‘നിങ്ങൾ ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു, പാകിസ്താൻ സിന്ദാബാഗ്!’; ട്രോളുമായി സെവാഗ്
text_fieldsലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ ഇരുളടഞ്ഞ സാഹചര്യത്തിൽ ടീമിനെ ട്രോളി മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. പാകിസ്താൻ ബാഗ് പാക്ക് ചെയ്യുന്നതിനെ സൂചിപ്പിച്ച് ‘പാകിസ്താൻ സിന്ദാബാഗ്’ എന്നും നിങ്ങൾ ബിരിയാണിയും ഇന്ത്യയുടെ ആതിഥേയത്വവും നന്നായി ആസ്വദിച്ചെന്ന് കരുതുന്നുവെന്നുമായിരുന്നു ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ താരത്തിന്റെ പ്രതികരണം.
‘പാകിസ്താൻ സിന്ദാബാഗ്! അത്രയേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ ബിരിയാണിയും ആതിഥ്യ മര്യാദയും ആസ്വദിച്ചെന്ന് കരുതുന്നു. വിമാനത്തിൽ സുരക്ഷിതമായ ഒരു മടക്കയാത്ര ആശംസിക്കുന്നു. ബൈ ബൈ പാകിസ്താൻ!’, എന്നിങ്ങനെയായിരുന്നു കുറിപ്പ്. പോസ്റ്റിന് താഴെ കമന്റുകൾ പ്രവഹിക്കുകയാണ്.
കഴിഞ്ഞ ദിവസം ശ്രീലങ്കക്കെതിരെ ന്യൂസിലാൻഡ് നേടിയ അഞ്ച് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പാകിസ്താന്റെ സെമി സാധ്യതകൾ ഏറക്കുറെ അവസാനിച്ചിരിക്കുകയാണ്. സെമിയിൽ കടക്കാൻ അപ്രാപ്യമായ ലക്ഷ്യമാണ് ഇനി അവർക്ക് മുന്നിലുള്ളത്. അവശേഷിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസിനോ അതിന് മുകളിലോ വലിയ ജയം നേടണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 284 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം അടിച്ചെടുക്കണം. ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം.
നേരത്തെ ബാബർ അസമിനെയും സംഘത്തെയും ട്രോളി മുൻ പാക് ക്യാപ്റ്റൻ വസീം അക്രമും രംഗത്തെത്തിയിരുന്നു. ‘കണക്ക് പ്രകാരം അതിപ്പോഴും സാധ്യമാണ്. പാകിസ്താൻ ആദ്യം ബാറ്റ് ചെയ്യുകയും ശേഷം ഇംഗ്ലണ്ട് ടീമിനെ ഡ്രസ്സിങ് റൂമിൽ 20 മിനിറ്റ് പൂട്ടിയിടുകയും ചെയ്യുക. ഇതോടെ അവരെല്ലാവരും ടൈംഡ് ഔട്ടാകും’, അക്രം ‘എ സ്പോർട്സ്’ ചാനലിനുവേണ്ടിയുള്ള ടോക് ഷോയിൽ ചിരിയോടെ പറഞ്ഞു. എന്നാൽ, ‘ഇംഗ്ലണ്ടിനെ ആദ്യം ബാറ്റ് ചെയ്യാൻ അനുവദിക്കുകയും അതിനുശേഷം ഡ്രസ്സിങ് റൂമിൽ പൂട്ടുകയും ചെയ്യുക’ എന്നതായിരുന്നു ഒപ്പമുണ്ടായിരുന്ന മുൻ പാക് താരം മിസ്ബാഹുൽ ഹഖിന്റെ ‘ഉപദേശം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.