Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏറെ ചരിത്രം

ഏറെ ചരിത്രം

text_fields
bookmark_border
ഏറെ ചരിത്രം
cancel

ലോകം കാൽപന്തുകളിയോടൊപ്പം സഞ്ചരിച്ചിരുന്ന കാലഘട്ടത്തിലാണ് ക്രിക്കറ്റ് ലോകകപ്പിന്‍റെ വരവ്. താരതമ്യേന കാണികൾ കുറവായിരുന്ന ക്രിക്കറ്റ് ജനപ്രീതിയാർജിച്ചത് ചുരുങ്ങിയ കാലയളവിലാണ്. പക്ഷെ ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കണികളുള്ള കായിക ഇനത്തിൽ ക്രിക്കറ്റുമുണ്ട്. 2019 ലെ ലോകകപ്പ് മാത്രം കണ്ടത് 2.6 ബില്യൺ മനുഷ്യരാണ്.

ആദ്യ കാലങ്ങളിൽ ക്രിക്കറ്റിന്‍റെ മുഖം ടെസ്റ്റ് മത്സരങ്ങളിലായിരുന്നു. രണ്ട് രാജ്യങ്ങൾ തമ്മിൽ ആദ്യമായി കളിച്ചതും ടെസ്റ്റ് മത്സരങ്ങളാണ്. അന്താരാഷ്ട്ര മത്സരമെന്നോണം ആദ്യ ടെസ്റ്റ് കളിച്ചത് ആസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ്. പിന്നീട് 1912ൽ ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റിലേക്കുള്ള വരവോടെ അവരെയും ചേർത്തായി മത്സരങ്ങൾ. ത്രിരാഷ്ട്ര മത്സരങ്ങൾ കളിക്കാൻ തീരുമാനിച്ച ടെസ്റ്റിന് അക്കാലത്ത് അത്ര ജനപ്രീതി ലഭിച്ചില്ല. പിന്നീട് അന്താരാഷ്ട്ര ടെസ്റ്റ് മത്സരപരമ്പരകൾ‍ രണ്ട് ടീമുകൾ തമ്മിൽ മാത്രമായാണ് സംഘടിപ്പിച്ചത്. 17 ആം നൂറ്റണ്ട് മുതലാണ് ക്രിക്കറ്റിന്‍റെ ഉത്ഭവമെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ അതിന് മുമ്പ് തന്നെ ഇംഗ്ലണ്ടിന്‍റെ പുൽത്തകിടുകളിൽ പലരും ക്രിക്കറ്റിന്‍റെ ആദ്യരൂപങ്ങൾ പടുത്തു തുടങ്ങിയിരുന്നു എന്ന് പറയപ്പെടുന്നു, ടെസ്റ്റ് മത്സരങ്ങൾക്ക് മാത്രം പ്രചാരം കിട്ടിയ ആദ്യകാലങ്ങളെ 1960 വരെ ക്രിക്കറ്റ് അങ്ങനെ തന്നെ കൊണ്ടുപോയി.

1960-കളുടെ തുടക്കത്തിൽ വരെ നിശ്ചിത ഓവർ മത്സരങ്ങൾ രംഗപ്രവേശം ചെയ്തിരുന്നില്ല. 1963ൽ ഇംഗ്ലീഷ് ആഭ്യന്തര ലീഗിലാണ് നിയന്ത്രിത ഓവർ അഥവാ ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചത്. ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീമുകൾ പരീ‍ക്ഷണാർഥം ഒരു ദിവസം മാത്രം നീണ്ടു നിൽക്കുന്ന ദൈർഘ്യം കുറഞ്ഞ മത്സരങ്ങൾ കളിച്ച് തുടങ്ങി. ടീമുകളുടെ നോക്കൗട്ട് മത്സര രൂപത്തിൽ നടത്തപ്പെട്ട ടൂർണമെന്‍റുകൾക്ക് അക്കാലത്ത് ജനപ്രീതി വർധിച്ചു. 1971 ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ അഞ്ചാം ദിവസം മഴ മൂലം മുടങ്ങിയ ഒരു മത്സരത്തിന് പകരമായും കാണികളുടെ തൃപ്തിക്കുമായി അവർ നിശ്ചിത ഓവർ മത്സരം നടത്താൻ തീരുമാനിച്ചു. ഒരു ഓവറിൽ 8 പന്തെന്ന നിലക്ക് 40 ഓവറുകളിലായി നടത്തിയ ആ മത്സരമാണ് ആദ്യ അന്താരാഷ്ട്ര ഏകദിന മത്സരമായി കണക്കാക്കുന്നത്.

