ഹാട്രിക് സെഞ്ച്വറി; രോഹൻ കുന്നുമ്മലിന് റെക്കോഡ്, 3.42 ലക്ഷം പാരിതോഷികം
text_fieldsരാജ്കോട്ട്: തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമാണ് രോഹൻ എസ്. കുന്നുമ്മൽ. മേഘാലയക്കെതിരെ രണ്ടാം ഇന്നിങ്സിൽ 107, ഗുജറാത്തിനെതിരെ 129, 106 എന്നിങ്ങനെയായിരുന്നു രോഹന്റെ സ്കോറുകൾ. 2008-09ൽ ഹരിയാനക്കെതിരെ ഈ നേട്ടം കൈവരിച്ച എസ്.കെ. ശർമക്കുശേഷം ഒരു മത്സരത്തിലെ രണ്ട് ഇന്നിങ്സിലും ശതകം കുറിക്കുന്ന ആദ്യ താരം കൂടിയാണ് രോഹൻ.
കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് 23കാരനായ രോഹൻ. സുശീൽ കുന്നുമ്മലിന്റെയും എം. കൃഷ്ണയുടെയും മകനായ രോഹൻ കോഴിക്കോട് സസക്സ് ക്രിക്കറ്റ് അക്കാദമിയിലെ സന്തോഷ് കുമാറിന്റെ പരിശീലനത്തിലാണ് ക്രീസിൽ നിലയുറപ്പിച്ചത്. അണ്ടർ 14, 16, 19, 25 വിഭാഗങ്ങളിൽ സംസ്ഥാനത്തിനായി കളിച്ചിട്ടുള്ള ഈ വലംകൈയൻ ബാറ്റർ വിനു മങ്കാദ് ട്രോഫി, കൂച് ബിഹാർ ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നിവയിലെല്ലാം കേരളത്തെ പ്രതിനിധാനം ചെയ്തു.
2019-20 സീസണിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറിയ രോഹന് പിന്നീട് ഈ സീസണിലാണ് അവസരം കിട്ടിയത്. രഞ്ജിയിൽ മൂന്നു കളികളിൽനിന്നായി 350 റൺസ് രോഹന്റെ അക്കൗണ്ടിലുണ്ട്.
തുടർച്ചയായ മൂന്ന് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടിയ രോഹൻ എസ്. കുന്നുമ്മലിന് കേരള ക്രിക്കറ്റ് അസോസിയേഷൻ പാരിതോഷികം പ്രഖ്യാപിച്ചു. മൂന്ന് ഇന്നിങ്സിലുമായി 342 റൺസ് സ്കോർ ചെയ്ത രോഹന് 3.42 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കെ.സി.എ സെക്രട്ടറി അഡ്വ. ശ്രീജിത് വി. നായരാണ് പ്രഖ്യാപിച്ചത്.
നോക്കൗട്ട് പ്രതീക്ഷയിൽ കേരളം
രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ്പിൽ ഗുജറാത്തിനെ എട്ടു വിക്കറ്റിന് തകർത്ത കേരളം തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി നോക്കൗട്ട് പ്രതീക്ഷ വർണാഭമാക്കി. ഗ്രൂപ്പിൽ രണ്ടു കളികൾ ജയിച്ച മധ്യപ്രദേശിനും കേരളത്തിനൊപ്പം 13 പോയന്റുണ്ട്. മാർച്ച് മൂന്നു മുതൽ കേരളവും മധ്യപ്രദേശും തമ്മിലാണ് ഗ്രൂപ്പിലെ അവസാന മത്സരം. അതിൽ ജയിക്കുകയോ ഒന്നാമിന്നിങ്സ് ലീഡോടെ സമനില നേടുകയോ ചെയ്താൽ കേരളത്തിന് ഗ്രൂപ് ജേതാക്കളാവാം.
രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ വേണ്ടിയിരുന്ന 214 റൺസ് ഏകദിന ശൈലിയിൽ ബാറ്റുവീശി കേരളം നേടിയെടുക്കുകയായിരുന്നു. 35.4 ഓവറിൽ ആറു റൺസ് ശരാശരിയിലാണ് കേരളം സ്കോർ ചെയ്തത്. സ്കോർ: ഗുജറാത്ത് 388, 264, കേരളം 439, 214/2. രണ്ടിന്നിങ്സിലും സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മൽ ആണ് കളിയിലെ കേമൻ.
തുടർച്ചയായ മൂന്നാം സെഞ്ച്വറിയുമായി ഓപണർ രോഹൻ (പുറത്താവാതെ 106) തകർത്തടിച്ചപ്പോൾ 62 റൺസുമായി നായകൻ സചിൻ ബേബി മികച്ച പിന്തുണ നൽകി. 28 റൺസുമായി പുറത്താവാതെ നിന്ന സൽമാൻ നിസാറും തിളങ്ങി. പി. രാഹുൽ (7) ആണ് പുറത്തായ മറ്റൊരു ബാറ്റർ. അതിവേഗം ബാറ്റുചെയ്താണ് രോഹൻ കേരളത്തെ വിജയത്തിലേക്ക് നയിച്ചത്.
87 പന്തിൽ മൂന്നു സിക്സും 12 ഫോറുമടക്കം 121.83 സ്ട്രൈക്ക്റേറ്റിലായിരുന്നു രോഹന്റെ ബാറ്റിങ്. സ്കോർ 27ൽ രാഹുലിനെ നഷ്ടമായ ശേഷം രോഹനും സചിൻ ബേബിയും രണ്ടാം വിക്കറ്റിൽ 141 പന്തിൽ 143 റൺസ് ചേർത്ത് കേരളത്തെ ജയത്തിനടുത്തെത്തിച്ചു.
170ൽ സചിൻ ബേബി മടങ്ങിയെങ്കിലും സൽമാൻ നിസാറിനെ കൂട്ടുപിടിച്ച് രോഹൻ കേരളത്തെ ജയത്തിലെത്തിച്ചു. നേരത്തേ, അഞ്ചിന് 128 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഗുജറാത്ത് കൂടുതൽ വിക്കറ്റ് പോകാതെ ഏറെ നേരം പിടിച്ചുനിന്നെങ്കിലും ഒടുവിൽ നാലു വിക്കറ്റെടുത്ത ജലജ് സക്സേനയും മൂന്നു പേരെ പുറത്താക്കിയ സിജോമോൻ ജോസഫും ചേർന്ന് കഥ കഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.