ബ്രാവോയുടെ ഐ.പി.എൽ റെക്കോഡിനൊപ്പം; ഹർഷൽ പേട്ടൽ മടങ്ങുന്നത് തലയുയർത്തി
text_fieldsഷാർജ: ഇക്കുറി ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ കുതിപ്പിന് പിന്നിൽ ചാലക ശക്തിയായി പ്രവർത്തിച്ച താരമാണ് ഹർഷൽ പേട്ടൽ. എലിമിനേറ്റർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനോട് തോറ്റു മടങ്ങുന്നതോടെ ഹർഷലിന് നഷ്ടമായത് ഐ.പി.എൽ റെക്കോഡ് തിരുത്താനുള്ള അവസരം. ഒരു സീസണിൽ ഏറ്റവും വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന ഡ്വൈൻ ബ്രാവോയുടെ (2013-32) റെക്കോഡിനൊപ്പമാണ് ഹർഷൽ എത്തിയത്.
കൊൽത്തക്കെതിരെ 19 റൺസ് വഴങ്ങി രണ്ടുവിക്കറ്റെടുത്ത ഹർഷൽ 32 വിക്കറ്റുമായി സീസൺ അവസാനിപ്പിച്ചു. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടിയായിരുന്നു ബ്രാവോയുടെ മിന്നും പ്രകടനം. ബ്രാവോയുടെ റെക്കോഡ് തകർക്കാൻ ഹർഷലിന് സാധിക്കുമായിരുന്നു. എന്നാൽ ഹർഷലിന്‍റെ അവസാന ഓവറിൽ സുനിൽ നരെയ്ൻ നൽകിയ ക്യാച് മിഡ്ഓണിൽ ദേവ്ദത്ത് പടിക്കൽ താഴെയിട്ടു.
ഈ സീസണിൽ ഇതുവരെ ഹാട്രിക് നേടിയ ഏക ബൗളറാണ് ഹർഷൽ. കഴിഞ്ഞ മാസം ദുബൈയിൽ മുംബൈ ഇന്ത്യൻസിനെതിരായിരുന്നു ആ പ്രകടനം. പഞ്ചാബിന്‍റെ അർഷ്ദീപ് സിങ്ങിനും (32-5) കെ.കെ.ആറിന്‍റെ ആന്ദ്രേ റസലിനുമൊപ്പം (15-5) സീസണിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ ബൗളറുമാണ് ഹർഷൽ.
ടീമിന് ആവശ്യമായ അവസരങ്ങളിൽ പ്രത്യക്ഷപ്പെട്ട് വിക്കറ്റ് വീഴ്ത്തിയ പ്രകടനം പക്ഷേ ആർ.സി.ബിയുടെ രക്ഷക്കെത്തിയില്ല. നാലുവിക്കറ്റ് ജയം സ്വന്തമാക്കിയ കൊൽക്കത്ത ബുധനാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.