നാടകീയതകൾക്കൊടുവിൽ ഹാർദിക് പാണ്ഡ്യ മുംബൈയിൽ
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യൻസിന് കൈമാറി. 15 കോടി രൂപ നൽകിയാണ് 30കാരനെ മുംബൈ തിരിച്ചുപിടിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഓരോ ഫ്രാഞ്ചൈസിയും വിട്ടുനൽകുന്ന താരങ്ങളുടെയും വാങ്ങുന്നവരുടെയും വിവരങ്ങൾ ഞായറാഴ്ച അറിയിക്കാൻ ബി.സി.സി.ഐ നിർദേശിച്ചിരുന്നു. ഡെഡ് ലൈൻ കഴിഞ്ഞ ശേഷം പാണ്ഡ്യയെ നിലനിർത്താൻ ഗുജറാത്ത് തീരുമാനിച്ചതായ റിപ്പോർട്ടുകളും പുറത്തുവന്നു. നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിലും പാണ്ഡ്യ ഉണ്ടായിരുന്നു. എന്നാൽ, നാടകീയതകൾക്കൊടുവിൽ താരത്തെ കൈമാറാൻ ധാരണയാവുകയായിരുന്നു. ഐ.പി.എൽ താരലേലം നടക്കുന്ന ഡിസംബർ 19ന് ഏഴ് ദിവസം മുമ്പ് വരെ താരങ്ങളെ കൈമാറാൻ അവസരമുള്ളതിനാൽ പാണ്ഡ്യക്ക് മുംബൈക്കൊപ്പം ചേരാനാവും.
ഏഴു സീസണിൽ മുംബൈക്കൊപ്പം കളിച്ച താരം ഗുജറാത്ത് ടൈറ്റൻസിലേക്ക് മാറുകയും അരങ്ങേറ്റ സീസണിൽ തന്നെ ടീമിന് കിരീടം സമ്മാനിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു.
അതേസമയം, രാജസ്ഥാൻ റോയൽസ് സഞ്ജു സാംസണിന്റെ നേതൃത്വത്തിൽതന്നെ ഇറങ്ങും. എന്നാൽ, മറ്റു മൂന്ന് മലയാളി താരങ്ങളെയും രാജസ്ഥാൻ കൈവിട്ടു. മധ്യനിര ബാറ്റർ ദേവ്ദത്ത് പടിക്കലിനെ നൽകി ലഖ്നോ സൂപ്പർ ജയന്റ്സിൽ ആവേഷ് ഖാനെ വാങ്ങിയ രാജസ്ഥാൻ, ഓൾ റൗണ്ടർ അബ്ദുൽ ബാസിത്തിനെയും പേസർ കെ.എം. ആസിഫിനെയും റിലീസ് ചെയ്തു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് നിലനിർത്തി.
ജോ റൂട്ടിനെ രാജസ്ഥാനും ബെൻ സ്റ്റോക്സിനെ ചെന്നൈ സൂപ്പർ കിങ്സും ഷാകിബ് അൽ ഹസനെയും ലിറ്റൺ ദാസിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ആദിൽ റാഷിദിനെ സൺറൈസേഴ്സ് ഹൈദരാബാദും ജയദേവ് ഉനദ്കട്ടിനെ ലഖ്നോയും വാനിന്ദു ഹസരംഗയെയും ജോഷ് ഹേസിൽവുഡിനെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും വിട്ടയച്ചു. ഇംഗ്ലീഷ് താരങ്ങളായ റൂട്ടും സ്റ്റോക്സും ഇക്കുറി ഐ.പി.എല്ലിനില്ലെന്ന് അറിയിച്ചിട്ടുണ്ട്.
ഹൈദരാബാദ് മായങ്ക് ദാഗർ റോയലിന ചലഞ്ചേഴ്സിന് നൽകി ഷഹബാസ് അഹമ്മദിനെ സ്വന്തമാക്കി. ലഖ്നോയിൽനിന്ന് റൊമാരിയോ ഷെപ്പേർഡ് മുംബൈ ഇന്ത്യൻസിലുമെത്തി. ചെന്നൈയെ എം.എസ്. ധോണിതന്നെ നയിക്കും. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഋഷഭ് പന്തിനെ ഡൽഹി കാപിറ്റൽസ് നിലനിർത്തി. പത്ത് ടീമുകളിലേക്കുമുള്ള ഇത്തവണത്തെ താരലേലം ഡിസംബർ 19ന് ദുബൈയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.