ഹാരിസ് റൗഫിന് നാണക്കേടിന്‍റെ റെക്കോഡ്! ഒരു ലോകകപ്പിൽ കൂടുതൽ റൺസ് വഴങ്ങുന്ന ബൗളർ
text_fieldsഇത്തവണ ലോകകപ്പ് ഫേവറൈറ്റുകളിൽ പാകിസ്താനും ഇടംപിടിച്ചിരുന്നത് ടീമിലെ പേരുകേട്ട ലോകോത്തര ബൗളർമാരുടെ സാന്നിധ്യം കൊണ്ടായിരുന്നു. ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസൻ അലി എന്നിവരെല്ലാം ഏതൊരു ബാറ്റർക്കും വെല്ലുവിളി ഉയർത്തുമെന്നായിരുന്ന ക്രിക്കറ്റ് പണ്ഡിറ്റുകളെല്ലാം പറഞ്ഞിരുന്നത്.
എന്നാൽ, ലോകകപ്പ് തുടങ്ങിയതോടെ ഈ താരങ്ങളെല്ലാം ആരാധകരെ തീർത്തും നിരാശപ്പെടുത്തി. ഏറെക്കുറെ അസാധ്യമായ സെമി സ്വപ്നവുമായാണ് ശനിയാഴ്ച ഇംഗ്ലണ്ടിനെ നേരിടാൻ പാകിസ്താൻ കളത്തിൽ ഇറങ്ങിയത്. ടോസ് ഇംഗ്ലണ്ടിന് ലഭിച്ചതോടെ ആ പ്രതീക്ഷയും മാഞ്ഞു. ഇന്നത്തെ മത്സരത്തിനുശേഷം ബാബർ അസമിനും സംഘത്തിനും നാട്ടിലേക്ക് മടങ്ങാം.
ഇംഗ്ലണ്ടിനെതിരായ മത്സരത്തോടെ പാക് പേസർ ഹാരിസ് റൗഫ് ഒരു നാണക്കേടിന്‍റെ റെക്കോഡ് സ്വന്തം പേരിലാക്കി. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന താരമായി റൗഫ്. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മുന്നിലുണ്ടെങ്കിലും റൺസ് വിട്ടുകൊടുക്കുന്നതിൽ താരം ഒരു പിശുക്കും കാട്ടിയില്ല. ഒമ്പത് മത്സരങ്ങളിൽനിന്നായി 15 വിക്കറ്റുകളാണ് താരം നേടിയത്. എന്നാൽ, താരം വിട്ടുകൊടുത്തത് 527 റൺസും.
ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിനെയാണ് താരം മറികടന്നത്. 2019ലെ ലോകകപ്പിൽ റഷീദ് 11 ഇന്നിങ്സുകളിൽനിന്ന് 526 റൺസാണ് വിടുകൊടുത്തത്. ഈ ലോകകപ്പിൽ തന്നെ ഒമ്പത് ഇന്നിങ്സുകളിൽനിന്ന് 525 റൺസ് വഴങ്ങിയ ശ്രീലങ്കയുടെ ദിൽഷൻ മധുശങ്കയാണ് മൂന്നാമത്. 2019 ലോകപ്പിൽ 10 ഇന്നിങ്സുകളിൽനിന്ന് 502 റൺസ് വിട്ടുകൊടുത്ത ആസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കാണ് നാലാമത്.
ടൂർണമെന്‍റിൽ റൗഫിന്‍റെ ഇക്കണോമി 6.89 ആണ്. 30കാരനായ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 32.14ഉം. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 10 ഓവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി 64 റൺസാണ് താരം വിട്ടുകൊടുത്തത്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചതോടെയാണ് പാകിസ്താന്‍റെ സെമി ഫൈനൽ പ്രതീക്ഷകൾ ഇല്ലാതായത്.
ഇംഗ്ലണ്ടിന്‍റെ സ്കോർ 16 പന്തിൽ മറികടന്നാൽ മാത്രമേ പാകിസ്താന് സെമി സാധ്യതയുണ്ടായിരുന്നുള്ളു. ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്തു. ബെന്‍ സ്റ്റോക്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലീഷുകാർക്കായി മികച്ച പ്രകടനം നടത്തി. 76 പന്തിൽ 84 റൺസെടുത്താണ് താരം പുറത്തായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.