പരിമിത ഓവർ ക്രിക്കറ്റിന്‍റെ മേന്മ ഒരു ദിവസം കൊണ്ട് കളിയുടെ ഫലം അറിയാം എന്നുള്ളതായിരുന്നു. പ്രാചീന കളിയാസ്വാദകർ അക്കാലത്ത് ഏകദിന മത്സരങ്ങളെ എതിർത്തിരുന്നുവെങ്കിലും ജോലിയും മറ്റുമായി തിരക്കുകളിൽ അകപ്പെട്ട ഒരു സമൂഹത്തിൽ ഏകദിന ക്രിക്കറ്റിന് സ്വാധീനം ചെലുത്താനായി. അന്ന് ആ മത്സരത്തിന് മെൽബണിൽ കിട്ടിയ ആവേശവും അതിന് ശേഷം പലരാജ്യങ്ങളിലായി നിശ്ചിത ഓവർ ക്രിക്കറ്റിന് ലഭിച്ച സ്വീകാര്യതയും ഐ.സി.സിയെ പതിയെ ക്രിക്കറ്റ് ലോകകപ്പെന്ന ആശയത്തിലെത്തിച്ചു. 1975 ൽ സ്ഥിരാംഗത്വമുള്ള ആറ് രാജ്യങ്ങളേയും മറ്റ് രണ്ട് രാജ്യങ്ങളേയും ഉൾപ്പെടുത്തി ആദ്യ ലോകകപ്പ് ടൂർണമെന്‍റിന് കളമൊരുക്കാൻ ഐ.സി.സി സജ്ജരായി.

1975-1979-1983

ആതിഥേയരായി ഇംഗ്ലണ്ട് മാത്രം

എല്ലാം കൊണ്ടും ലോകകപ്പ് ടൂർണമെന്‍റുകൾ നടത്താൻ അക്കാലത്ത് ശേഷിയുണ്ടായിരുന്ന ഒരേയൊരു രാജ്യം ഇംഗ്ലണ്ട് മാത്രമായിരുന്നു. ഗ്രൗണ്ടുകൾ, ഒഫീഷ്യലുകൾ, സാമ്പത്തികം മുതലായ ക്രിക്കറ്റിന് ആവശ്യമായ എല്ലാം അക്കാലത്ത് ഇംഗ്ലണ്ടിന്‍റെ പക്കലുണ്ടായിരുന്നു. എന്നാൽ പ്രാരംഭ ടൂർണമെന്‍റ് മുതൽ 1983 ലെ ടൂർണമെന്‍റു വരെ ലോകകപ്പ് അറിയപ്പെട്ടിരുന്നത് പ്രുഡൻഷ്യൽ കപ്പ് എന്ന നിലിയിലായിരുന്നു. ബ്രിട്ടൻ ആസ്ഥാനമായ ഒരു ഇൻഷുറൻസ് കമ്പനിയായിരുന്ന പ്രുഡൻഷ്യൽ പി.എൽ.സി. അവരുടെ സ്പോൺസർഷിപ്പിൽ നടത്തിയ ടൂർണമെന്‍റായതിനാലാണ് 1983 വരെയുള്ള ലോകകപ്പുകൾ പ്രുഡൻഷ്യൽ കപ്പ് എന്ന പേരിൽ അറിയപ്പെട്ടിരുന്നത്.

