സോമനാഥ ക്ഷേത്രത്തിൽ പ്രാർഥനയും പൂജയുമായി ഹാർദിക് പാണ്ഡ്യ
text_fieldsഅഹ്മദാബാദ്: ഐ.പി.എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ മുംബൈ ഇന്ത്യൻസിന്റെ നായകൻ ഹാർദിക് പാണ്ഡ്യ ഗുജറാത്തിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രത്തിൽ പ്രാർഥനക്കെത്തി. പരമ്പരാഗത വസ്ത്രം ധരിച്ച് പാണ്ഡ്യ പൂജ ചെയ്യുന്നതിന്റെയും പ്രാർഥന നടത്തുന്നതിന്റെയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. ശിവ ഭഗവാന് സമർപ്പിക്കപ്പെട്ട ക്ഷേത്രം ഹൈന്ദവ വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രങ്ങളിൽ ഒന്നാണ്.
ഐ.പി.എല്ലിൽ അഞ്ചുതവണ മുംബൈ ഇന്ത്യൻസിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമയെ മാറ്റി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് കൊണ്ടുവന്ന ഹാർദിക് പാണ്ഡ്യയെ നായകനാക്കിയ നടപടിയോട് ആരാധകർക്കുള്ള രോഷം ഇതുവരെ തീർന്നിട്ടില്ല. ആദ്യ മൂന്നു മത്സരങ്ങളിലും തോൽക്കുക കൂടി ചെയ്തതോടെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ പരിഹാസമാണ് പാണ്ഡ്യ നേരിടുന്നത്. മുംബൈയുടെ മത്സരങ്ങൾ നടക്കുന്നിടത്തെല്ലാം കാണികൾ താരത്തിനെതിരെ ചാന്റുകളുമായെത്തുകയും ചെയ്തു. ഹൈദരാബാദിലെയും അഹ്മദാബാദിലെയും സ്റ്റേഡിയങ്ങളിൽ മാത്രമല്ല, മുംബൈയുടെ സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിലും ഇതുണ്ടായി. ഇതിനിടെ ഐ.പി.എൽ സീസണിനൊടുവിൽ രോഹിത് ശർമയും ജസ്പ്രീത് ബുംറയും മുംബൈ ഇന്ത്യൻസ് വിടാനൊരുങ്ങുകയാണെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്.
സ്വന്തം നാട്ടിൽ മൂന്നാം മത്സരത്തിനിറങ്ങിയ മുംബൈ ദയനീയ തോൽവിയാണ് രാജസ്ഥാൻ റോയൽസിനോട് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 125 റൺസേ എടുക്കാനായിരുന്നുള്ളൂ. 34 റൺസെടുത്ത ഹാർദികായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റിയാൻ പരാഗിന്റെ അർധസെഞ്ച്വറിയുടെ മികവിൽ 27 പന്തുകൾ ബാക്കിനിൽക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ അനായാസം ജയം പിടിച്ചു. ഞായറാഴ്ച ഡൽഹി കാപിറ്റൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. നിലവിൽ പോയന്റ് പട്ടികയിൽ ഏറ്റവും അവസാനമാണ് മുംബൈ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.