ബ്രൂക്കിന് വെടിക്കെട്ട് സെഞ്ച്വറി (55 പന്തിൽ 100*); ഹൈദരാബാദിന് കൂറ്റൻ സ്കോർ; 228/4
text_fieldsകൊൽക്കത്ത: ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് കത്തിക്കയറിയപ്പോൾ ഐ.പി.എല്ലിൽ കൊൽകത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് കൂറ്റൻ സ്കോർ. ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു.
അപരാജിത വെടിക്കെട്ട് സെഞ്ച്വറിയുമായി ബ്രൂക്ക് കളം നിറഞ്ഞു. 55 പന്തിൽ 100 റൺസെടുത്തു. താരത്തിന്‍റെ പ്രഥമ ഐ.പി.എൽ സെഞ്ച്വറിയാണിത്. വൻ തുക മുടക്കി ടീമിലെത്തിച്ച താരം ആദ്യം മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഇന്ന് കൊൽക്കത്തൻ ബൗളർമാരെ തലങ്ങും വിലങ്ങും പായിക്കുന്നതാണ് കണ്ടത്. 32 പന്തിലാണ് ബ്രൂക്ക് അർധ സെഞ്ച്വറിയിലെത്തിയത്.
ഹൈദരാബാദ് 13.25 കോടി രൂപക്കാണ് ഹാരിയെ സ്വന്തമാക്കിയത്. ഒന്നരക്കോടി മാത്രമായിരുന്നു ഹാരി ബ്രൂക്കിന്റെ അടിസ്ഥാന വില. പാകിസ്താൻ പ്രീമിയര്‍ ലീഗിലെ ബ്രൂക്കിന്‍റെ മിന്നുന്ന പ്രകടനത്തിന്‍റെ അടിസ്ഥാനത്തലാണ് വൻ തുക മുടങ്ങി സണ്‍റൈസേഴ്സ് താരത്തെ സ്വന്തമാക്കിയത്. അതു വെറുതെയായില്ല. വിമർശകരുടെ വായടപ്പിക്കുന്ന താരത്തിലായിരുന്നു താരത്തിന്‍റെ ബാറ്റിങ്.
എയ്ഡൻ മാർക്രം 26 പന്തിൽ 50 റൺസും അഭിഷേക് ശർമ 17 പന്തിൽ 32 റൺസും എടുത്ത് പുറത്തായി. മായങ്ക് അഗർവാൾ (13 പന്തിൽ ഒമ്പത്), രാഹുൽ ത്രിപാഠി (നാലു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹെൻറിച്ച് ക്ലാസ്സെൻ ആറു പന്തിൽ 16 റൺസെടുത്ത് പുറത്താകാതെ നിന്നു. കൊൽക്കത്തക്കായി ആന്ദ്രെ റസ്സൽ മൂന്നു വിക്കറ്റും വരുൺ ചക്രവർത്തി ഒരു വിക്കറ്റും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.