ഇതാ ഇന്ത്യക്കായി കേരളത്തിന്റെ സാംസൺ ഗാലക്സി
text_fieldsതിരുവനന്തപുരം: വർഷങ്ങളോളം സന്താനഭാഗ്യമില്ലാതിരുന്ന മനോഹയുടെ ഭാര്യയോട് ആ മാലാഖ അരുളി- ‘‘നിനക്കൊരു കുഞ്ഞുണ്ടാവും, അവനുപക്ഷേ നീ വീഞ്ഞും മദ്യവും അശുദ്ധമായതൊന്നും തന്നെയും നൽകരുത്, ക്ഷൗരക്കത്തി തലയിൽ തൊടരുത് ’’ സാംസൺ എന്നുപേരായ മഹാബലവാനായ ആ പോരാളി തന്റെ നേരെ വന്ന പ്രതിബന്ധങ്ങളെയെല്ലാം തകർത്തെറിഞ്ഞു - ഹീബ്രു ബൈബിൾ, സാംസൺ അഥവാ ശിംശോൻ.
അവഗണനയുടെയും നിർഭാഗ്യത്തിന്റെയും ആലയിൽ ചുട്ടുപഴുത്ത ഇരുമ്പിന്റെ പേരാണ് സഞ്ജു വിശ്വനാഥൻ സാംസൺ. അയാളെയാണ് നിങ്ങൾ തോൽപ്പിക്കാൻ ശ്രമിക്കുന്നതെങ്കിൽ തോൽക്കുന്നത് നിങ്ങൾ തന്നെയായിരിക്കുമെന്ന് ഒരിക്കൽക്കൂടി കാലം തെളിയിച്ചിരിക്കുന്നു.
ലക്ഷക്കണക്കിന് വരുന്ന മലയാളി ക്രിക്കറ്റ് ആരാധകരുടെ ആഗ്രഹംപോലെ ശ്രീശാന്തിന് ശേഷം മറ്റൊരു മലയാളികൂടി ഇന്ത്യൻ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ടീമിലെത്തുമ്പോൾ കേരളം വിളിച്ചുപറയുന്നു 'ദിസ് ഈസ് ഔർ മല്ലു സാംസൺ' ഇതൊക്കെയായിട്ടും പാഡുകെട്ടിയ കാലം മുതൽ അവഗണനയുടെ ക്രീസിലായിരുന്നു സഞ്ജു.
ഐ.പി.എല്ലിലെ പ്രകടനങ്ങൾ ഒരുവിഭാഗം താരങ്ങൾക്ക് മാത്രം ഇന്ത്യൻ ടീമിലേക്കുള്ള വാതിലായപ്പോൾ പലപ്പോഴും പ്രധാനതാരങ്ങൾ മാറിനിൽക്കുമ്പോൾ മാത്രം ഇന്ത്യൻ ടീമിലേക്ക് അവസരം ലഭിക്കുകയായിരുന്നു സഞ്ജുവിന്. രാജസ്ഥാൻ റോയൽസ് പോലൊരു ഐ.പി.എൽ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോഴും അയാൾക്ക് ഇന്ത്യൻ ടീം വല്ലപ്പോഴും ചെന്നുകേറാവുന്ന രണ്ടാനച്ഛന്റെ വീടായിരുന്നു.
ഫോമിന്റെ പരകോടിയിലുള്ളപ്പോഴും സ്വന്തം നാട്ടുകാരുടെ മുന്നിൽ വെള്ളം ചുമന്ന് ഓടേണ്ടിവന്നവന്റെ ദുഃഖം കാര്യവട്ടം ഗ്രീൻഫീൽഡ് കണ്ടിട്ടുണ്ട്. വിദേശപരമ്പരകളിൽ ടീമിലെടുത്തിട്ടും അവസരം ലഭിക്കാതെയാകുമ്പോൾ ടാക്സി വാടകക്കെടുത്ത് ആ നാട് ചുറ്റിക്കാണാൻ പോകുന്നതിനെക്കുറിച്ച് സഞ്ജു പറഞ്ഞിട്ടുണ്ട്.
