'അവൻ ലോക ക്രിക്കറ്റ് ഭരിക്കും'; ഇന്ത്യൻ യുവതാരത്തെ പുകഴ്ത്തി മക്കല്ലം
text_fieldsമുംബൈ: നിലവിലെ ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്സിനെ ആറുവിക്കറ്റിന് തോൽപിച്ച് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 15ാം എഡിഷനിൽ വിജയത്തുടക്കമിട്ടിരുന്നു. വിജയത്തിന് പിന്നാലെ കെ.കെ.ആർ നായകൻ ശ്രേയസ് അയ്യറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് കോച്ച് ബ്രണ്ടൻ മക്കല്ലം. വലംകൈയ്യൻ ബാറ്റർക്ക് ലോക ക്രിക്കറ്റിൽ ആധിപത്യം സ്ഥാപിക്കാനുള്ള എല്ലാ ഗുണങ്ങളും ഉണ്ടെന്നാണ് മക്കല്ലം പറയുന്നത്.
'അതിശയകരമായിരുന്നു. കെ.കെ.ആർ നായകനെന്ന നിലയിൽ ശ്രേയസ് അയ്യർ ആദ്യ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചതായി ഞാൻ കരുതുന്നു. ക്യാമ്പിൽ ശ്രദ്ധ പതിപ്പിച്ച ശ്രേയസ് കളിക്കാരുമായി മികച്ച ബന്ധം കെട്ടിപ്പടുത്തിരുന്നു. അദ്ദേഹത്തിന് സ്വന്തം കഴിവിൽ വിശ്വാസമുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈക്കെതിരായ വിജയം ടീമിനും ശ്രേയസിനും മികച്ച തുടക്കമാണ്. പോയിന്റ് കിട്ടിയതിൽ സന്തോഷം'-മത്സര ശേഷം മക്കല്ലം പറഞ്ഞു.
'അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. നിങ്ങളുടെ കോച്ചിങ് കരിയറിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം കളിക്കാർക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിക്കുകയുള്ളൂ. അവന്റെ ഏറ്റവും മികച്ച സമയം വരാനിരിക്കുന്നേ ഉള്ളൂ എന്നാണ് ഞാൻ കരുതുന്നത്. അവൻ ലോകോത്തര കളിക്കാരനാകുകയും ദീർഘകാലം ഇന്ത്യൻ ക്രിക്കറ്റിലും ലോക ക്രിക്കറ്റിലും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നതും കാണാം'-മക്കല്ലം പറഞ്ഞു.
ചെന്നൈക്കെതിരായ മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. മുൻനിര തകർന്നടിഞ്ഞ ചെന്നൈയെ പുറത്താകാതെ 50 റൺസ് നേടിയ മുൻനായകൻ എം.എസ്. ധോണിയാണ് കരകയറ്റിയത്.
ആറ് വിക്കറ്റും ഒമ്പത് പന്തും ശേഷിക്കെ കൊൽക്കത്ത 132 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു. 44 റൺസെടുത്ത അജിൻക്യ രഹാനെയാണ് കെ.കെ.ആറിന്റെ ടോപ് സ്‌കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.