‘ഹാർട്ട്‍ലി’ അറ്റാക്കിൽ ഹൃദയം തകർന്ന് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 28 റൺസ് തോൽവി
text_fieldsഹൈദരാബാദ്: ആദ്യ ഇന്നിങ്സിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ബാറ്റർമാർക്ക് രണ്ടാം ഇന്നിങ്സിൽ ടോം ഹാർട്ട്‍ലിയുടെ അറ്റാക്കിന് മുമ്പിൽ മുട്ടിടിച്ചപ്പോൾ വിജയവും കൈവിട്ടു. 28 റൺസിനായിരുന്നു ഇംഗ്ലീഷുകാർ വിജയം പിടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സിൽ 190 റൺസിന്റെ കൂറ്റൻ ലീഡ് നേടിയ ശേഷമാണ് ഇന്ത്യയുടെ അവിശ്വസനീയ പരാജയം. ഇംഗ്ലണ്ടിനായി 26.2 ഓവറിൽ 62 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തി ടോം ഹാർട്ട്‍ലി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 246നെതിരെ 436 റൺസ് അടിച്ചുകൂട്ടിയതോടെ അനായാസം ജയം പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 196 റൺസെടുത്ത് ധീരമായി പോരാടിയ ഒലീ പോപിന്റെ തകർപ്പൻ സെഞ്ച്വറിയോടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. ബെൻ ഡക്കറ്റ് (47), സാക് ക്രോളി (31), ബെൻ ഫോക്സ് (34), രെഹാൻ അഹ്മദ് (28), ടോം ഹാർട്ട്‍ലി (34) എന്നിവരും ഇന്ത്യൻ സ്പിൻ ആക്രമണത്തെ ചെറുത്തുനിന്നതോടെ ഇംഗ്ലണ്ട് സ്കോർ ബോർഡിൽ പിറന്നത് 420 റൺസാണ്.
ഇതോടെ ഇന്ത്യക്ക് മുമ്പിൽ 231 റൺസിന്റെ വിജയലക്ഷ്യമെത്തി. ഓപണർമാരായ രോഹിത് ശർമയും യശസ്വി ജയ്സ്വാളും ചേർന്ന് ആദ്യ വിക്കറ്റിൽ 42 റൺസ് ചേർത്തെങ്കിലും 15 റൺസെടുത്ത ജയ്സ്വാൾ ഹാർട്ട്‍ലിയുടെ പന്തിൽ ഒലീ പോപിന് പിടികൊടുത്ത് മടങ്ങിയതോടെ തകർച്ചയും തുടങ്ങി. രണ്ട് പന്ത് നേരിട്ട് റൺസൊന്നുമെടുക്കാനാവാതെ ശുഭ്മൻ ഗില്ലും ഇതേ രീതിയിൽ മടങ്ങി. വൈകാതെ 39 റൺസെടുത്ത രോഹിതും ഹാർട്ട്‍ലിക്കിരയായി. നായകൻ വിക്കറ്റിന് മുമ്പിൽ കുടുങ്ങുകയായിരുന്നു.
തുടർന്നെത്തിയ കെ.എൽ രാഹുലനെ (22) ജോ റൂട്ടും വിക്കറ്റിന് മുന്നിൽ കുടുക്കി. അക്സർ പട്ടേലിനെ (17) ഹാർട്ട്‍ലി സ്വന്തം ബാളിൽ പിടികൂടുകയും ശ്രേയസ് അയ്യരെ (13) ജാക്ക് ലീച്ച് ജോ റൂട്ടിന്റെ കൈയിലെത്തിക്കുകയും ചെയ്തതിന് പിന്നാലെ രവീന്ദ്ര ജദേജ (2) റണ്ണൗട്ടാവുകയും ചെയ്തതോടെ ഇന്ത്യ അപകടം മണത്തു. എന്നാൽ, എട്ടാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ ബാറ്റർ ശ്രീകർ ഭരതും അശ്വിനും പിടിച്ചുനിന്നതോടെ ഇന്ത്യ വീണ്ടും വിജയപ്രതീക്ഷയിലായി. ഇതിനിടെ ഹാർട്ട്‍ലി വീണ്ടും അവതരിച്ചു. 28 റൺസ് നേടിയ ഭരതിന്റെ സ്റ്റമ്പ് തെറിപ്പിച്ചപ്പോൾ അത്രയും റൺസെടുത്ത അശ്വിനെ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റമ്പ് ചെയ്തും പുറത്താക്കി. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 57 റൺസാണ് ചേർത്തത്. 12 റൺസെടുത്ത മുഹമ്മദ് സിറാജിനെ ഹാർട്ട്ലിയുടെ പന്തിൽ ബെൻ ഫോക്സ് സ്റ്റമ്പ് ചെയ്തതോടെ ഇന്ത്യൻ ഇന്നിങ്സിനും വിരാമമായി. ജസ്പ്രീത് ബുംറ ആറ് റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജോ റൂട്ട്, ജാക്ക് ലീച്ച് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.