2015 ജൂലൈയിൽ സിംബാബ്വെക്കെതിരെയാണ് സഞ്ജു സാംസണ് ഇന്ത്യക്കായി ട്വന്റി20യിൽ അരങ്ങേറിയത്. പക്ഷേ, ഇതുവരെ കളിച്ചത് 25 രാജ്യാന്തര ട്വന്റി20 മത്സരങ്ങളും 15 ഏകദിനങ്ങളും മാത്രം. സമപ്രായക്കാരായ ഇഷാൻ കിഷനും ഋഷഭ് പന്തിനും ലഭിച്ച പരിഗണന ഒരിക്കലും ഇന്ത്യൻ ക്രിക്കറ്റ് ഈ മലയാളിപ്പയ്യന് നൽകിയില്ലെന്നത് പച്ചയായ യാഥാർഥ്യം.
ഐ.പി.എല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐ.സി.സിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചില്ല. ഇക്കഴിഞ്ഞ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഏറെ നിരാശനായ ഒരാള്‍ സഞ്ജുവായിരുന്നു. ഏഷ്യൻ ഗെയിംസിലേക്കും ഏഷ്യകപ്പിലേക്കും അയാളെ ബി.സി.സി.ഐ പരിഗണിച്ചേയില്ല.
ടീമിനായി സാഹചര്യത്തിനൊത്ത് കളിക്കുന്നില്ലെന്ന വിമര്‍ശനമായിരുന്നു ഗവാസ്കറും മലയാളിതാരം ശ്രീശാന്തടക്കമുള്ള മുന്‍ താരങ്ങളടക്കം പലരും സഞ്ജുവിനെതിരെ അന്ന് ഉയര്‍ത്തിയത്. ഒടുവിൽ 2023 ഡിസംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെ തന്റെ കന്നി സെഞ്ച്വറി അടിച്ച് സഞ്ജു വിമർശകരുടെ വായ് അടപ്പിച്ചു.
2024 ഐ.പി.എല്ലിൽ രാജസ്ഥാനായി ഒമ്പതുമത്സരങ്ങളിൽനിന്ന് 385 റൺസാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നിട്ടുള്ളത്. പുറത്താകാതെ നേടിയ 82 റണ്‍സ് ഉള്‍പ്പെടെ നാല് അര്‍ധ സെഞ്ച്വറികള്‍ ചേര്‍ന്നതാണിത്. സ്ഥിരതയില്ലെന്ന വിമർശനത്തിന് ചുട്ട മറുപടി. ഓറഞ്ച് ക്യാപ്പുമായി ഒന്നാംസ്ഥാനത്തുള്ള വിരാട് കോഹ്ലിയെക്കാള് ആവറേജിലും സ്ട്രൈക്ക് റേറ്റിലും മുന്നിലാണ് ഈ മലയാളി പയ്യൻ. ആദ്യ പത്തില്‍ സഞ്ജുവിനെക്കാള്‍ സ്ട്രൈക്ക് റേറ്റുള്ളത് ട്രാവിസ് ഹെഡിനും സുനില്‍ നരെയ്നും മാത്രം.
തോറ്റെന്ന് വിധിയെഴുതി തുടങ്ങുമ്പോഴൊക്കൊയും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ സഞ്ജു എന്നും ഉയിർത്തെഴുന്നേറ്റിട്ടുണ്ട്. അയാളെ അവഗണിച്ച് തളർത്തിക്കളയാമെന്ന് അറിയാതെ പോലും ചിന്തിക്കാനാവില്ലെന്ന് ജയ്പൂരിന്റെ രാജകുമാരൻ വീണ്ടും തെളിയിച്ചിരിക്കുന്നു. ഇനി കാത്തിരിക്കാം, നീല ജഴ്സിയിലെ ഒമ്പതാം നമ്പറിൽ പിറക്കുന്ന മറ്റൊരു ചരിത്രത്തിനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.