'മാൻ ഓഫ് ദി സീരീസ്' നടരാജന് കൈമാറി പാണ്ഡ്യ; കിരീടം കൈമാറി കോഹ്ലിയും
text_fieldsസിഡ്നി: ട്വൻറി 20 പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം ടി.നടരാജനെ സ്നേഹത്തിൽ മുക്കി സഹതാരങ്ങൾ. ട്വൻറി 20 സീരീസ് അവസാനിച്ചതിന് പിന്നാലെ തനിക്ക് ലഭിച്ച മാൻ ഓഫ് ദി സീരീസ് കിരീടം ഹാർദിക് പാണ്ഡ്യ നടരാജന് കൈമാറി. ചാമ്പ്യൻമാരായ ഇന്ത്യ ഫോട്ടോക്ക് പോസ് ചെയ്തപ്പോൾ ടി.നടരാജനാണ് കോഹ്ലിക്ക് പകരം പരമ്പര കിരീടം പിടിച്ചത്.
ഈ സീരീസിലുടനീളം നടരാജൻ അവിസ്മരണീയമായിരുന്നെന്നും എന്നേക്കാൾ മാൻ ഓഫ് ദി സീരീസ് അർഹിക്കുന്നുവെന്നും ഹാർദിക് പാണ്ഡ്യ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനത്തിലെ കണ്ടെത്തലായാണ് ടി.നടരാജെൻറ പ്രകടനത്തെ വിലയിരുത്തുന്നത്. ടീം പ്രഖ്യാപിച്ചപ്പോൾ ആദ്യ ഇലവനിൽ ഉൾപ്പെടുത്താതിരുന്ന ടി.നടരാജനെ നെറ്റ് ബൗളറായാണ് അവസാനം ടീമിൽ ഉൾപ്പെടുത്തിയത്.
അവസാന ഏകദിനത്തിൽ കളത്തിലിറങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജൻ ട്വൻറി 20യിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ട്വൻറി 20യിൽ മൂന്നുവിക്കറ്റെടുത്ത നടരാജൻ രണ്ടാം ട്വൻറി 20യിൽ 20 റൺസിന് രണ്ട് വിക്കറ്റെടുത്തിരുന്നു. അവസാന മത്സരത്തിൽ 33 റൺസിന് ഒരു വിക്കറ്റായിരുന്നു നടരാജെൻറ സമ്പാദ്യം. മറ്റു പേസർമാരെല്ലാം തല്ലുകൊണ്ടപ്പോഴും പവർേപ്ലയിലും ഡെത്ത് ഓവറിലുമടക്കം പെന്തറിഞ്ഞിട്ടും തല്ലുവഴങ്ങാതിരുന്ന നടരാജെൻറ പ്രകടനം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
ചെന്നൈയില്‍ നിന്നും ഏകദേശം 340 കി.മി അകലെയുള്ള ചിന്നപ്പാംപാട്ടിയിലെ ദരിദ്ര കുടുംബത്തിലായിരുന്നു നടരാജൻെറ ജനനം. കൂലിപ്പണിക്കാരനായ സേലത്തുകാരൻെറയും സാരി കമ്പനിയിൽ ജോലിക്കാരിയായ ചിന്നപ്പാംപാട്ടി സ്വദേശിയുടെയും മൂത്ത മകനായാണ് നടരാജെൻറ ജനനം. ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചാണ് തുടക്കം. 20 വയസുവരെ ആ പന്തു മാത്രമാണ് എറിയാൻ കിട്ടിയത്. 2011ൽ തമിഴ്നാട് ലീഗിലെ നാലാം ഡിവിഷനിൽ കളിക്കാൻ അവസരം ലഭിച്ചു. അവിടുന്നാണ് നടരാജൻെറ കരിയറിലെ ടേണിങ് പോയൻറ്. തമിഴ്നാട് പ്രീമിയർ ലീഗിലെയും ഐ.പി.എല്ലിലെയും മിന്നും പ്രകടനങ്ങളാണ് നടരാജന് ഇന്ത്യൻ ടീമിലിടം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.