ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ല, ഇപ്പോഴും ജീവനോടെയുണ്ട്...; വാർത്ത തിരുത്തി ഹെൻറി ഒലോങ്ക; ക്രിക്കറ്റ് ലോകത്ത് ആശയക്കുഴപ്പം
text_fieldsക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചെന്ന റിപ്പോർട്ടുകൾ തിരുത്തി മുൻ സിംബാബ്‌വെ താരം ഹെൻറി ഒലോങ്ക. ഹീത്ത് സ്ട്രീക്ക് ഇപ്പോഴും ജീവനോടെയുണ്ടെന്നും വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്നെന്നും ഒലോങ്ക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സ്ട്രീക്കുമായി നടത്തിയെന്ന് പറയുന്ന വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഒലോങ്ക കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന നേരത്തെയുള്ള ട്വീറ്റ് ഒലോങ്ക ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഒലോങ്കയുടെ പുതിയ ട്വീറ്റ് ക്രിക്കറ്റ് ലോകത്ത് വലിയ ആശയക്കുഴപ്പത്തിനിടയാക്കി.
‘ഹീത്ത് സ്ട്രീക്കിന്റെ വിയോഗത്തെക്കുറിച്ചുള്ള കിംവദന്തികൾ അതിശയോക്തി കലർന്നതാണെന്ന് വ്യക്തമായിരിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചു. അദ്ദേഹവുമായി ഞാൻ അൽപം മുമ്പ് സംസാരിച്ചു. തേഡ് അമ്പയർ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. പ്രിയരെ, അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ട്’ -ഓലോങ്ക ട്വീറ്റ് ചെയ്തു.
അർബുദ ബാധിതനായി ചികിത്സയിലിരിക്കെ സിംബാബ്‌വെയിലെ പ്രശസ്ത കായിക താരങ്ങളിലൊരാളായ സ്ട്രീക്ക് മരിച്ചെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. സിംബാബ്‌വെ ക്രിക്കറ്റിന്റെ സുവർണകാലമായ 1990 മുതൽ 2000ത്തിന്‍റെ തുടക്കം വരെയുള്ള കാലയളവിൽ ടീമിന്റെ നെടുന്തൂണായിരുന്നു ഈ ഓൾ റൗണ്ടർ. സിംബാബ്‌വെ ടീമിന്‍റെ നായകനായിരുന്ന സ്ട്രീക്ക് 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്‌വെക്കായി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്. 2005ലാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. പിന്നാലെ പരിശീലക വേഷത്തിലും സജീവമായിരുന്നു. ആഭ്യന്തര, രാജ്യാന്തര തലങ്ങളിലായി ഒട്ടേറെ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഐ.പി.എലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായിരുന്നു. ബംഗ്ലദേശ്, സിംബാബ്‍വെ ടീമുകളെയും പരിശീലിപ്പിച്ചു.
താരത്തിന്‍റെ നിര്യാണ വാർത്തയറിഞ്ഞ് മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.