ലോകകപ്പിനു പിന്നാലെ റാങ്കിങ്ങിലും മുന്നേറ്റം; ഹാർദിക് ഒന്നാം നമ്പർ ഓൾറൗണ്ടർ
text_fieldsമുംബൈ: 11 വർഷത്തെ ഐ.സി.സി കിരീട വരൾച്ചക്കു വിരാമമിട്ടാണ് ടീം ഇന്ത്യ ഇത്തവണ ട്വന്‍റി20 ലോകകിരീടമുയർത്തിയത്. ടൂർണമെന്റിൽ വ്യക്തിഗത പ്രകടനത്തിനു മുകളിൽ ടീമിന്‍റെ ഒത്തൊരുമയാണ് ഇന്ത്യക്ക് വിജയക്കുതിപ്പു നൽകിയത്. ഫൈനലിനു ശേഷം വന്ന ഐ.സി.സി റാങ്കിങ്ങിലും മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യയുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ട്വന്‍റി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഒന്നാമനായിരിക്കുകയാണ് ഹാർദിക്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമാണ് ഹാർദിക്.
ശ്രീലങ്കയുടെ വാനിന്ദു ഹസരംഗ, ആസ്ട്രേലിയയുടെ മാകർകസ് സ്റ്റോയിനിസ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ലോകകപ്പ് ഫൈനലിൽ ഡേവിഡ് മില്ലറെയും ഹെന്‍റിച് ക്ലാസനെയും ഹാർദിക് പുറത്താക്കിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പരിക്കേറ്റ് പുറത്തായ ഹാർദിക് പിന്നീട് രാജ്യാന്തര മത്സരം കളിച്ചത് ട്വന്‍റി20 ലോകകപ്പിലാണ്. ടൂർണമെന്റിൽ 144 റൺസ് നേടിയ ഹാർദിക് 11 വിക്കറ്റുകളും പിഴുതു.
ഇടക്ക് ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ കാപ്റ്റനായും ഹാർദിക് കളത്തിലെത്തി. രോഹിത്തിനെ മാറ്റി നായക സ്ഥാനത്ത് അവരോധിതനായതോടെ വലിയ സമ്മർദം നേരിട്ടതായി ഹാർദിക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ആരാധകരും കാണികളും പലപ്പോഴും കൂകിവിളിച്ചത് ടൂർണമെന്റിൽ ടീമിന്‍റെ പ്രകടനത്തെ ബാധിച്ചതോടെ, പ്ലേഓഫ് കാണാതെ പുറത്താകുകയും ചെയ്തു.
ടീം റാങ്കിങ്ങിൽ ഏകദിനത്തിലും ട്വന്‍റി20യിലും ഇന്ത്യയാണ് ഒന്നാമത്. ടി20 ബാറ്റിങ്ങിൽ രണ്ടാമതുള്ള സൂര്യകുമാർ യാദവ് മാത്രമാണ് ആദ്യ അഞ്ചിലുള്ള ഇന്ത്യൻ താരം. ബൗളർമാരിൽ അക്ഷർ പട്ടേൽ (7), കുൽദീപ് യാദവ് (9) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യൻ താരങ്ങൾ. സിംബാബ്വെക്കെതിരെയാണ് ടീം ഇന്ത്യയുടെ അടുത്ത ടൂർണമെന്റ്. ജൂലൈ ആറിന് ആരംഭിക്കുന്ന പരമ്പരയിൽ അഞ്ച് ട്വന്‍റി20 മത്സരങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.