1975 ജൂൺ ഏഴിനാണ് ടൂർണമെന്‍റ് ആരംഭിച്ചത്. പകൽ വെളിച്ചത്തിൽ നടന്ന ടൂർണമെന്‍റിൽ ടീമുകൾ വെള്ള ജേഴ്സിയും ചുവന്ന പന്തുമായിരുന്നു ഉപയോഗിച്ചിരുന്നത്. 60 ഓവറുകൾ ഉള്ള മത്സരങ്ങളായിരുന്നു ആദ്യ ലോകകപ്പിലേത്. അത് 1983 ലോകകപ്പ് വരെ അങ്ങനെ തുടർന്നു. അക്കാലത്ത് ടെസ്റ്റ് പദവിയുള്ള 6 രാജ്യങ്ങളായ ഓസ്ട്രേലിയ, ഇന്ത്യ, പാകിസ്താൻ, വെസ്റ്റിന്‍റീസ്, ഇംഗ്ലണ്ട്, ന്യൂസിലാന്‍റ് കൂടാതെ ശ്രീലങ്കയും, കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള ഒരു സംയുക്ത ടീമുമടക്കം 8 ടീമുകളായിരുന്നു മത്സരച്ചത്. വർണ്ണവിവേചനം മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നതിൽ വിലക്കേർപ്പെടുത്തപ്പെട്ട ദക്ഷിണാഫ്രിക്കക്ക്‌ പ്രാരംഭ ലോകകപ്പിൽ പങ്കെടുക്കാനായില്ല. ലോർഡ്സിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തിയ വെസ്റ്റിന്‍റീസാണ് ആദ്യ ലോകകപ്പ് കിരീടധാരകർ.

1979ൽ ടെസ്റ്റ് പദവിയുള്ള ആറ് രാജ്യങ്ങൾക്ക് പുറമെ ശ്രീലങ്കയും കാനഡയുമാണ് യോഗ്യത നേടി‍യത്. ആ ലോകകപ്പിലേക്കാണ് യോഗ്യത നിർണയിക്കാൻ ടെസ്റ്റ് കളിക്കാത്ത ടീമുകളെ തിരഞ്ഞെടുക്കുന്നതിനായി ഐ.സി.സി ട്രോഫി മത്സരം സംഘടിപ്പത്. ഇംഗ്ലണ്ടിൽ വെച്ച് തന്നെ നടന്ന ആ ലോകകപ്പിൽ ആതിഥേയരെ 92 റൺസിന് പരാചയപ്പെടുത്തി വെസ്റ്റിന്‍റീസ് രണ്ടാം ലോക രാജക്കന്മാരായി. 1979 ലോകകപ്പിന് ശേഷമാണ് ടൂർണമെന്‍റ് ചതുർ വാർഷിക നിലയിൽ നടത്താൻ ഐ.സി.സി തീരുമാനിക്കുന്നത്.

1983 ൽ വീണ്ടും ലോകകപ്പിനായി ഇംഗ്ലണ്ടിന്‍റെ മണ്ണിൽ തന്നെ പിച്ചൊരുങ്ങി. ഇത്തവണ ശ്രീലങ്ക ടെസ്റ്റ് പദവി ലഭിച്ച രാജ്യങ്ങളിലൊന്നായി മാറിയിരുന്നു. കൂടാതെ എട്ടാമനായി സിംബാബ്‌വെ ഐ.സി.സി ട്രോഫിയിലൂടെ യോഗ്യത നേടി. നാല് ഫീൽഡർമാരെ എപ്പോഴും ഫീൽഡിംഗ് സർക്കിളിൽ (സ്റ്റമ്പിൽ നിന്ന് 30 യാർഡ് (27 മീറ്റർ)) നിലനിർത്തണം എന്ന നിബന്ധന കൊണ്ടു വന്നത് 1983 ലെ ലോകകപ്പിലാണ്. നോക്ക് ഔട്ട് മത്സരങ്ങൾക്ക് മുമ്പ് പ്രാഥമിക മത്സരങ്ങളിൽ, നാലു ടീമുകൾ വീതം രണ്ട് ഗ്രൂപ്പുകളായി തിരിച്ച് മത്സരങ്ങൾ ക്രമീകരിച്ചു. അവസാന നാലും കടന്ന് ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെ 43 റൺസിന് അട്ടിമറിച്ചാണ് ഇന്ത്യ ചാമ്പ്യൻമാരായത്.

