ദേവ്ദത്തിനെ പുറത്താക്കി ബ്രേക് ത്രൂ നൽകി വിഘ്നേഷ്; പിന്നീട് അവസരം നൽകാതെ ഹാർദിക്
text_fieldsവിഘ്നേഷ് പുത്തൂർ
മുംബൈ: ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ മലയാളി സ്പിന്നർ വിഘ്നേഷ് പുത്തൂരിന് ഒരോവർ മാത്രം പന്തെറിയാൻ നൽകിയതിൽ ക്യാപ്റ്റൻ ഹാർദിക്കിനു നേരെ ആരാധക രോഷമുയരുന്നു. വിരാട് കോഹ്ലി -ദേവ്ദത്ത് പടിക്കൽ സഖ്യം നിലയുറപ്പിച്ച് കളിക്കുന്നതിനിടെ, ഒമ്പതാം ഓവറാണ് വിഘ്നേഷിന് എറിയാൻ ലഭിച്ചത്. ഈ ഓവറിലെ അവസാന പന്തിൽ ദേവ്ദത്തിനെ പുറത്താക്കി പാർട്നർഷിപ് തകർത്തിട്ടും പിന്നീടൊരവസരം താരത്തിന് നൽകാൻ ഹാർദിക് തയാറായില്ല.
വിഘ്നേഷിന്‍റെ ഓവറിലെ ആദ്യ പന്തിൽ ദേവ്ദത്ത് സിംഗ്ളെടുത്തു. പിന്നാലെ കോഹ്‌ലിയും. മൂന്നാം പന്തിൽ ദേവ്ദത്ത് വീണ്ടും സ്ട്രൈക് കൈമാറി. നാലാം പന്ത് സിക്സറിന് പറത്തിയാണ് കോഹ്‌ലി അർധ ശതകം തികച്ചത്. വീണ്ടും സിംഗ്ൾ. ആറാം പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച ദേവ്ദത്തിന് പിഴച്ചു. വിൽ ജാക്സിന് ക്യാച്ച്. പിന്നീട് വിഘ്നേഷിന് അവസരം ലഭിച്ചില്ല. ഒരു ഓവറിൽ 10 റൺസ് വഴങ്ങിയാണ് താരം നാലാം മത്സരത്തിലും വിക്കറ്റ് വീഴ്ത്തിയത്. മുംബൈ ഇന്നിങ്സിലേക്ക് 91 റൺസ് ചേർത്ത കൂട്ടുകെട്ടാണ് വിഘ്നേഷ് പൊളിച്ചത്.
റോയൽ ചാലഞ്ചേഴ്സ് ബാറ്റിങ് തീരുംമുമ്പേ വിഘ്നേഷിനെ പിൻവലിച്ച മുംബൈ, ഇംപാക്ട് സബ്ബായി രോഹിത് ശർമയെ ഗ്രൗണ്ടിലിറക്കുകയും ചെയ്തു. നാലോവറുകൾ വീതം പന്തെറിഞ്ഞ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ട്രെന്റ് ബോൾട്ട്, മിച്ചൽ സാന്റ്നർ എന്നിവർ തല്ലു വാങ്ങിക്കൂട്ടിയിട്ടും വിഘ്നേഷിന് രണ്ടാം ഓവർ നൽകാൻ മുംബൈ തയാറായില്ല. ബോൾട്ട് 57ഉം പാണ്ഡ്യ 45ഉം സാന്റ്നർ 40ഉം റൺസാണ് വഴങ്ങിയത്. മുംബൈ ഇന്ത്യൻസിനായി വിഘ്നേഷ് ഇതുവരെ ആറു വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. നേരത്തെ അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റ് നേടിയ താരത്തെ രണ്ടാം മത്സരത്തിന് പരിഗണിക്കാതിരുന്നതും ചർച്ചയായിരുന്നു.
വിഘ്നേഷ് Vs ദേവ്ദത്ത്; ഒരു മലപ്പുറം വിക്കറ്റ്
മുംബൈ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ ഒമ്പതാം ഓവർ എറിയാൻ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ വിളിച്ചത് ഇംപാക്റ്റ് പ്ലെയറായെത്തിയ സ്പിന്നർ വിഘ്നേഷ് പുത്തൂരിനെ. സ്ട്രൈകിങ് എൻഡിൽ ദേവ്ദത്ത് പടിക്കലും നോൺ സ്ട്രൈകിങ് എൻഡിൽ വിരാട് കോഹ്‌ലിയും. ദേവ്ദത്തിനെ വിഘ്നേഷ് പന്തെറിയുമ്പോൾ രണ്ട് മലയാളികൾ മുഖാമുഖമെത്തിയത് അപൂർവ കാഴ്ചയായി. മലപ്പുറം ജില്ലക്കാരാണ് ഇരുവരും. പെരിന്തൽമണ്ണ സ്വദേശിയാണ് വിഘ്നേഷ്. ദേവ്ദത്തിന്റെ നാട് എടപ്പാളും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.