രോഹിതിന്റെ ക്യാപ്റ്റൻ പട്ടം തെറിക്കും? ഏകദിനത്തിലും ട്വന്റി20യിലും ഹാർദിക് പകരക്കാരൻ
text_fieldsപരിക്കു കാരണം പലപ്പോഴായി പുറത്തിരിക്കേണ്ടിവന്ന രോഹിത് ശർമയുടെ നായക പദവി നഷ്ടപ്പെടുമെന്ന് സൂചന. ഏകദിനത്തിലും ട്വന്റി20യിലും പിൻഗാമിയായി ഹാർദിക് പാണ്ഡ്യ എത്തുമെന്നാണ് സുചന. ജനുവരി മൂന്നിന് മുംബൈയിൽ തുടക്കംകുറിക്കുന്ന ശ്രീലങ്ക പരമ്പരക്കുള്ള ടീമിന്റെ ക്യാപ്റ്റനായി ഹാർദികിന് അടുത്ത ദിവസം ചുമതല നൽകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പരമ്പരയിലെ രണ്ടും മൂന്നും മത്സരങ്ങൾ പുണെയിലും രാജ്കോട്ടിലുമാണ് നടക്കുക.
ട്വന്റി20 ലോകകപ്പ് സെമിയിൽ ടീം ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതോടെ കുട്ടിക്രിക്കറ്റിൽ തലമാറ്റം ഉറപ്പായിരുന്നു. പുതിയ സെലക്ഷൻ കമ്മിറ്റി ചുമതലയേൽക്കുന്ന മുറക്കാകും പുതിയ നായകനുമെത്തുകയെന്നായിരുന്നു റിപ്പോർട്ട്.
കൈവിരലിന് പരിക്കേറ്റ് പുറത്തിരിക്കുന്ന രോഹിത് ശ്രീലങ്കൻ പരമ്പരക്കുള്ള ടീമിൽ ഇറങ്ങുമോയെന്ന് വ്യക്തമല്ല. വിശ്രമത്തിലുള്ള താരം അതിവേഗം ഫിറ്റ്നസ് വീണ്ടെടുത്ത് ഹോംഗ്രൗണ്ടിൽ ഇറങ്ങാനുള്ള ശ്രമത്തിലാണ്.
അതേ സമയം, ഐ.പി.എൽ അരങ്ങേറ്റത്തിൽ ഗുജറാത്തിനെ കിരീടത്തിലേക്ക് നയിച്ച ഹാർദിക് ദേശീയ പരിശീലക വേഷത്തിലും തിളങ്ങുമെന്ന് ബി.സി.സി.ഐ കരുതുന്നു. സമ്മർദം താങ്ങുന്നതിനൊപ്പം പ്രകടനമികവ് നിലനിർത്തുന്നതിലും കാണിക്കുന്ന മിടുക്ക് ആണ് ഹാർദികിന്റെ വലിയ നേട്ടം. വിഷയം ഹാർദികുമായി സംസാരിച്ചിട്ടുണ്ടെന്നും പ്രതികരിക്കാൻ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അധികാരകൈമാറ്റം നടന്നാൽ, രോഹിതിന് ടെസ്റ്റിൽ മാത്രമാകും നായകത്വം.
2022ൽ രോഹിതിനു കീഴിൽ ഇന്ത്യ കാര്യമായ നേട്ടങ്ങളുണ്ടാക്കിയിട്ടില്ല. ഏഷ്യകപ്പിൽ കലാശപ്പോരു കാണാതെ മടങ്ങിയ ടീം ഇന്ത്യ ട്വൻറി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനു മുന്നിൽ 10 വിക്കറ്റ് തോൽവിയുമായി നാണംകെട്ടു. ഐ.പി.എല്ലിൽ രോഹിത് നയിച്ച മുംബൈ ഇന്ത്യൻസാകട്ടെ, 10 ടീമുകളടങ്ങിയ പട്ടികയിൽ നാലു ജയങ്ങൾ മാത്രം സ്വന്തമാക്കി അവസാനക്കാരായി. വ്യക്തിഗത പ്രകടനവും താരതമ്യേന മോശമായിരുന്നു. കലണ്ടർ വർഷത്തിൽ ടെസ്റ്റ്, ഏകദിന, ട്വന്റി മത്സരങ്ങളിലായി മൊത്തം 995 റൺസാണ് സമ്പാദ്യം. 2012നു ശേഷം ക്രിക്കറ്റ് സജീവമല്ലാതിരുന്ന 2020ലൊഴികെ ആദ്യമായാണ് 1,000 റൺസിനു താഴെയെത്തുന്നത്. കഴിഞ്ഞ വർഷം ഒരു സെഞ്ച്വറി പോലും താരത്തിന്റെ ബാറ്റിൽനിന്ന് പിറന്നില്ല. അതും 2012നു ശേഷം ആദ്യമായി. കഴിഞ്ഞ ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ കുറിച്ച 76 റൺസാണ് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. 39 കളികളിൽ ആറ് അർധ സെഞ്ച്വറികൾ കുറിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.