1987 -1992-1996 കിരീടത്തിന് വ്യത്യസ്ഥ അവകാശികൾ

ആദ്യ രണ്ട് ലോകകപ്പുകളും നേടിയത് വെസ്റ്റിൻഡിസായിരുന്നു. മൂന്നാം തവണ ഇന്ത്യയും നേടി. എന്നാൽ 1987 മുതൽ 1996 വരെ കിരീടത്തിന് വ്യത്യസ്ഥ അവകാശികളായിരുന്നു.

തുടർച്ചയായ മൂന്ന് ലോകകപ്പുകൾക്ക് ശേഷം ആതിഥേയത്വം ഇംഗ്ലണ്ടിൽ നിന്ന് പുറത്ത് പോയ ലോകകപ്പാണ് 1987 ലേത്. ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായാണ് ആ ടൂർണമെന്‍റിന് ആതിഥേയത്വം വഹിച്ചത്. ഇംഗ്ലണ്ടിനെ അപേക്ഷിച്ച് ഇന്ത്യയിലെ പകൽ ദൈർഘ്യം കുറവായതിനാൽ 60 ഓവർ മത്സരങ്ങൽ 50 ആക്കി കുറച്ചത് 1987 ലെ ലോകകപ്പിലാണ്. അവസാന ലോകകപ്പിൽ ചാമ്പ്യന്മാരായ ഇന്ത്യക്ക് സ്വന്തം മണ്ണിൽ തിളങ്ങാനായില്ല. ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ തങ്ങളുടെ കിരീട നേട്ടത്തിന് തുടക്കം കുറിച്ചു.

1992 ലോകകപ്പ് ക്രിക്കറ്റ് യുഗത്തിന്‍റെ നിർണായകമായ ചില മാറ്റങ്ങൾക്ക് വിധേയമായ ഒന്നാണ്. വെള്ള ജേഴ്സിയും ചുവന്ന പന്തും എന്ന പാരമ്പര്യം മാറ്റമില്ലാതെ 1992 വരെ തുടർന്നിരുന്നു,അതിനൊരു മാറ്റം വന്നത് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന അഞ്ചാം ലോകകപ്പിലാണ്. വ്യത്യസ്ത തരം ജേഴ്സികളിലായി ടീമുകൽ ഗ്രൗണ്ടിലിറങ്ങി മത്സരങ്ങളെ വർണാഭമാക്കി. പകലിൽ മാത്രം നടന്നിരുന്ന മത്സരങ്ങൾ രാത്രിയുടെ ഫ്ലഡ് ലൈറ്റുകളുടെ കീഴിലായതും ഇതേ ലോകകപ്പിലാണ്. ഫീൽഡിംഗ് നിയന്ത്രണ നിയമങ്ങളിലും മാറ്റം വന്നു. വർണ്ണ വിവേചനത്തിന്‍റെ പേരിൽ വിലക്ക് നേരിട്ടിരുന്ന ദക്ഷിണാഫ്രിക്ക ആദ്യമായി ലോകകപ്പിൽ പാഡണിഞ്ഞത് 1992ലെ ലോകകപ്പിലാണ്. എട്ട് ടീമുകൾ മാത്രം കളിച്ചിരുന്ന ടൂർണമെന്‍റിലേക്ക് ദക്ഷിണാഫ്രിക്ക കൂടെ വന്നപ്പോൾ ടീമുകളുടെ എണ്ണം ഒമ്പതാക്കി. അസോസിയേറ്റ് മെമ്പറായ സിംബാവെ ആയിരുന്നു ഒമ്പതാമൻ. ബെൻസൻ ആൻഡ് ഹെഡ്ജ് എന്ന പേരിൽ അറിയപ്പെടുന്ന 92 ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ 22 റൺസിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ തങ്ങളുടെ ആദ്യ കിരീടം നാട്ടിലെത്തിച്ചു. ഇന്ത്യ നേടിയ ലോകകപ്പ് ഞങ്ങളും നേടിയെന്ന ആത്മസംതൃപ്തി അക്കാലത്ത് പാക്കിസ്ഥാനുണ്ടായിരുന്നു.

