ഹാഷിം ആംല കളി മതിയാക്കി; ദക്ഷിണാഫ്രിക്കക്കായി പുതിയ റോളിൽ എത്തുമെന്ന് സൂചന
text_fieldsജൊഹാനസ്ബർഗ്: ക്രിക്കറ്റ് ലോകം കണ്ട മികച്ച ബാറ്റർമാരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം ആംല ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റ് നേരത്തെ മതിയാക്കിയ താരം കൗണ്ടി ക്രിക്കറ്റിൽ സറെക്ക് വേണ്ടി ബാറ്റേന്തുകയായിരുന്നു. ഇതിന് കൂടിയാണ് വിരാമമിടുന്നത്. കഴിഞ്ഞ സീസണിൽ സറെയെ ചാമ്പ്യന്മാരാക്കുന്നിൽ 39കാരൻ നിർണായക സംഭാവന നൽകിയിരുന്നു. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിനാണ് ഇതോടെ പൂർണ വിരാമമാകുന്നത്.
2019 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം മികവ് തെളിയിച്ച ആംല, ദക്ഷിണാഫ്രിക്കക്കായി ടെസ്റ്റിൽ ട്രിപ്പിൽ സെഞ്ച്വറി നേടിയ ഒരേയൊരു താരമാണ്. 2012ൽ ഇംഗ്ലണ്ടിനെതിരെ പുറത്താവാതെ 311 റൺസാണ് അടിച്ചെടുത്തത്. 124 ടെസ്റ്റില്‍ 46.64 ശരാശരിയില്‍ 9282 റണ്‍സാണ് സമ്പാദ്യം. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ജാക് കാലിസ് (13,206 റണ്‍സ്) മാത്രമേ മുന്നിലുള്ളൂ. 181 ഏകദിനങ്ങളില്‍ 49.46 ശരാശരിയില്‍ 27 സെഞ്ചുറികളോടെ 8113 റണ്‍സും 44 രാജ്യാന്തര ട്വന്‍റി 20കളില്‍ 33.60 ശരാശരിയില്‍ 1277 റണ്‍സും നേടി. ഏകദിനത്തിൽ 27 സെഞ്ച്വറികൾ അടിച്ച താരത്തിന്റെ പേരിലാണ് ഏറ്റവും വേഗത്തില്‍ 25 ഏകദിന സെഞ്ച്വറികള്‍ പൂര്‍ത്തിയാക്കിയതിന്റെ റെക്കോഡ്.
പ്രഫഷനല്‍ ക്രിക്കറ്റിൽ ആകെ 34,104 റണ്‍സ് നേടിയ ആംല ഇതിൽ 18672 റണ്‍സും അടിച്ചത് ദക്ഷിണാഫ്രിക്കക്ക് വേണ്ടിയാണ്. ഐ.പി.എല്ലില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനായി ഓപണറുടെ റോളിലെത്തിയെങ്കിലും കാര്യമായി തിളങ്ങാനായിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പുരുഷ ടീമിന്‍റെ ബാറ്റിങ് കോച്ചായി അംല എത്തുമെന്ന അഭ്യൂഹം സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.