‘സിക്സർ മഴ’യിൽനിന്ന് രക്ഷപ്പെടാൻ ബാൾബോയ്സിനും ഹെൽമറ്റ്!; ഇങ്ങനെ പോയാൽ നിർബന്ധമെന്ന് ആരാധകർ
text_fieldsന്യൂഡൽഹി: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി കാപിറ്റൽസും തമ്മിൽ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാണികൾ കണ്ടത് സിക്സറിന്റെ പെരുമഴയായിരുന്നു. ടൂർണമെന്റ് ചരിത്രത്തിലെ റൺ റെക്കോഡ് ഈ സീസണിൽ രണ്ടുതവണ തിരുത്തിയ ഹൈദരാബാദ് ഡൽഹിക്ക് മുന്നിൽ കൂറ്റൻ വിജയലക്ഷ്യമാണ് ഒരുക്കിയത്. തകർപ്പൻ അർധസെഞ്ച്വറികളുമായി കളംവാണ ട്രാവിസ് ഹെഡും (32 പന്തില്‍ 89) ഷഹ്ബാസ് അഹ്മദും (29 പന്തിൽ 59) കൂറ്റനടികളിലൂടെ ഉശിരൻ തുടക്കമിട്ട അഭിഷേക് ശർമയും (12 പന്തിൽ 46) ചേർന്ന് ഡൽഹി ബൗളർമാരെ ആഞ്ഞുപ്രഹരിച്ചതോടെ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് അടിച്ചത് 266 റൺസാണ്.
മത്സരത്തിൽ 22 സിക്‌സുകളാണ് ഹൈദരാബാദ് ബാറ്റർമാർ പറത്തിയത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെയും അവർ ഇത്രയും സിക്‌സുകള്‍ അടിച്ചിരുന്നു. ഡല്‍ഹി മറുപടി ബാറ്റിങ്ങിനെത്തിയപ്പോഴും സിക്‌സുകൾ ഒഴുകി. 7.3 ഓവറായപ്പോഴേക്കും ഒമ്പത് സിക്‌സുകളാണ് ഡല്‍ഹി അടിച്ചെടുത്തത്. ഇതോടെ ബൗണ്ടറി ലൈനിനപ്പുറത്ത് പന്തെടുക്കാൻ നിൽക്കുന്ന കുട്ടികളുടെ സുരക്ഷക്കായി ഹെല്‍മെറ്റ് നൽകേണ്ടിവന്നു ഐ.പി.എൽ അധികൃതര്‍ക്ക്.
ഹെൽമറ്റിട്ട് നിൽക്കുന്ന ബാൾബായ്സാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ക്രിക്കറ്റ് ആരാധകരുടെ ചർച്ചാ വിഷയം. ക്രിക്കറ്റ് ചരിത്രത്തിൽ ഇങ്ങനെയൊരു ‘ഗതികേട്’ മുമ്പുണ്ടായിട്ടില്ലെന്നാണ് ആരാധകരുടെ പക്ഷം. ഐ.പി.എല്ലിൽ ഇങ്ങനെ സിക്സർ മഴ പെയ്താൽ വേറെ രക്ഷയില്ലെന്നും അഭിപ്രായമുണ്ട്.
ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന നാലാമത്തെ സ്‌കോര്‍ കൂടിയാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ഏറ്റവും ഉയര്‍ന്ന രണ്ട് സ്‌കോറുകളും അവരുടെ തന്നെ പേരിലാണ്. അതും ഇതേ സീസണില്‍. ആർ.സി.ബിക്കെതിരെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സ് നേടിയ ഹൈദരാബാദ് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരെ 277 റൺസും അടിച്ചെടുത്തിരുന്നു. വിശാഖപട്ടത്ത് ഡല്‍ഹിക്കെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ് അടിച്ചെടുത്ത 272 റണ്‍സാണ് മൂന്നാം സ്ഥാനത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.