അതിശയ പ്രകടനവുമായി ഹാരി ബ്രൂക്ക്; വിനോദ് കാംബ്ലിയുടെ 30 വർഷം പഴക്കമുള്ള റെക്കോഡ് തകർത്തു
text_fieldsഅതിശയ പ്രകടനം കൊണ്ട് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ് ഇംഗ്ലണ്ടിന്‍റെ യുവതാരം ഹാരി ബ്രൂക്ക്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിലും താരം മിന്നും ഫോമിലാണ്.
169 പന്തിൽ 184 റൺസുമായി ബ്രൂക്ക് പുറത്താകാതെ നിൽക്കുന്നു. ജോ റൂട്ടും അപരാജിത സെഞ്ച്വറിയുമായി ബ്രൂക്കിനൊപ്പം ക്രീസിലുണ്ട്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിൽ ഇംഗ്ലണ്ട് ആദ്യ ദിനം സ്റ്റെമ്പെടുക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. മൂന്ന് വിക്കറ്റിന് 21 എന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ കരകയറ്റിയത് ബ്രൂക്കിന്‍റെ തകർപ്പൻ പ്രകടനമാണ്. നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 294 റണ്‍സാണ് ഇതിനകം അടിച്ചെടുത്തത്. അതും 58 ഓവറില്‍.
മഴമൂലം മത്സരം നേരത്തെ നിര്‍ത്തിയതിനാല്‍ ആദ്യ ദിനം 65 ഓവര്‍ മാത്രമാണ് കളി നടന്നത്. ഏകദിനശൈലിയിലാണ് ഇംഗ്ലണ്ടിന്‍റെ ബാറ്റിങ്. റൺ ശരാശരി ഓവറില്‍ 4.85 ആണ്. വെടിക്കെട്ട് സെഞ്ച്വറിയോടെ മുൻ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിയുടെ പേരിലുണ്ടായിരുന്ന 30 വര്‍ഷം പഴക്കമുള്ള ടെസ്റ്റ് റെക്കോര്‍ഡ് ഹാരി ബ്രൂക്ക് മറികടന്നു. കരിയറിലെ ആദ്യ ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന റെക്കോഡ് ഇനി ഹാരിക്ക് സ്വന്തം.
ആദ്യത്തെ ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിൽ 800നു മുകളിൽ റൺസ് നേടുന്ന ആദ്യ താരവുമായി. ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിൽ 798 റണ്‍സായിരുന്നു കാംബ്ലിയുടെ റെക്കോഡ്. ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റ് ഇന്നിങ്സുകളിൽ 100.88 ശരാശരിയില്‍ 807 റണ്‍സാണ് ബ്രൂക്ക് നേടിയത്. കാംബ്ലി രണ്ട് ഡെബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ നാലു സെഞ്ച്വറികള്‍ നേടിയായിരുന്നു 798 റണ്‍സടിച്ചത്.
ഇതോടൊപ്പം ഇതിഹാസ താരങ്ങളെയും ഇംഗ്ലീഷ് യുവതാരം പിന്നിലാക്കി. ആദ്യ ഒമ്പത് ഇന്നിങ്സുകളില്‍ 780 റണ്‍സെടുത്ത ഹെര്‍ബെര്‍ട്ട് സറ്റ്ക്ലിഫെ, സുനില്‍ ഗവാസ്കര്‍ (778 റണ്‍സ്), എവര്‍ട്ടന്‍ വീക്സ് (777 റണ്‍സ്) എന്നിവരെയാണ് താരം മറികടന്നത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശി 51 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച ബ്രൂക്ക് 107 പന്തില്‍ സെഞ്ച്വറിയിലെത്തുകയും ചെയ്തു.
ബ്രൂക്കിന്‍റെ ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണിത്. അഞ്ചു സിക്സും 24 ഫോറും അടക്കമാണ് താരം 184 റൺസെടുത്തത്. പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രണ്ട് ഇന്നിങ്സുകളിലും അര്‍ധ സെഞ്ച്വറി നേടിയ ബ്രൂക്ക് ആയിരുന്നു കളിയിലെ താരം. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.