ധോണിയെ എന്തുകൊണ്ട് ഐ.സി.സി ‘ഹാൾ ഓഫ് ഫെയിമി’ൽ ഉൾപ്പെടുത്തിയില്ല..? ഇതാണ് കാരണം..!
text_fieldsഅന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ഹാൾ ഓഫ് ഫെയിം നിരയിലേക്ക് മുൻ ഇന്ത്യൻ ഓപണർ വീരേന്ദർ സെവാഗ് അടക്കം മൂന്ന് താരങ്ങൾ കൂടി ഇടംനേടിയത് കഴിഞ്ഞ ദിവസമായിരുന്നു. സെവാഗിനെ കൂടാതെ, ശ്രീലങ്കൻ ഇതിഹാസം അരവിന്ദ ഡി സിൽവയും മുൻ ഇന്ത്യൻ വനിതാ ടെസ്റ്റ് ടീം ക്യാപ്റ്റൻ ഡയാന എഡുൽജിയുമാണ് ഇതിഹാസ നിരയിലേക്ക് ഈ വർഷം പരിഗണിക്കപ്പെട്ടത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഇന്ന് നടക്കാനിരിക്കുന്ന സെമി ഫൈനലിന് മുന്നോടിയായി ഹാള്‍ ഓഫ് ഫെയിം ചടങ്ങ് നടത്തും.
എന്നാൽ, 2020-ൽ വിരമിച്ചിട്ടും ഇന്ത്യയുടെ ഇതിഹാസ നായകൻ എം.എസ് ധോണിക്ക് എന്തുകൊണ്ട് ഹാൾ ഓഫ് ഫെയിമിൽ ഇടം കിട്ടിയില്ല എന്ന ചോദ്യങ്ങൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ഉയരുന്നുണ്ട്. ഐ.പി.എല്ലിൽ കളിക്കുന്നത് കൊണ്ടാണോ അതെന്ന സംശയവും ചിലർ പ്രകടിപ്പിച്ചു. എന്നാൽ, ധോണിയെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്താതിരിക്കാൻ അതൊന്നുമല്ല കാരണം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമാണ് താരങ്ങളെ ഹാള്‍ ഓഫ് ഫെയിമിന് പരിഗണിക്കുക. 2019ലെ ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനെതിരേയാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്. 2020-ൽ അദ്ദേഹം വിരമിക്കുകയും ചെയ്തു. അതിനാൽ, ഐ.സി.സിയുടെ നിയമം അനുസരിച്ച് ധോണിയെ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തണമെങ്കിൽ 2025 വരെ കാത്തിരിക്കണം.
ഇന്ത്യക്ക് ലോകകപ്പ് അടക്കം പ്രധാന ഐ.സി.സി കിരീടങ്ങൾ നേടിക്കൊടുത്ത ധോണി മികച്ച നായകന് പുറമേ വിക്കറ്റ് കീപ്പറായും ഫിനിഷറായുമൊക്കെ പേരെടുത്തിട്ടുണ്ട്. ഇന്ത്യക്കായി 90 ടെസ്റ്റും 350 ഏകദിനവും 98 ടി20യും ധോണി കളിച്ചിട്ടുണ്ട്. ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ ഒന്നാമത് എത്തിച്ച നായകൻ കൂടിയാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.