ഹാർദിക് വേറെ ലെവൽ! മനം കവർന്ന് ‘നോ–ലുക്’ ഷോട്ട്! കോഹ്ലിയെ മറികടന്ന് അപൂർവ റെക്കോഡ്
text_fieldsഗ്വാളിയോർ: ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടിയെങ്കിലും ക്രിക്കറ്റ് ലോകത്തിന്‍റെ മനംകവർന്നത് ബാറ്റിങ്ങിനിടെ ഹാർദിക് പണ്ഡ്യ കളിച്ച ഒരു ‘നോ–ലുക്’ ഷോട്ടാണ്.
ഗ്വാളിയോറിൽ ആദ്യം ബൗളർമാരും പിന്നീട് ബാറ്റർമാരും കത്തിക്കയറിയ മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഓൾ റൗണ്ട് പ്രകടനവുമായി ആരാധകരെ കൈയിലെടുത്ത ഹാർദിക്, ബൗളിങ്ങിൽ നാലു ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. 16 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 39 റൺസുമായി താരം ബാറ്റിങ്ങിലും തിളങ്ങി. തസ്കിൻ അഹമ്മദ് എറിഞ്ഞ 12ാം ഓവറിലാണ് ഹാർദിക്കിന്‍റെ ബാറ്റിൽനിന്ന് ആ ഷോട്ട് പിറന്നത്. പാണ്ഡ്യക്കൊപ്പം ക്രീസിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് റെഡ്ഡിയായിരുന്നു.
ആദ്യ പന്തിൽ ഹാർദിക് ലെഗ് ബൈയിലൂടെ ഒരു റൺ ഓടി. അടുത്ത പന്തു നേരിട്ട നിതീഷ് റെഡ്ഡിയും റണ്ണെടുത്തു. മൂന്നാം പന്തിലായിരുന്നു വൈറലായി ഹാർദിക്കിന്‍റെ നോ–ലുക് ഷോട്ടും ബൗണ്ടറിയും. തസ്കിന്‍റെ പിച്ചിൽ കുത്തിപ്പൊങ്ങി വന്ന പന്തിൽ പതിയെ ബാറ്റുവച്ചുകൊടുത്തു. ബാറ്റിൽത്തട്ടിയ പന്ത് വിക്കറ്റ് കീപ്പറുടെ തലക്കു മുകളിലൂടെ ബൗണ്ടറിയിലേക്ക്. പന്ത് പോയ വഴിയിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെയുള്ള ഹാർദിക്കിന്‍റെ നിൽപ്പും വേറെ ലെവലായിരുന്നു.
തൊട്ടടുത്ത പന്തിലും ബൗണ്ടറി നേടിയ ഹാർദിക്, തകർപ്പൻ സിക്സിലൂടെയാണ് മത്സരം പൂർത്തിയാക്കിയത്. ലക്ഷക്കണക്കിനു പേരാണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. 243.75 ആണ് സ്ട്രൈക്ക് റേറ്റ്.
മത്സരത്തിൽ സൂപ്പർതാരം വിരാട് കോഹ്ലിയെ മറികടന്ന് അപൂർവ റെക്കോഡും താരം സ്വന്തമാക്കി. അഞ്ചാം തവണയാണ് ഹാർദിക് സിക്സിലൂടെ മത്സരം പൂർത്തിയാക്കിയത്. നാലു തവണ സിക്സ് നേടി ടീമിനെ വിജയിപ്പിച്ച കോഹ്ലിയെയാണ് താരം പിന്നിലാക്കിയത്.
ട്വന്‍റി20 ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന നാലാമത്തെ ബൗളറായി ഹാർദിക്. 87 വിക്കറ്റുകൾ. അർഷ്ദീപ് സിങ്ങിനെയാണ് (86 വിക്കറ്റുകൾ) താരം മറികടന്നത്. 96 വിക്കറ്റുകളുമായി യുസ്വേന്ദ്ര ചഹലാണ് ഒന്നാമത്. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 11.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഓപണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും 29 റൺസ് വീതം ചേർത്തു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിങ്ങും വരുൺ ചക്രവർത്തിയുമാണ് ബൗളർമാരിൽ മിന്നിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.