‘കളിയായാലും ജീവിതമായാലും ഹെൽമറ്റ് നന്നല്ലെങ്കിൽ ഔട്ടാകും’; മാത്യൂസിന്റെ ടൈംഡ് ഔട്ടിൽ എം.വി.ഡിയുടെയും ഡൽഹി പൊലീസിന്റെയും ബോധവത്കരണം
text_fieldsകഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കൻ താരം എയ്ഞ്ചലോ മാത്യൂസിന്റെ പുറത്താകൽ. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു താരം ടൈംഡ് ഔട്ടായി പുറത്തായി എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ഇതിനെ ഹെൽമറ്റ് ബോധവത്കരണത്തിന് ഉപയോഗിച്ചിരിക്കുകയാണ് കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും (എം.വി.ഡി) ഡൽഹി പൊലീസും.
ഹെൽമറ്റ് മരണത്തിൽനിന്ന് നിങ്ങളെ രക്ഷിക്കുമെന്ന രീതിയിലായിരുന്നു ഡൽഹി പൊലീസിന്റെ സോഷ്യൽ മീഡിയ പോസ്റ്റർ. ‘ഒരു മികച്ച ഹെൽമറ്റിന് നിങ്ങളെ ടൈംഡ് ഔട്ട് ആകുന്നതിൽനിന്ന് സംരക്ഷിക്കാൻ കഴിയും’ എന്നായിരുന്നു മാത്യൂസ് ഹെൽമറ്റ് പിടിച്ചിരിക്കുന്ന ചിത്രത്തിനൊപ്പം കുറിച്ചത്. തൊട്ടുപിന്നാലെ കേരള എം.വി.ഡിയും ബോധവത്കരണവുമായി എത്തി. ‘കളിയായാലും ജീവിതമായാലും ഹെൽമറ്റ് നന്നല്ലെങ്കിൽ ഔട്ടാകും’ എന്ന വാചകങ്ങളോടെയായിരുന്നു മാത്യൂസിന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്റർ. ഒരു കളിയിൽ ഔട്ടായാലും മറ്റൊരു കളിയിൽ അവസരം ലഭിച്ചേക്കും. എന്നാൽ, ജീവിതത്തിൽ രണ്ടാമതൊരു അവസരമില്ലെന്നോർക്കുകയെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
‘ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുടെ പ്രധാന സുരക്ഷാ കവചമാണ് ഹെൽമറ്റ്. അത് നിലവാരമുള്ളതായിരിക്കുവാനും ശരിയായ രീതിയിൽ ചിൻ സ്ട്രാപ് ബന്ധിച്ച് ധരിക്കാനും ശ്രദ്ധിക്കുക. ഒരു കളിയിൽ ഔട്ടായാലും മറ്റൊരു കളിയിൽ അവസരം ലഭിച്ചേക്കും. എന്നാൽ, ജീവിതത്തിൽ രണ്ടാമതൊരു അവസരമില്ല എന്നോർക്കുക!’, എന്നിങ്ങനെയായിരുന്നു പോസ്റ്ററിനൊപ്പം പങ്കുവെച്ച കുറിപ്പ്.
ശ്രീലങ്കന്‍ ഇന്നിങ്സിന്റെ 25ാം ഓവറിലായിരുന്നു എയ്ഞ്ചലോ മാത്യൂസിന്റെ വിവാദ പുറത്താകൽ. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലെത്തിയത്. എന്നാല്‍ ഹെല്‍മറ്റിലെ സ്ട്രാപ്പിന്‍റെ പ്രശ്നത്തെ തുടര്‍ന്ന് ബാളൊന്നും നേരിടാതെ താരം മറ്റൊരു ഹെൽമറ്റ് കൊണ്ടുവരാന്‍ ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കി. എന്നാൽ, ഇതെത്തിയപ്പോഴേക്കും സമയമേറെ വൈകിയിരുന്നു. ഇതോടെയാണ് മാത്യൂസിന്‍റെ വിക്കറ്റിനായി ബംഗ്ലാദേശ് താരങ്ങള്‍ അപ്പീല്‍ ചെയ്തത്. ബംഗ്ലാദേശ് നായകനോട് അപ്പീല്‍ പിന്‍വലിപ്പിക്കാന്‍ മാത്യൂസ് ശ്രമിച്ചിരുന്നു. എന്നാല്‍, ഷാകിബ് നിലപാട് മാറ്റാന്‍ തയാറാകാതിരുന്നതോടെ മാത്യൂസിന് മടങ്ങേണ്ടി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.