ഇന്ത്യയുടെ എതിരാളികൾ പാകിസ്താനെങ്കിൽ സെമി പോരാട്ടത്തിന് മുംബൈ വേദിയാകില്ല; കാരണം ഇതാണ്...
text_fieldsഏകദിന ലോകകപ്പിൽ സെമി ഫൈനൽ കളിക്കുന്ന നാലാമൻ ആരെന്ന ചോദ്യത്തിനു മാത്രമാണ് ഇനി ഉത്തരം കിട്ടാനുള്ളത്. ഒന്നാം സ്ഥാനക്കാരായി ആധികാരികമായി തന്നെയാണ് ആതിഥേയ രാജ്യമായ ഇന്ത്യ സെമിയിലെത്തിയത്.
ഒരു മത്സരം ബാക്കി നിൽക്കെ, ദക്ഷിണാഫ്രിക്ക രണ്ടാമതും ആസ്ട്രേലിയ മൂന്നാമതുമാണ്. ഇരുവർക്കും 12 പോയന്‍റാണെങ്കിലും റൺ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രോട്ടീസ് മുന്നിലുള്ളത്. നാലാമതായി സെമിയിലെത്തുന്ന ടീമാകും ഇന്ത്യയുടെ എതിരാളികൾ. ന്യൂസിലൻഡ്, പാകിസ്താൻ, അഫ്ഗാനിസ്താൻ ടീമുകളാണ് സെമി സ്വപ്നവും കണ്ടിരിക്കുന്നത്.
അതുകൊണ്ടുതന്നെ ഇവരുടെ അവസാന മത്സരം നിർണായകമാണ്. മൂവർക്കും എട്ടു പോയന്‍റാണെങ്കിലും റൺ റേറ്റിൽ ന്യൂസിലൻഡാണ് മുന്നിലുള്ളത്. ശ്രീലങ്കക്കെതിരെ ഒരു ജയം മാത്രം മതി അവർക്ക് സെമിയിലെത്താൻ. എന്നാൽ, പാകിസ്താനും അഫ്ഗാനിസ്താനും വൻ മാർജിനിൽ ജയിക്കണം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും സെമിയിൽ ഒരിക്കൽകൂടി ഒരു ഇന്ത്യ-പാകിസ്താൻ ത്രില്ലർ പോരാട്ടം നടക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികളെത്തിയതും ഇന്ത്യ-പാകിസ്താൻ മത്സരത്തിനായിരുന്നു. ഒന്നാം സെമി മുംബൈ വാംഖഡെ സ്റ്റേഡിയത്തിലും രണ്ടാം സെമി കൊൽക്കത്ത ഈഡൻ ഗാർഡനിലുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരുമാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ രണ്ടും മൂന്നൂം സ്ഥാനക്കാർ.
ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയതിനാൽ മുംബൈയിലാകും മത്സരം. എന്നാൽ, എതിരാളികൾ പാകിസ്താനാണെങ്കിൽ സെമി മത്സരങ്ങളുടെ വേദികൾ പരസ്പരം മാറും. ഒന്നാം സെമി ഈഡൻ ഗാർഡനിലും രണ്ടാം സെമി വാംഖഡെയിലും നടക്കും. പാകിസ്താന്‍റെ മത്സരങ്ങൾ മുംബൈയിൽ നടത്തില്ലെന്ന് നേരത്തെ തന്നെ ഐ.സി.സിയും ബി.സി.സിഐയും തീരുമാനിച്ചതാണ്. പാകിസ്താൻ അവസാനമായി മുംബൈയിൽ കളിച്ചത് 1979ലാണ്.
അന്ന് ടെസ്റ്റിൽ ഇന്ത്യയോട് പരാജയപ്പെട്ടശേഷം ഇതുവരെ മുംബൈയുടെ മണ്ണ് ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയായിട്ടില്ല. രാഷ്ട്രീയ കാരണങ്ങളെയും യുദ്ധത്തെയും തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് ക്രിക്കറ്റ് ബന്ധത്തിനും കടിഞ്ഞാണിട്ടു. 1965, 1971 വര്‍ഷങ്ങളിലെ യുദ്ധങ്ങള്‍ക്ക് ശേഷം 1978 വരെ ഇരുവരും തമ്മില്‍ കളിച്ചിട്ടില്ല. പിന്നീട് പലപ്പോഴും നിഷ്പക്ഷ വേദികളില്‍ മാത്രമാണ് ഇരുവരും ഏറ്റുമുട്ടിയത്.
ശക്തമായി എതിർപ്പിനെ തുടർന്ന് 1991, 1993 വർഷങ്ങളിൽ പാകിസ്താൻ ടീമിന്‍റെ പര്യടനം റദ്ദാക്കി. പിന്നീട് 2003ന് ശേഷമാണ് പരസ്പരം പര്യടനങ്ങള്‍ക്കിറങ്ങുന്നത്. എന്നാല്‍ 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം വീണ്ടും ക്രിക്കറ്റ് ബന്ധം വഷളായി. അവിടെ നിന്നിങ്ങോട്ട് ഐ.സി.സി ടൂര്‍ണമെന്‍റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്‍റുകളിലും മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്.
കഴിഞ്ഞ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ശക്തമായ എതിർപ്പിനെ തുടർന്നാണ് പാകിസ്താനു പുറമെ, ശ്രീലങ്കയും വേദിയായത്. പാകിസ്താനിൽ ഇന്ത്യ കളിക്കില്ലെന്ന് ബി.സി.സി.ഐ നിലപാട് അറിയിച്ചതോടെയാണ് ലങ്കക്കും നറുക്കുവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.