രോഗബാധിതനായി, എട്ടു കിലോഗ്രാം ഭാരം കുറഞ്ഞു; ഒരോവറിൽ അഞ്ച് സിക്സ്; മാനസികമായി തളർന്ന് യഷ് ദയാൽ
text_fieldsക്രിക്കറ്റ് ചിലപ്പോൾ ക്രൂരമായേക്കാം. മത്സരം ഒരു ടീമിന്‍റോയോ, താരത്തിന്‍റെയോ ചരിത്രമായി മാറുമ്പോൾ, എതിർ ടീമിനോ, താരത്തിനോ അതൊരു പേടിസ്വപ്നമാകുന്നു.
ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ അഞ്ചു സിക്സുകൾ പറത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവിശ്വസനീയ ജയം നേടികൊടുത്ത റിങ്കു സിങ്ങാണ് കഥയിലെ ചരിത്രം. ആ പ്രകടനം നൽകിയ ആത്മവിശ്വാസത്തിന്റെ ചിറകിലേറി താരം മിന്നുന്ന ഫോമിലാണ്. എന്നാൽ, അന്ന് ക്രിക്കറ്റ് ക്രൂരമായി പെരുമാറിയത് ഗുജറാത്തിന്‍റെ ഇടംകൈ പേസർ യഷ് ദയാലിനോടായിരുന്നു.
താരത്തിന്‍റെ പന്തിലായിരുന്നു റിങ്കു അഞ്ച് സിക്സുകൾ പറത്തിയത്. ഒരു ഓവറിൽ 31 റൺസ് വഴങ്ങി തന്റെ ടീമിനെ ജയത്തിൽനിന്ന് തോൽവിയിലേക്കു തള്ളിയിട്ടെന്ന കുറ്റബോധം യഷിനെ മാനസികമായും ശാരീരികമായും തളർത്തിയിരിക്കുകയാണ്. മത്സരത്തിനു പിന്നാലെ രോഗബാധിതനായ യഷിന്റെ ശരീരഭാരം ഏഴ്-എട്ടു കിലോഗ്രാം കുറഞ്ഞതായി ഗുജറാത്ത് ടൈറ്റൻസ് നായകൻ ഹാർദിക് പാണ്ഡ്യ വെളിപ്പെടുത്തി.
ഈ സീസണിൽ യഷ് ദയാൽ വീണ്ടും കളിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് ഉറപ്പ് പറയാനാകില്ലെന്നായിരുന്നു പാണ്ഡ്യയുടെ മറുപടി. ‘ആ മത്സരത്തിന് ശേഷം താരത്തിന് അസുഖം ബാധിക്കുകയും 7-8 കിലോ കുറയുകയും ചെയ്തു. അന്ന് ഗുജറാത്ത് ക്യാമ്പിൽ വൈറൽ രോഗവും പടർന്നിരുന്നു, വലിയ മാനസ്സിക സമ്മർദം നേരിട്ടതിനാൽ ആരോഗ്യനില കൂടുതൽ വഷളായി. അവനെ കളിക്കളത്തിൽ കാണുന്നതിന് ഒരുപാട് സമയമെടുക്കും’ -പാണ്ഡ്യ പറഞ്ഞു.
ഇനിയുള്ള മത്സരങ്ങളിൽ ഇരുപത്തിയഞ്ചുകാരൻ യഷ് കളിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ സീസണിൽ ടൈറ്റൻസിനായി ഒമ്പത് മത്സരങ്ങളിൽ 11 വിക്കറ്റ് നേടിയ യഷ് ഇക്കുറി തീർത്തും നിറം മങ്ങി. മൂന്നു മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാനായില്ല. യഷിന്‍റെ അവസ്ഥ മാതാവിനെയും മാനസികമായി തളർത്തി. അവർ രണ്ടു ദിവസം ഭക്ഷണം പോലും കഴിച്ചിരുന്നില്ല.
എന്നാൽ, മകൻ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് യഷിന്‍റെ പിതാവ് ചന്ദ്രപാൽ. കായികരംഗത്ത് ഇത്തരം തിരിച്ചടികൾ സാധാരമാണെന്നും ജീവിതത്തിലെന്ന പോലെ പരാജയങ്ങളിൽനിന്ന് തന്റെ മകൻ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.