വിചിത്രമായ പല പുറത്താകലുകളും കണ്ടിട്ടുണ്ട്, ഇങ്ങനെയൊന്ന്..! ഹാരി ബ്രൂക്കിന്‍റെ വിക്കറ്റിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം
text_fieldsസ്വന്തം മണ്ണിൽ ആസ്ട്രേലിയക്കെതിരെ ആഷസ് പരമ്പര കളിക്കാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പ്രതീക്ഷ നൽകുന്നതാണ്. ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 393 റൺസെടുത്ത് ആതിഥേയർ ഡിക്ലയർ ചെയ്തു. സെഞ്ച്വറിയുമായി ജോ റൂട്ടാണ് ഇംഗ്ലീഷ് നിരയിൽ തിളങ്ങിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ കളി അവസാനിക്കുമ്പോൾ നാലോവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 14 റൺസെടുത്തിട്ടുണ്ട്. അപ്രതീക്ഷിതമായിരുന്നു ഇംഗ്ലണ്ടിന്‍റെ ഡിക്ലയർ തീരുമാനം. ആഷസ് ടെസ്റ്റ് ചരിത്രത്തിൽ ഒന്നാം ഇന്നിങ്സിലെ ഏറ്റവും വേഗമേറിയ ഡിക്ലറേഷനാണ് ഇത്. എന്നാൽ, ആദ്യദിനത്തിലെ ഹൈലൈറ്റുകളിലൊന്ന് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കിന്‍റെ പുറത്താകലായിരുന്നു. 37 പന്തിൽ 32 റൺസെടുത്ത ബ്രൂക്കിനെ നഥാൻ ലിയോണാണ് പുറത്താക്കിയത്.
38ാം ഓവർ എറിഞ്ഞ ലിയോണിന്‍റെ രണ്ടാമത്തെ പന്തിൽ അപ്രതീക്ഷിതമായിരുന്നു ബ്രൂക്കിന്‍റെ പുറത്താകൽ. ക്രിക്കറ്റിൽ വിചിത്രമായ പല പുറത്താകലുകളും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യമാണ്. അതിന്‍റെ അമ്പരപ്പിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ലിയോണിന്റെ പന്ത് ബ്രൂക്കിന്റെ വലതു തുടയിൽ തട്ടി വായുവിൽ ഉയർന്നു. പിന്നാലെ പന്ത് ബാറ്റർക്കും സ്റ്റമ്പിനും ഇടയിൽ വീഴുകയായിരുന്നു. നിർഭാഗ്യവശാൽ, ബ്രൂക്കിന്റെ പിൻകാലിൽ തട്ടി പന്ത് സ്റ്റമ്പിൽ പതിക്കുകയും ചെയ്തു.
ബ്രൂക്കിന്‍റെ പുറത്താകലിനെ കുറിച്ചുള്ള മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന്‍റെ കമന്‍റും വൈറലായി. സാക് ക്രോളി നൽകിയ മികച്ച തുടക്കം അവസരമാക്കി ജോ റൂട്ടും ജോണി ബെയർസ്റ്റോയും കരുതലോടെ കളിച്ചതാണ് ഇംഗ്ലണ്ടിണ് കരുത്തായത്. ഓസീസ് നിരയിൽ നഥാൻ ലിയോൺ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് രണ്ടും സ്കോട്ട് ബോളണ്ട്, കാമറൺ ഗ്രീൻ എന്നിവർ ഒന്നും വിക്കറ്റു വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.