ഇത് ആത്മവിശ്വാസമല്ല അഹങ്കാരമാണ്, ജുറലും ബാറ്ററാണ്; ഹാർദിക്ക് എയറിൽ
text_fieldsഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടന്ന മൂന്നാം ട്വന്‍റി20യിൽ ഇന്ത്യ 26 റൺസിന് തോറ്റിരുന്നു. 172 റൺസ് പിന്തുടർന്ന ഇന്ത്യ 145ൽ എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യൻ ബാറ്റർമാരെല്ലാം പതറുന്ന കാഴ്ചയായിരുന്നു കണ്ടത്. ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 35 പന്തിൽ 40 റൺസെടുത്താണ് താരം പുറത്തായത്. മറ്റു താരങ്ങൾക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല.
ഇത്രയും പന്തുകൾ കളിച്ചിട്ടും ഇന്നിങ്സിലുടനീളം ഹർദിക്കിന് താളം കണ്ടെത്താൻ സാധിച്ചില്ല. താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിലെ ഒരു പറ്റം ഇന്ത്യൻ ആരാധകർ. ഇത്രയും പന്തുകൾ കളിച്ചിട്ടും ക്രീസിൽ നിലയുറപ്പിച്ച് മത്സരം ജയിപ്പിക്കാനാകാത്തതും വിക്കറ്റ് കീപ്പർ ബാറ്റർ ദ്രുവ് ജുറലിന്‍റെ സിംഗിൾ നിശേധിച്ചതുമാണ് താരത്തിന് വിനയായത്. റൺ നിഷേധിച്ച തൊട്ടടുത്ത പന്തിൽ ഹർദിക്ക് പുറത്തായി മടങ്ങുകയും ചെയ്തു. ജുറലും ബാറ്ററാണെന്നുള്ള കാര്യം ഹർദിക്ക് ഓർക്കുന്നത് നല്ലതായിരിക്കുമെന്നാണ് ആരാധകരുടെ വിമർശനം.
ഇന്ത്യൻ ഇന്നിങ്സിന്‍റെ 18ാം ഓവറിലെ അവസാന പന്തിലാണ് ഹർദിക്ക് റൺ നിഷേധിച്ചത്. സ്ക്വർ ലെഗിലേക്ക് കളിച്ച ദ്രുവ് ക്രീസ് വിട്ട് ഓട്ടം ആരംഭിച്ചിരുന്നു എന്നാൽ ഹർദിക്ക് തിരിച്ചയച്ചു. അടുത്ത ഓവറിലെ ആദ്യ പന്ത് മുതൽ തനിക്ക് സ്ട്രൈക്ക് ലഭിക്കാനാണ് താരം ഇങ്ങനെ ചെയ്തത്. ജെയ്മി ഓവർടണിന്‍റെ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ ലോങ് ഓഫിലേക്ക് സിക്സറിന് ശ്രമിച്ച ഹർദിക്കിന്‍റെ കണക്ക് കൂട്ടലുകൾ പാളി, ടൈമിങ് തെറ്റിയ ഷോട്ട് നേരെ ചെന്നെത്തിയത് അവിടെ ഫീൽഡ് ചെയ്യുകയായിരുന്നു ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലെറിന്‍റെ കയ്യിൽ.
ആത്മവിശ്വാസത്തിനപ്പുറം ഹർദിക്കിന്‍റെ അഹങ്കാരമാണ് ഇവിടെ കണ്ടതെന്നാണ് ഒരു ആരാധകൻ കമന്‍റ് ചെയ്യുന്നത്. താരത്തിന് അമിത ആത്മവിശ്വാസമാണെന്നും കമന്‍റ് ചെയ്യുന്നവരെയും കാണാം. ഓൾറൗണ്ടർമാരായ അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവർക്ക് ശേഷം എട്ടാമാനായാണ് ബാറ്ററായ ദ്രുവ് ജുറൽ ക്രീസിലെത്തിയത്. കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും വിമർശനമുണ്ട്.
അതേസമയം തോറ്റെങ്കിലും പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മുൻനിര ബാറ്റർമാർ വേഗത്തിൽ മടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. സഞ്ജു സാംസൺ (ആറു പന്തിൽ മൂന്ന്), അഭിഷേക് ശർമ (14 പന്തിൽ 24), നായകൻ സൂര്യകുമാർ യാദവ് (ഏഴു പന്തിൽ 14), തിലക് വർമ (14 പന്തിൽ 18), വാഷിങ്ടൺ സുന്ദർ (15 പന്തിൽ ആറ്), അക്‌സർ പട്ടേൽ (16 പന്തിൽ 15), ധ്രുവ് ജുറേൽ (നാലു പന്തിൽ രണ്ട്), മുഹമ്മദ് ഷമി (നാലു പന്തിൽ ഏഴ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. നാലു റൺസുമായി രവി ബിഷ്‌ണോയിയും ഒരു റണ്ണുമായി വരുൺ ചക്രവർത്തിയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജെയ്‌മി ഓവർടൻ മൂന്നു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചറും ബ്രൈഡൻ കാർസും രണ്ടു വിക്കറ്റ് വീതവും മാർക്ക് വുഡ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
അർധ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 28 പന്തിൽ രണ്ടു സിക്സും ഏഴു ഫോറുമടക്കം 51 റൺസെടുത്താണ് താരം പുറത്തായത്. 24 പന്തിൽ 43 റൺസെടുത്ത ലിയാം ലിവിങ്സറ്റണും മികവ് കാട്ടി. ഇന്ത്യക്കായി വരുൺ ചക്രവർത്തി അഞ്ച് വിക്കറ്റ് കൈവരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.