ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരെയും കളിക്കാനിടയില്ല; ടീമിൽ പരീക്ഷണങ്ങൾക്ക് സാധ്യത
text_fieldsലഖ്നോ: പരിക്കേറ്റ ഇന്ത്യൻ ഉപനായകനും ആൾറൗണ്ടറുമായ ഹാർദിക് പാണ്ഡ്യ അടുത്ത മത്സരത്തിലും വിട്ടുനിന്നേക്കും. പരിക്ക് ഗുരുതരമല്ലെങ്കിലും മുൻകരുതൽ എന്ന നിലക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാണ്ഡ്യക്ക് വിശ്രമം നൽകാനാണ് ടീം മാനേജ്െമന്റ് തീരുമാനമെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് പാണ്ഡ്യയുടെ ഇടത് കണങ്കാലിന് പരിക്കേറ്റത്. തുടർന്ന് ന്യൂസിലൻഡിനെതിരായ മത്സരത്തിലും പാണ്ഡ്യക്ക് കളിക്കാനായിരുന്നില്ല. ലഖ്നോവിൽ അടുത്ത ഞായറാഴ്ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം.
കളിച്ച അഞ്ചു മത്സരങ്ങളിൽ അഞ്ചും ജയിച്ച ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം ഏറെകുറേ ഉറപ്പാണ്. നോക്കൗട്ട് റൗണ്ട് വരെ വലിയ വെല്ലുവിളികൾ ഇല്ല എന്നതിനാൽ ഈ ഘട്ടത്തിൽ പാണ്ഡ്യയെ കളിപ്പിക്കുന്നതിനോട് മാനേജ്മെന്റ് താൽപര്യം പ്രകടിപ്പിക്കുന്നില്ല എന്നാണ് റിപ്പോർട്ട്. പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്താൽ നോക്കൗട്ട് റൗണ്ടിൽ താരത്തെ ഉപയോഗപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ടീമിൽ വരുത്തിയ രണ്ടുമാറ്റങ്ങൾ വലിയ വിജയമായിരുന്നു. പരിക്കേറ്റ ഹാർദിക് പാണ്ഡ്യയെയും ഫോമിലല്ലാത്ത ഷാർദുൽ ഠാക്കൂറിനെയും പുറത്തിരുത്തി സൂര്യകുമാർ യാദവിനെയും പേസർ മുഹമ്മദ് ഷമിയെയുമാണ് ന്യൂസിലൻഡിനെതിരെ കളിത്തിലിറക്കിയത്. ആദ്യ പന്തിലെ വിക്കറ്റുൾപ്പെടെ മുഹമ്മദ് ഷമി അഞ്ചുവിക്കറ്റുകളാണ് കീവീസിനെതിരെ നേടിയത്.
ഹാർദിക് പാണ്ഡ്യ പരിക്ക് മാറി മടങ്ങിയെത്തിയാലും മിന്നും ഫോമിലുള്ള ഷമിയെ മാറ്റാനുള്ള സാധ്യത കുറവാണ്. ഫോമിലല്ലാത്ത ഷാർദുൽ താക്കൂറിന് പകരം സൂര്യകുമാർ യാദവിനെ തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരായ അടുത്ത മത്സരത്തിൽ പരീക്ഷിക്കുക.
പേസർമാർക്ക് അനുകൂലമായ പിച്ചാണെങ്കിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിലിറക്കിയ ടീമിനെ തന്നെയായിരിക്കും ടീം ഇന്ത്യ ഇറക്കുക. സ്പിന്നിനെ തുണക്കുന്ന വിക്കറ്റാണെങ്കിൽ ആർ.അശ്വിനെ പരീക്ഷിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ വരുമ്പോൾ മൂന്ന് പേസർമാരിൽ മുഹമ്മദ് സിറാജിനെ പുറത്തിരുത്തേണ്ടി വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.