1996 ൽ വീണ്ടും ആതിഥേയത്വം ഇന്ത്യൻ പരിസരത്തക്ക് വന്നു. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായാണ് ഇത്തവണ ലോകകപ്പ് നടത്തിയത്. പ്രധാനമായും ഇന്ത്യയിൽ വെച്ചായിരുന്നു മത്സരങ്ങൾ. ആദ്യമായി 12 ടീമുകൾ മാറ്റുരച്ച ലോകകപ്പായിരുന്നു 1996ലേത്. ഐ.സി.സി സ്ഥിരാംഗമായി യോഗ്യത നേടിയ സിംബാവേക്ക് പുറമെ അസോസിയേറ്റ് മെമ്പർമാരായ കെനിയ, നെതർലാൻഡ്സ്, യു.എ.ഇ എന്നിവർ ഐ.സി.സി ട്രോഫി വഴിയും യോഗ്യത നേടി. ഇവരുടെ ആദ്യ ലോകകപ്പ് ടൂർണമെന്‍റുകൂടിയായിരുന്നു 1996ലേത്.

പ്രാഥമിക ഘട്ടത്തിലെ ചില മത്സരങ്ങൾക്ക് മാത്രം വേദിയായ ശ്രീലങ്ക ലാഹോറിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി അവരുടെ കന്നി കിരീടം നേടി.

1999-2003-2007 ഓസ്ട്രേലിയൻ തേരോട്ടം

1999 മുതൽ 2007 വരെയുള്ള ലോകകപ്പ് ഓസ്ട്രേലിയയുടെ വിജയ തേരോട്ടമായിരുന്നു. മൂന്ന് തവണ തുടർച്ചയായി ലോകകപ്പ് നേടിയ ടീമെന്ന റെക്കോർഡും ഖ്യാതിയും ഇന്നും ഓസ്ട്രേലിയയെ വിട്ടു പോയിട്ടുമില്ല. നാല് വർഷം കൂടുമ്പോൾ നടത്തിയ ടൂർണമെന്‍റ് ഇത്തവണ ചില അഭിപ്രായങ്ങളുടെ നിരീക്ഷണത്തിൽ മൂന്ന് വർഷം കഴിഞ്ഞപ്പോൾ നടത്താൻ ഐ.സി.സി തീരുമാനിച്ചു. ഇത്തവണ കളിയുടെ ആതിഥേയത്വം ഇംഗ്ലണ്ടിലേക്ക് തന്നെപോയി. എന്നാൽ ചില മത്സരങ്ങൾ അയൽ രാജ്യങ്ങളായ സ്കോട്ട്ലൻഡ്, അയർലൻഡ്, വെയിൽസ്, നെതർലാൻഡ്സ് എന്നിവിടങ്ങളിലും നടന്നിരുന്നു. 12 ടീമുകൾ തന്നെയായിരുന്നു ഇത്തവണയും ഏറ്റുമുട്ടിയത്. സ്കോട്ട്ലാന്‍റും ബംഗ്ലാദേശും രംഗപ്രവേശം ചെയ്തത് ഈ ലോകകപ്പിലാണ്. ഫൈനലിൽ ഓസ്‌ട്രേലിയ പാകിസ്ഥാനെതിനെതിരെ എട്ട് വിക്കറ്റ് ജയം കരസ്ഥമാക്കി തങ്ങളുടെ രണ്ടാം കിരീടം നാട്ടിലെത്തിച്ചു.

ആഫ്രിക്കൻ വൻകരയിൽ നടന്ന ആദ്യലോകകപ്പാണ് 2003ലേത്. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, കെനിയ എന്നിവിടങ്ങളിലായിരുന്നു വേദികൾ. അക്കാലത്ത് 12 ടീമുകളിൽ നിന്ന് പങ്കാളിത്തം 14 ആയി ഉയർന്നു. പത്താമതായി ഐ.സി.സി അംഗത്വം ലഭിച്ച ബംഗ്ലാദേശിന് പുറമേ കാനഡയും കെനിയയും നമീബിയയും നെതർലാൻഡ്സും യോഗ്യത നേടി. പല പ്രമുഖ ടീമുകളും ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ചരിത്രം കൂടി 2003 ലോകകപ്പിനുണ്ട്. അതിൽ മനോഹരമായത് കെനിയയുടെ അവരുടെ ലോകകപ്പിലെ ആദ്യ സെമിപ്രവേശനമായിരുന്നു. അക്കാലത്ത് ഐ.സി.സി യുടെ ഒരു താത്കാലിക അംഗം നേടിയ ഏറ്റവും മികച്ച നേട്ടമായിരുന്നു ഇത്. ഇന്ത്യയെ 125 റൺസിന് പരാജയപ്പെടുത്തിയാണ് കംഗാരുക്കൾ തങ്ങളുടെ തുടർച്ചയായ രണ്ടാം കിരീടവും ടീമിന്‍റെ മൂന്നാം കിരീടവും നേടുന്നത്.

