ട്വന്‍റി20 ലോകകപ്പിൽ ഒരോവറിൽ ആറു സിക്സുകൾ നേടും! ഹാർദിക്കിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ
text_fieldsമുംബൈ: ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങി വരവിൽ ഹാർദിക് പാണ്ഡ്യക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും താരത്തിന്‍റെ പ്രകടനം നിരാശ നൽകുന്നതാണ്.
ട്വന്‍റി20 ലോകകപ്പ് ടീമിലെ താരത്തിന്‍റെ സാന്നിധ്യംപോലും സംശയത്തിലാണ്. വരുംദിവസങ്ങളിൽതന്നെ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കും. ഇതിനിടെയാണ് ഹാർദിക്കിനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ് രംഗത്തെത്തിയത്. ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിൽ താരം ഒരോവറിൽ ആറു സിക്സുകൾ നേടുമെന്ന് യുവരാജ് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) സംഘടിപ്പിച്ച അഭിമുഖത്തിൽ ലോകകപ്പിൽ ആറു പന്തിൽ ആറു സിക്സുകൾ നേടാൻ സാധ്യതയുള്ള താരത്തിന്‍റെ പേര് ചോദിച്ചപ്പോഴാണ് യുവരാജ് ഹാർദിക്കിനെ പിന്തുണച്ചത്.
2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിൽ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിന്‍റെ ഓരോവറിൽ യുവരാജ് ആറു സിക്സുകൾ നേടിയിരുന്നു. വെടിക്കെട്ട് ബാറ്റർമാരായ രോഹിത് ശർമ, സൂര്യകുമാർ യാദവ് എന്നിവരെ തഴഞ്ഞാണ് യുവരാജ് ഹാർദിക്കിന്‍റെ പേര് പറഞ്ഞത്. പേസ് ഓൾ റൗണ്ടർമാരായി ഹാർദിക്ക്, ശിവം ദുബെ എന്നിവരിൽ ഒരാളെയാകും ലോകകപ്പ് സ്ക്വാഡിലേക്ക് പരിഗണിക്കുക എന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, മധ്യനിരയിൽ തകർത്തടിക്കാൻ ഇരുവരും ടീമിലുണ്ടാകണമെന്നാണ് യുവരാജിന്‍റെ നിലപാട്.
‘ശിവം ദുബെയെയും ടീമിൽ ഉൾപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. ഐ.പി.എല്ലിൽ മികച്ച ബാറ്റിങ്ങാണ് പുറത്തെടുക്കുന്നത്, മാത്രമല്ല മത്സരത്തിന്‍റെ ഗതി തന്നെ മാറ്റാൻ കെൽപുള്ള താരവുമാണ്’ -യുവരാജ് പറഞ്ഞു. ജൂണിൽ യു.എസിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്. ജൂൺ അഞ്ചിന് ന്യൂയോർക്കിൽ അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.