ന്യൂസിലാൻഡിനെതിരായ ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിച്ചേക്കില്ല
text_fieldsമുംബൈ: ന്യൂസിലാൻഡിനെതിരായ ഇന്ത്യയുടെ നിർണായക ലോകകപ്പ് മത്സരത്തിൽ ഹാർദിക് പാണ്ഡ്യ കളിക്കില്ലെന്ന് സൂചന. ഞായറാഴ്ച ധർമ്മശാലയിലാണ് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. കാലിനേറ്റ പരിക്കാണ് ഹാർദിക്കിന് മത്സരം നഷ്ടപ്പെടാൻ കാരണം. പരിക്കേറ്റ ഹാർദികിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരുവിലെത്തിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ബംഗളൂരുവിൽ ഹാർദിക്കിനെ ചികിത്സിക്കും. താരത്തിന് ഏഴ് ദിവസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ഒക്ടോബർ 29ന് ലഖ്നോവിൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ ഹാർദിക്കുണ്ടാവുമെന്നാണ് റിപ്പോർട്ട്. ബി.സി.സി.ഐ വ്യത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റത്. ഒമ്പതാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ഹാർദികിന് പരിക്കേറ്റത്. ലിറ്റൺ ദാസിന്റെ ഷോട്ട് വലതു കാലുകൊണ്ട് തടുക്കാൻ ശ്രമിക്കുന്നതിനിടെ ഹാർദിക് വഴുതി വീഴുകയായിരുന്നു. ഇടതുകാലിന് പരിക്കേറ്റ് ഗ്രൗണ്ടിൽ വേദന കൊണ്ട് പുളഞ്ഞ താരത്തിന് ഉടൻ തന്നെ മെഡിക്കൽ ടീമെത്തി പ്രാഥമിക ചികിത്സ നൽകി. എന്നാൽ, നടക്കാൻ പ്രയാസപ്പെട്ട താരം ഗ്രൗണ്ട് വിട്ടതോടെ വിരാട് കോഹ്‍ലിയാണ് ഹാർദികിന്റെ ഓവർ പൂർത്തിയാക്കിയത്.
ബംഗ്ലാദേശ് ബൗളർമാരെ നിഷ്പ്രഭരാക്കി മുൻനിര ബാറ്റർമാർ തകർത്തടിച്ച മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റ് ജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയർത്തിയ 257 എന്ന വിജയലക്ഷ്യം 41.3 ഓവറിൽ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലി സെഞ്ച്വറി നേടി (പുറത്താകെ 103). ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ നാലാം ജയമാണിത്. സ്കോർ: ബംഗ്ലാദേശ്- 50 ഓവറിൽ എട്ടിന് 256. ഇന്ത്യ- 41.3 ഓവറിൽ മൂന്നിന് 261.
ബാറ്റിങ്ങിന് അനുകൂലമായ പുണെയിലെ പിച്ചിൽ അയൽക്കാർ ഉയർത്തിയ വിജയലക്ഷ്യം ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളിയായില്ല. 40 പന്തിൽ 48 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയും 55 പന്തിൽ 53 റൺസെടുത്ത ശുഭ്മാൻ ഗില്ലും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.