2007-ൽ, ടൂർണമെന്റിന് വെസ്റ്റ് ഇൻഡീസാണ് ആതിഥേയത്വം വഹിച്ചത്. ഐ.സി.സിയുടെ ചരിത്രത്തിലാദ്യമായി 16 ടീമുകളെ ഉൾപ്പെടുത്തി ടൂർണമെന്‍റ് നടത്തിയത് 2007 ലോകകപ്പിലാണ്. പുതുമുഖങ്ങളായി ബെർമുഡയും അയർലാന്‍റും ലോകകപ്പിനിറങ്ങി. നാല് ഗ്രൂപ്പുകളാക്കിയായിരുന്നു മത്സരങ്ങൾ ക്രമകരിച്ചിരുന്നത്. അക്കാലത്ത് അരങ്ങേറ്റം കുറിച്ച അയർലാന്‍റിനോട് ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാന് തോൽവി വഴങ്ങേണ്ടി വന്നു. അതിന് ശേഷം പാകിസ്ഥാൻ പരിശീലകൻ ബോബ് വൂൾമറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. കൊലപാതകമെന്ന് പരക്കെ പറയപ്പെട്ട മരണം അവസാനം പോലീസ് ഹൃതയാഘാതം മൂലമെന്ന് റിപ്പോർട്ട് നൽകി. 2007 ലെ ഫൈനലിൽ ശ്രീലങ്കയെ 53 റൺസിന് പരാചയപ്പെടുത്തി ഓസ്ട്രേലിയ തങ്ങളുടെ ചരിത്ര രചനക്ക് ആക്കം കൂട്ടി. തുർച്ചയായ മൂന്നാം കിരീടം നേടുന്ന ആദ്യ ടീം, തോൽവിയറിയാതെ 29 ലോകകപ്പ് മത്സരങ്ങൾ പൂർത്തിയാക്കിയ ടീം, നാല് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്നിങ്ങനെ റെക്കോർഡുകളുമായാണ് കംഗാരുക്കൾ വെസ്റ്റ് ഇൻഡീസിൽ നിന്ന് മടങ്ങിയത്.

2011-2015-2019 ആതിഥേയരുടെ വാഴ്ച

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ചേർന്നാണ് 2011 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഇന്ത്യയിലേക്കുള്ള ടൂർണമെന്‍റിന്‍റെ മൂന്നാം വരവായിരുന്നു ഇത്. 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാന്‍റെ ആതിഥേയാവകാശം എടുത്തുകളഞ്ഞിരുന്നു. 1999 മുതൽ തുടർന്ന ഓസ്ട്രേലിയയുടെ അപരാചിത പരമ്പരക്ക് ഈ ലോകകപ്പോടെ വിരാമമായി. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രേലിയക്ക് മറുപടി നൽകിയത് പാക്കിസ്ഥാനായിരുന്നു. ടീമുകളുടെ എണ്ണം 16 ൽ നിന്ന് 14 ആയി ചുരുക്കി. സ്ഥിരാഗംങ്ങളായ 10 പേരും താൽകാലിക അംഗങ്ങളായ നാല് പേരും ചേർന്നതായിരുന്നു ടീമുകൾ. ഫൈനലിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം സ്വന്തമാക്കി. ലോകകപ്പ് സ്വന്തം നാട്ടിൽ നേടുന്ന ആദ്യ ടീമായി അന്ന് ഇന്ത്യ ചരിത്രം കുറിച്ചു. രണ്ട് ഏഷ്യൻ രാജ്യങ്ങൾ ഫൈനലിലിൽ മുഖാമുഖം വന്നതും 2011 ലോകകപ്പിലാണ്.

