മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഹാട്രിക് ജയം; ബിഹാറിനെ വീഴ്ത്തിയത് ആറു വിക്കറ്റിന്
text_fieldsമുംബൈ: മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ജയവുമായി കേരളത്തിന്‍റെ ജൈത്രയാത്ര. മൂന്നാം മത്സരത്തിൽ ബിഹാറിനെ ആറു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സ്കോർ: ബിഹാർ 20 ഓവറിൽ 10 വിക്കറ്റിന് 111. കേരളം 13 ഓവറിൽ നാലു വിക്കറ്റിന് 117.
ടോസ് നേടിയ കേരളം ബിഹാറിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 32 പന്തിൽ 37 റൺസെടുത്ത ഗൗരവാണ് ബിഹാറിന്‍റെ ടോപ് സ്കോറർ. മൂന്നു പേർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ആദ്യ ഓവറിൽ തന്നെ ഓപ്പണർ ബിബിൻ സൗരഭിനെ (പൂജ്യം) മടക്കി ബേസിൽ തമ്പി കേരളത്തിന് മികച്ച തുടക്കം നൽകി. രണ്ടാമത്തെ ഓവറിൽ മറ്റൊരു ഓപ്പണറായ ബാബുൽ കുമാറിനെയും (ആറു പന്തിൽ ഒന്ന്) ബേസിൽ പുറത്താക്കി.
കേരളത്തിനായി കെ.എം. ആസിഫും രണ്ടു വിക്കറ്റ് നേടി. വിനോദ് കുമാർ, ശ്രേയസ് ഗോപാൽ, സിജോമോൻ ജോസഫ്, അബ്ദുൽ ബാസിത്ത് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 13 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ കേരളം ലക്ഷ്യത്തിലെത്തി. ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ (നാലു പന്തിൽ ഒന്ന്) വേഗത്തിൽ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിൽ രോഹൻ കുന്നുമ്മലും വിഷ്ണു വിനോദും കേരളത്തിന്‍റെ സ്കോർ 50 കടത്തി. പിന്നാലെ 17 പന്തിൽ 32 റൺസെടുത്ത വിഷ്ണു പുറത്തായി. 27 പന്തിൽ 36 റൺസെടുത്ത് രോഹൻ പുറത്താകുമ്പോൾ ടീം സ്കോർ 83ലെത്തി. അബ്ദുൽ ബാസിത്താണ് കേരളത്തിനെ വിജയത്തിലെത്തിച്ചത്.
23 പന്തിൽ 39 റൺസുമായി ബാസിത്തും ഒരു റണ്ണുമായി സൽമാൻ നിസാറും പുറത്താകാതെ നിന്നു. നാലു റൺസെടുത്ത വിനോദ് കുമാറാണ് പുറത്തായ മറ്റൊരു താരം. ബിഹാറിനായി പരംജിത്ത് സിങ് രണ്ടും മലായ് രാജ് ഒരു വിക്കറ്റും നേടി.
ആദ്യ മത്സരത്തിൽ 35 റൺസിന് ഹിമാചൽപ്രദേശിനെയും രണ്ടാം മത്സരത്തിൽ ഒരു റണ്ണിന് സർവിസസിനെയും കേരളം പരാജയപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.