ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്നും സ്പിൻ ഇതിഹാസം ആർ. അശ്വിൻ; വിവാദം
text_fieldsചെന്നൈ: ഹിന്ദി ദേശീയ ഭാഷാ വിവാദത്തിനിടെ നിലപാട് വ്യക്തമാക്കി മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ. ഹിന്ദി ദേശീയ ഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമാണെന്ന് താരം പറഞ്ഞു. ചെന്നൈയിൽ ഒരു സ്വകാര്യ എൻജിനീയറിങ് കോളജിന്‍റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
വേദിയിൽ സംസാരിക്കുന്നതിനിടെ, എത്രപേർക്ക് ഇംഗ്ലീഷും തമിഴും ഹിന്ദിയും മനസ്സിലാകുമെന്ന് താരം വിദ്യാർഥികളോട് ചോദിക്കുന്നുണ്ട്. ഏതാനും കുട്ടികൾ മാത്രമാണ് ഇംഗ്ലീഷ് മനസ്സിലാകുമെന്ന് മറുപടി പറയുന്നത്. എത്ര പേർക്ക് ഹിന്ദി അറിയുമെന്ന് ചോദിച്ചപ്പോൾ വിദ്യാർഥികളിൽനിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. അതേസമയം, തമിഴ് അറിയുമോ എന്ന ചോദ്യത്തിന് വിദ്യാർഥികൾ വലിയ ശബ്ദത്തോടെയാണ് മറുപടി നൽകിയത്. പിന്നാലെയാണ് ഹിന്ദി ഔദ്യോഗിക ഭാഷയാണെന്നും ദേശീയ ഭാഷയല്ലെന്നും അശ്വിൻ പറഞ്ഞത്.
ഏറെ നാളായി ബി.ജെ.പിയുടെ നേതൃത്വത്തിൽ ഹിന്ദിയെ മുൻനിർത്തി ഒരു രാജ്യം ഒരു ഭാഷ എന്ന പ്രാചരണവും ഹിന്ദി രാജ്യത്തെ ഒന്നിപ്പിക്കാനുള്ള ഭാഷയായും പ്രചാരണം നടക്കുന്നുണ്ട്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരക്കിടെ അപ്രതീക്ഷിതമായാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്.
അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ മാത്രമാണ് താരം കളിച്ചത്. അനിൽ കുംബ്ലെക്കുശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്പിന്നറാണ്.ഇന്ത്യക്കായി ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ രണ്ടാമത്തെ താരമാണ് അശ്വിൻ. 106 ടെസ്റ്റ് മത്സരങ്ങളിൽനിന്നായി 537 വിക്കറ്റുകളും 116 ഏകദിനങ്ങളിൽനിന്ന് 156 വിക്കറ്റുകളും നേടിയിട്ടുണ്ട്. ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.