2015 ലോകകപ്പിന് ഓസ്‌ട്രേലിയയും ന്യൂസിലൻഡും സംയുക്തമായാണ് ആതിഥേയത്വം വഹിച്ചത്. പങ്കെടുത്തവരുടെ എണ്ണം പതിനാലായി തന്നെ തുടർന്നു. അയർലാഡിന്‍റെ മൂന്ന് ജയങ്ങൾ 2015 ലോകകപ്പ് അവർക്ക് പ്രിയപ്പെട്ടതാക്കി. അഫ്ഗാനിസ്ഥാന്‍റെ അരങ്ങേറ്റ ലോകകപ്പ് കൂടിയായിരുന്നു 2015 ലേത്. ആദ്യമായി ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയ ന്യൂസിലൻഡ് വളരെയേറെ പ്രതീക്ഷയോടെയായിരുന്നു കളിക്കാനിറങ്ങിയത്. എന്നാൽ മെൽബണിൽ നടന്ന ഫൈനലിൽ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ പരാചയപ്പെടുത്തി തങ്ങളുടെ അഞ്ചാം കിരീടം സ്വന്തമാക്കി. ആതിഥേയത്വം വഹിക്കുന്ന ടീം നേടുന്ന രണ്ടാം ലോകകപ്പായിരുന്നു 2015 ലേത്.

ക്രിക്കറ്റ് ലോകകപ്പിനെ 12ാം എഡിഷന് 2019 ൽ വേദിയായത് ഇംഗ്ലണ്ടായിരുന്നു. ഇംഗ്ലണ്ട് കൂടാതെ ഒരു മത്സരത്തിന് വെയിൽസും വേദിയായിരുന്നു. ഇംഗ്ലണ്ട് ആതിഥേയത്വ വേഷത്തിലെത്തുന്നത് ഇത് അഞ്ചാം തവണയാണ്. ഇത്തവണ ടീമുകളുടെ എണ്ണം 10 ആയി ചുരുക്കി. റൗണ്ട് റോബിൽ വ്യവസ്ഥ പ്രകാരമാണ് മത്സരങ്ങൽ നടത്തിയത്. ലോകകപ്പ് ചരിത്രം കണ്ട മികച്ച ഫൈനലിനായിരുന്നു 2019ൽ ലോർഡ്സ് സാക്ഷിയായത്. ഇംഗ്ലണ്ടും ന്യൂസിലാന്‍റും മികച്ച പോരാട്ടം കാഴ്ച വെച്ച ഫൈനലിൽ നിശ്ചിത ഓവറിലും സൂപ്പർ ഓവറിലും മത്സരം സമനിലയായി. അവസാനം ആകെ നേടിയ ഫോറുകളുടെ എണ്ണത്തിൽ മുന്നിട്ട് നിന്ന ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. ആതിഥേയർ കപ്പുയർത്തിയ മൂന്നാം ലോകകപ്പായി ഈ ലോകകപ്പ് മാറി.

2023 ലോകകപ്പിന് വേദിയാകുന്നത് ഇന്ത്യയാണ്. ഇത്തവണ പൂർണമായും ഇന്ത്യയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. റെക്കോർഡുകൾ തിരുത്താൻ വരുന്നവരും, ഇത് വരെ കിട്ടാത്ത കനി തേടി വരുന്നവരും, നാട്ടിൽ നടക്കുന്ന ലോകകപ്പ് ഇവിടെ നിലനിർത്താൻ ശ്രമിക്കുന്നവരുമായ 10 മല്ലന്മാരാണ് ഇത്തവണ തമ്മിൽ കൊമ്പുകോർക്കുന്നത്. വെസ്റ്റിൻഡീസിന് യോഗ്യത നേടാനാവാതെ പോയ ആദ്യ ലോകകപ്പ് കൂടിയായാണ് 2023ലേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket World Cup 2023
News Summary - History of cricket world cup
Next Story