്റ്റാഫിൽ അംഗമാവുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ സീസണിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായിരുന്ന ഹർഭജൻ ആദ്യ പാദത്തിൽ ഒന്ന് രണ്ട് മത്സരങ്ങൾ കളിച്ചിരുന്നു. എന്നാൽ യു.എ.ഇയിൽ നടന്ന രണ്ടാം പാദത്തിൽ വെറ്ററൻ താരത്തെ കെ.കെ.ആർ പുറത്തിരുത്തി.
അടുത്ത ആഴ്ച ഹർഭജൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരിശീലക സംഘത്തിൽ അംഗമാകാൻ വേണ്ടി ഒന്നുരണ്ട് ടീമുകൾ ഹർഭജനെ സമീപിച്ചതായാണ് വിവരം.
മുംബൈ ഇന്ത്യൻസ് താരമായിരുന്ന സമയത്ത് യുവതാരങ്ങളെ വളർത്തിക്കൊണ്ടു വരുന്ന കാര്യത്തിൽ ഹർഭജൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. കൊൽക്കത്തയുടെ വജ്രായുധമായി നിഗൂഢ സ്പിന്നർ വരുൺ ചക്രവർത്തിയെ വളർത്തിയെടുക്കുന്നതിൽ ഹർഭജൻ വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.
നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ താൻ ലീഗിലെ ബിഗ്ഹിറ്ററായി മാറുമെന്ന് ഭാജി പറഞ്ഞതായി കഴിഞ്ഞ ഐ.പി.എല്ലിന്‍റെ കണ്ടെത്തലായ വെങ്കിടേഷ് അയ്യർ വെളിപ്പെടുത്തിയിരുന്നു. അയ്യർ ഒരു ഐ.പി.എൽ മത്സരം പോലും കളിക്കുന്നതിന് മുമ്പായിരുന്നു ഭാജിയുടെ പ്രവചനം.
പതിമൂന്ന് സീസണുകളിലായി ഹർഭജൻ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർകിങ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ജഴ്സിയണിഞ്ഞിട്ടുണ്ട്. 163 മത്സരങ്ങളിൽ നിന്നായി 150 വിക്കറ്റുകളും വീഴ്ത്തി. 18ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഐ.പി.എല്ലിലെ ഏറ്റവും മികച്ച പ്രകടനം.
ഐ.പി.എല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ അന്തിമ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഹമ്മദാബാദ് ലഖ്നോ ഫ്രാഞ്ചൈസികൾ കൂടി എത്തിയതോടെ ഈ മാസം നടക്കുന്ന മെഗാ താരലേലം സംഭവബഹുലമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.