ഐതിഹാസിക ഓർമകൾക്ക് മുന്നിലൊരു റീത്ത്
text_fieldsഹരാരെ: സിംബാബ്വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഹീത്ത് സ്ട്രീക്കിന്റെ (49) നിര്യാണത്തോടെ വിടപറഞ്ഞത് അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിലൊരാൾ. സിംബാബ്വെ ക്രിക്കറ്റിന്റെ സുവർണകാലമായ 1990 മുതൽ 2000ത്തിന്റെ തുടക്കം വരെയുള്ള കാലയളവിൽ ടീമിന്റെ നെടുന്തൂണായിരുന്നു ഹീത്ത് സ്ട്രീക്ക്.
1974 മാർച്ച് 16നാണ് ബുലാവോയിലാണ് സ്ട്രീക്ക് ജനിച്ചത്. 1993ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറി. 2005 വരെ സിംബാബ് വേക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലുമായി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇടക്ക് ക്യാപ്റ്റനുമായി. ആകെ 4933 റൺസും 455 വിക്കറ്റുകളും സ്വന്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ സിംബാബ്വെക്കായി കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയാണ്. 2004ൽ ക്രിക്കറ്റ് ബോർഡുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. ഒരു വർഷത്തിനു ശേഷം 31ാം വയസ്സിൽ വിരമിക്കുകയും ചെയ്തു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, വിസ്മൃതിയിലായ ഗുജറാത്ത് ലയൺസ്, ബംഗ്ലാദേശ്, സോമർസെറ്റ് ടീമുകളുടെ ബൗളിങ് പരിശീലകനായിരുന്നു. ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയുടെ കൺസൾട്ടന്റുമായിരുന്നു. 2021ൽ ഐ.സി.സി പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരിൽ എട്ട് വർഷത്തേക്ക് സ്ട്രീക്കിനെ ക്രിക്കറ്റിൽനിന്ന് വിലക്കി.
സിംബാബ്വെ മെറ്റാബെലെ ലാൻഡിലെ വസതിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ഭാര്യ നദിൻ സ്ട്രീക്കാണ് മരണവിവരം സ്ഥിരീകരിച്ചത്. അർബുദ രോഗ ബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു സ്ട്രീക്ക്.
കഴിഞ്ഞ മേയിൽ സിംബാബ് വേ താരം സീൻ വില്യംസാണ് രോഗാവസ്ഥയുടെ ഗൗരവം പുറംലോകത്തെ അറിയിച്ചത്. കുറേനാൾ ദക്ഷിണാഫ്രിക്കയിലായിരുന്നു ചികിത്സ. ഏതാനും ദിവസം മുമ്പ് ഹീത്ത് സ്ട്രീക്ക് മരിച്ചതായി അഭ്യൂഹങ്ങൾ വന്നിരുന്നെങ്കിലും അദ്ദേഹവുമായി ബന്ധപ്പെട്ടവർ നിഷേധിച്ചിരുന്നു. സ്ട്രീക്ക് വിടവാങ്ങിയെന്ന് സഹതാരമായിരുന്ന ഹെൻറി ഒലോങ്ക ട്വീറ്റ് ചെയ്തു. പിന്നീട് സ്ട്രീക്കുമായി ചാറ്റ് ചെയ്തതിന്റെ സ്ക്രീൻഷോട്ടടക്കം പുറത്തുവിട്ട് ഒലോങ്ക തന്നെ ഇത് തിരുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.