Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘നല്ല സമയവും മോശം...

‘നല്ല സമയവും മോശം സമയവും വരും, ഇതും കടന്നുപോകും’; ഐ.പി.എല്ലിലെ കൂവലിന് ഹാർദിക്കിന്‍റെ മറുപടി

text_fields
bookmark_border
hardik pandya
cancel
camera_alt

ഹാർദിക് പാണ്ഡ്യ (PTI Photo)

ന്യൂയോർക്ക്: ഇത്തവണത്തെ ഐ.പി.എൽ സീസണിൽ താൻ കഴിഞ്ഞുപോയ വിഷമഘട്ടത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഇന്ത്യൻ ടീമിന്‍റെ വൈസ് കാപ്റ്റൻ ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനം ഏറ്റെടുത്തതിനു പിന്നാലെ കാണികളിൽനിന്ന് നേരിടേണ്ടിവന്ന കൂവലും വിവിധ കോണുകളിൽനിന്ന് വിമർശനമേൽക്കേണ്ടിവന്നതും തനിക്ക് വലിയ മാനസിക സമ്മർദം സൃഷ്ടിച്ചതായി സ്റ്റാർ സ്പോർട്സിനു നൽകിയ അഭിമുഖത്തിൽ ഹാർദിക് പറഞ്ഞു. ജീവിതത്തിൽ നല്ല സമയവും മോശം സമയവും വരുമെന്നും തല ഉയർത്തി തന്നെയാണ് എല്ലാം അഭിമുഖീകരിക്കുന്നതെന്നും ഹാർദിക് പറഞ്ഞു.

“വിഷമം നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്. യുദ്ധത്തിൽ നമ്മൾ പിന്മാറാതെ നിൽക്കണമെന്ന വിശ്വാസമാണ് എന്നെ മുന്നോട്ടുനയിച്ചത്. ചില സമയങ്ങളിൽ നമുക്ക് മുന്നിൽ പ്രയാസമേറിയ സാഹചര്യങ്ങളുണ്ടാവും. കളിയും മൈതാനവും ഉപേക്ഷിച്ച് പോകുന്നത് നല്ല നിലപാടാവില്ലെന്നാണ് ഞാൻ കരുതുന്നത്. വിഷമഘട്ടത്തിൽ ഒളിച്ചോടാതെ കഠിനാധ്വാനം ചെയ്യാനാണ് ശ്രമിച്ചത്. മുൻപ് ചെയ്തിരുന്നതെന്തോ, അത് തുടരാനാണ് ആ സമയത്തൊക്കെയും ശ്രദ്ധിച്ചത്.

ഇത്തരം സാഹചര്യങ്ങളിലൂടെ മുൻപും പലതവണ കടന്നുപോയിട്ടുള്ള ആളാണ് ഞാൻ. ജീവിതത്തിൽ നല്ല സമയവും മോശം സമയവും വരും. ഇതും കടന്നുപോകും. തല ഉയർത്തി തന്നെയാണ് എല്ലാം അഭിമുഖീകരിക്കുന്നത്. ജയിക്കുമെന്ന് ഉറപ്പു നൽകാനായില്ലെങ്കിലും അതിനുള്ള അവസരം വിനിയോഗിക്കുക എന്നതാണ് എന്‍റെ രീതി. എങ്ങനെ സ്വയം മെച്ചപ്പെടുത്താം എന്നതിലാണ് ഞാൻ ശ്രദ്ധിക്കുന്നത്. കഠിനാധ്വാനത്തിലൂടെയാണ് എനിക്കു മുന്നിൽ അവസരങ്ങളുടെ വാതിൽ തുറക്കപ്പെട്ടത്” -ഹാർദിക് പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ ഹാർദിക് ഐ.പി.എല്ലിലൂടെയാണ് തിരിച്ചുവന്നത്. രോഹിത് ശർമയെ മാറ്റി ഹാർദിക്കിനെ ടീമിന്‍റെ കാപ്റ്റനാക്കിയതോടെ വലിയ ആരാധക രോഷമാണ് താരത്തിന് നേരിടേണ്ടിവന്നത്. ടൂർണമെന്‍റിൽനിന്ന് മുംബൈ ഏറ്റവുമാദ്യം പുറത്തായതോടെ ഹാർദിക്കിനെതിരായ വിമർശനം വീണ്ടും രൂക്ഷമായി. താരത്തിനു കീഴിൽ ടീമിന് ഒത്തൊരുമയില്ലെന്നും ഇത് മുംബൈ ഇന്ത്യൻസിന്‍റെ മോശം പ്രകടനത്തിന് ഇടയാക്കിയെന്നും ഒരുവിഭാഗം ആരാധകർ ആരോപിച്ചു.

സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഹാർദിക്കിന് കഴിഞ്ഞിരുന്നില്ല. 14 മത്സരങ്ങളിൽ 16 റൺസ് ശരാശരിയിൽ 216 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. 10.75 ഇക്കോണമിയിൽ ബോൾ ചെയ്ത ഹാർദിക് 11 വിക്കറ്റുകളും വീഴ്ത്തി. അതേസമയം, ട്വന്‍റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 24 പന്തിൽ 43 റൺസ് നേടാൻ ഹാർദിക്കിനായി. മത്സരത്തിൽ 60 റൺസിനാണ് ഇന്ത്യ ജയിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ബുധനാഴ്ച അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hardik PandyaMumbai IndianIPL 2024T20 World Cup 2024
News Summary - Hardik Pandya Breaks Silence On Boos & Backlash From Fans During IPL
Next Story