'ഏകദിന സെഞ്ച്വറിയില്ലാത്തയാളാണ് 70 അന്താരാഷ്ട്ര സെഞ്ച്വറിയുള്ള കോഹ്ലിയെ താരതമ്യം ചെയ്യുന്നത്';വോണിനെതിരെ മുൻ പാക് ഓപണർ
text_fieldsന്യൂഡൽഹി: വിവാദങ്ങൾ ക്ഷണിച്ച് വരുത്തുന്ന കാര്യത്തിൽ രാജാവാണ് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകൻ മൈക്കൽ വോൺ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെയും ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസണിനെയും താരതമ്യപ്പെടുത്തി വോൺ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ വിവാദമായിരിക്കുകയാണ്.
വിരാട് കോഹ്ലി ഏറ്റവും മികച്ച താരമെന്ന് എല്ലാവരും പറയുന്നത് ക്ലിക്കുകൾക്കും ലൈക്കുകൾക്കും വേണ്ടിയാണെന്നും വില്യംസൺ ഇന്ത്യക്കാരനായിരുന്നെങ്കിൽ അദ്ദേഹം ലോകത്തെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുമായിരുന്നുവെന്നുമാണ് വോൺ പറഞ്ഞത്. സ്പാർക്ക് സ്പോർട്സിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു വിവാദ പരാമർശങ്ങൾ.
എന്നാൽ വിഷയത്തിൽ വോണിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ ഓപണർ സൽമാൻ ബട്ട്. അനാവശ്യമായ ചർച്ചകൾ നടത്തുന്നതിന് വോണിനെ വിമർശിച്ച ബട്ട് ഇംഗ്ലീഷ് താരത്തിന്‍റെ ക്യാപ്റ്റൻസിയെ പുകഴ്ത്തിയെങ്കിലും ബാറ്റിങ് മികവിന്‍റെ കാര്യത്തിൽ അദ്ദേഹം കോഹ്ലിയേക്കാൾ ഏറെ താഴെയാണെന്ന് ചൂണ്ടിക്കാണിച്ചു.
'ഉയർന്ന ജനസംഖ്യയുള്ള ഒരു രാജ്യത്ത് നിന്നാണ് കോഹ്‌ലിയുടെ വരവ്. പ്രകടനത്തിന്‍റെ കാര്യത്തിലും അദ്ദേഹം മികച്ചു നിൽക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അദ്ദേഹത്തിന് 70 സെഞ്ച്വറികളുണ്ട്. ഈ കാലഘട്ടത്തിൽ ഇത്രയും സെഞ്ച്വറികളുള്ള മറ്റേത് ബാറ്റ്്സ്മാനാണുള്ളത്'-ബട്ട് തന്‍റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചു.
'ഏറെകാലം അദ്ദേഹം ബാറ്റിങ് റാങ്കിങ്ങിൽ ആധിപത്യം പുലർത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രകടനമാണതിന് കാരണം. വില്യംസൺ മികച്ച താരമാണ്. അവൻ ഒരു ക്ലാസ് ബാറ്റ്സ്മാനും ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമാണെന്നതിൽ ഒരു സംശയവുമില്ല. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ വില്യംസണായിരിക്കാം മുൻതൂക്കം. പക്ഷേ അദ്ദേഹം (വോൺ) ക്യാപ്റ്റൻസിയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. കോഹ്‌ലിയുടെ ബാറ്റിങ്ങിലെ കണക്കുകളും ഇന്ത്യ പിന്തുടർന്ന് വിജയിച്ച മത്സരങ്ങളിലെ പ്രകടനങ്ങളും എടുത്തു പറയേണ്ടതാണ്. ഇൗ കാലത്ത് ആരും കോഹ്‌ലിയെപ്പോലെ സ്ഥിരത പുലർത്തിയിട്ടില്ല. വോൺ പറഞ്ഞത് തികച്ചും അപ്രസക്തമായ കാര്യങ്ങളാണ്'-ബട്ട് പറഞ്ഞു.
'അവരെ രണ്ടുപേരെയും താരതമ്യം ചെയ്തത് ആരാണ്? മൈക്കൽ വോൺ. അദ്ദേഹം ഇംഗ്ലണ്ടിന്‍റെ മികച്ച ക്യാപ്റ്റനായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ ബാറ്റിങ് അത്രകണ്ട് മികച്ചതായിരുന്നില്ല. അദ്ദേഹം മികച്ച ടെസ്റ്റ് ബാറ്റ്സ്മാനായിരുന്നു. എന്നാൽ ഏകദിനത്തിൽ ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല'-ബട്ട് പറഞ്ഞു.
'ഓപ്പണർ എന്ന നിലയിൽ നിങ്ങൾ ഒരു സെഞ്ച്വറി നേടിയിട്ടില്ലെങ്കിൽ അത് ചർച്ചചെയ്യേണ്ട കാര്യമില്ല. വിവാദം സൃഷ്ടിക്കുന്ന കാര്യത്തിൽ വോണിന് പ്രത്യേക മിടുക്കുണ്ട്. ആളുകളാണെങ്കിൽ ഒരു വിഷയം കിട്ടാൻ കാത്തുനിൽക്കുകയാണ് താനും' -ബട്ട് കൂട്ടിച്ചേർത്തു. ഏകദിന കരിയറിൽ ഒരു സെഞ്ച്വറി പോലും നേടാനായിട്ടില്ലെങ്കിലും ടെസ്റ്റിൽ വോണിന്‍റെ പേരിൽ 18 സെഞ്ച്വറികളുണ്ട് (82 മത്സരങ്ങൾ). 1999 മുതൽ 2007 വരെ നീണ്ടു നിന്ന എട്ട് വർഷത്തെ കരിയറിൽ 7600 റൺസാണ് വോൺ സ്കോർ ചെയ്തത്.
ഒത്തുകളി വിവാദത്തിൽ പെട്ടാണ് 33 ടെസ്റ്റ്, 78 ഏകദിനം, 24 ട്വന്‍റി20 മത്സരങ്ങളിൽ പാകിസ്താനായി കളത്തിലിറങ്ങിയ ബട്ടിന്‍റെ കരിയർ അവസാനിച്ചത്. 2010ലാണ് ഒത്തുകളി വിവാദത്തിൽ കുടുങ്ങിയത്. 30 മാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട ബട്ട് ഏഴുമാസത്തെ ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങിയിരുന്നു. ജയിലിലെ നല്ല പെരുമാറ്റം കണക്കിലെടുത്താണ് ബട്ടിന്‍റെ ശിക്ഷാ കാലാവധി കുറച്ചത്. 2015ല്‍ പാകിസ്താൻ അദ്ദേഹത്തിന്‍റെ വിലക്ക് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.