ഹർദിക് പാണ്ഡ്യ അഹ്മദാബാദ് നായകൻ; കെ.എൽ രാഹുൽ ലഖ്നോയെ നയിക്കും
text_fieldsന്യൂഡൽഹി: ഐ.പി.എൽ 2022 മെഗാതാരലേലത്തിന് മുന്നോടിയായി പുതിയ രണ്ട് ടീമുകളും നായകൻമാരെ പ്രഖ്യാപിച്ചു. ഹർദിക് പാണ്ഡ്യയെ അഹ്മദാബാദ് ഫ്രാഞ്ചൈസി നായകനായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ ലിമിറ്റഡ് ഓവർ ഉപനായകൻ കെ.എൽ. രാഹുലിനെ ലഖ്നോ ടീം കപ്പിത്താനായി നിയമിച്ചു.
അഫ്ഗാൻ താരം റാശിദ് ഖാനും ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗില്ലുമാണ് അഹ്മദാബാദ് ലേലത്തിന് മുന്നോടിയായി ടീമിലെത്തിച്ച മറ്റ് രണ്ടുതാരങ്ങൾ. കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് ഹർദികിനെ റിലീസ് ചെയ്തിരുന്നു. അരങ്ങേറ്റ കാലം തൊട്ട് മുംബൈ നിരയിലെ സുപ്രധാന കളിക്കാരനായിരുന്നു ഹർദിക്.
ട്വന്റി20 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ പുറത്തായ ഹർദികിന് ഇന്ത്യൻ ടീമിൽ മടങ്ങിയെത്താനുള്ള സുവർണാവസരമായി ഇത് വിനിയോഗിക്കാൻ സാധിക്കും. ഹർദികിനും റാശിദ് ഖാനും അഹ്മദാബാദ് 15 കോടി രൂപ വീതമാണ് മുടക്കിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് താരമായിരുന്ന ശുഭ്മാൻ ഗില്ലിന് എട്ട്കോടി രൂപ നൽകണം.
അഹ്മദാബാദ് താരങ്ങളുടെ ഐ.പി.എല്ലിലെ പ്രകടനം
ഹർദിക് പാണ്ഡ്യ
മത്സരം: 92, റൺസ്: 1476, സ്ട്രൈക്ക്റേറ്റ്: 153.91, വിക്കറ്റ്: 42, എക്കോണമി: 9.06
റാശിദ് ഖാൻ
മത്സരം: 76, വിക്കറ്റ്: 93, എക്കോണമി: 6.33
ശുഭ്മാൻ ഗിൽ
മത്സരം: 58, റൺസ്: 1417, സ്ട്രൈക്ക്റേറ്റ്: 123
രാഹുലിനെ കൂടാതെ ഓസീസ് ഓൾറൗണ്ടർ മാർകസ് സ്റ്റോയ്നിസിനെയും ഇന്ത്യൻ യുവതാരം രവി ബിഷ്നോയ് യെയുമാണ് ലഖ്നോ സ്വന്തം പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സ് നായകനായിരുന്ന രാഹുലിന് ടീമിനെ നോക്കൗട്ട് റൗണ്ടിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം ടോപ്ഓർഡറിൽ ടീമിന്റെ റൺമെഷീനായി പ്രവർത്തിച്ചത് കർണാടകക്കാരനായിരുന്നു. പഞ്ചാബ് രാഹുലിനെ നിലനിർത്താൻ തയാറായിരുന്നെങ്കിലും താരം ഓഫർ സ്വീകരിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 17കോടി രൂപയാണ് രാഹുലിന്റെ പ്രതിഫലം. സ്റ്റോയിനിസിനെ 9.2കോടി രൂപക്കും ബിഷ്നോയ് യെ നാലുകോടി രൂപക്കുമാണ് സ്വന്തമാക്കിയത്.
ലഖ്നോ താരങ്ങളുടെ ഐ.പി.എല്ലിലെ പ്രകടനം
കെ.എൽ. രാഹുൽ
മത്സരം: 94, റൺസ്: 3273, സ്ട്രൈക്ക്റേറ്റ്: 136.38
മാർകസ് സ്റ്റോയ്നിസ്
മത്സരം: 56, റൺസ്: 914, സ്ട്രൈക്ക്റേറ്റ്: 135.81, വിക്കറ്റ്: 30, എക്കോണമി: 9.5
രവി ബിഷ്നോയ്
മത്സരം: 23, വിക്കറ്റ്: 24, എക്കോണമി: 6.97
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.