24-കാരൻ ഹാരി ബ്രൂക്ക് ഇന്ന് കുറിച്ചത് ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വ റെക്കോർഡ്
text_fieldsലണ്ടൻ: ആഷസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അർധ സെഞ്ച്വറിയുമായി വിജയതീരത്തെത്തിച്ച 24-കാരൻ ഹാരി ബ്രൂക്ക് (75) ഇന്ന് കുറിച്ചത് അപൂർവ്വ റെക്കോർഡ്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കുറഞ്ഞ പന്തുകളിൽ 1000 റൺസ് തികയ്ക്കുന്ന താരമായി മാറിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ വലംകൈയ്യൻ ബാറ്റ്സ്മാൻ.
മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലാണ് താരം ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. ടെസ്റ്റിൽ 1000 റൺസ് തികക്കാൻ ബ്രൂക്കിന് വേണ്ടി വന്നത് വെറും 1,058 പന്തുകൾ. 1,140 പന്തുകൾ നേരിട്ട് 1000 തികച്ച ന്യൂസിലൻഡിന്റെ കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെ റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്.
ആദ്യ ഇന്നിങ്സിൽ 11 പന്തുകളിൽ മൂന്ന് റൺസായിരുന്നു ബ്രൂക്കിന്റെ സമ്പാദ്യം. കമ്മിൻസിന്റെ പന്തിൽ ക്യാച്ച് നൽകിയായിരുന്നു താരം പുറത്തായത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഒമ്പത് ബൗണ്ടറികൾ സഹിതം 93 പന്തുകളിൽ 75 റൺസാണ് 24-കാരൻ അടിച്ചത്. എന്നാൽ, വിജയത്തിന് 21 റൺസ് അകലെ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ കമ്മിൻസിന് പിടി നൽകി താരം പുറത്തായിരുന്നു.
മൂന്നാം ആഷസ് ടെസ്റ്റിൽ ആസ്ട്രേലിയയെ ആതിഥേയരായ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിനാണ് തകർത്തത്. 2-0ന് മുന്നിട്ട് നിന്നിരുന്ന ഓസീസിന് ജയിച്ചാൽ, പരമ്പര സ്വന്തമാക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഇത്തവണ കംഗാരുക്കൾ എളുപ്പം കീഴടങ്ങി. 251 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്കും സാക് ക്രൗളിയും (44), ക്രിസ് വോക്സും (32*) മികച്ച പ്രകടനം പുറത്തെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.