1996ലെ ലോകകപ്പ് എങ്ങനെ മറക്കും; അന്ന് സമ്മാനമായി കിട്ടിയ കാർ ഇന്നും ജയസൂര്യക്ക് കൂട്ട്
text_fieldsഏകദിന ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വെടിക്കെട്ട് വീരന്മാരിലൊരാളാണ് ശ്രീലങ്കൻ ഓപണറായിരുന്ന സനത് ജയസൂര്യ. ഒരുകാലത്ത് ഏത് ബൗളറുടെയും പേടിസ്വപ്നമായിരുന്നു ഈ ഇടംകൈയൻ ബാറ്റർ. ജയസൂര്യയും റൊമേഷ് കലുവിതരണയും ചേർന്നുള്ള ഓപണിങ് സഖ്യം സ്ഫോടനാത്മക ബാറ്റിങ്ങിലൂടെ ഏകദിന ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ചവരായിരുന്നു.
മികച്ച സ്പിൻ ബൗളർ കൂടിയായ താരം ലോകത്തെ മികച്ച ആൾറൗണ്ടർമാരിൽ ഒരാൾ കൂടിയാണ്. ഏകദിനത്തിൽ 10,000 റൺസും 300 വിക്കറ്റും സ്വന്തമാക്കിയ ഏക ക്രിക്കറ്ററാണ് ജയസൂര്യ. 1996ലെ ലോകകപ്പ് ശ്രീലങ്കക്ക് നേടിക്കൊടുക്കുന്നതിൽ താരം വഹിച്ച നിർണായകമായിരുന്നു. 221 റൺസും ഏഴ് വിക്കറ്റുമായിരുന്നു അന്ന് സ്വന്തമാക്കിയത്. ഫൈനലിൽ ആസ്ട്രേലിയയെ കീഴടക്കി ശ്രീലങ്ക കിരീടമണിയുമ്പോൾ ടൂർണമെന്റിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയായിരുന്നു. അന്ന് ലഭിച്ച ഔഡി കാർ ഇന്നും പൊന്നുപോലെ സൂക്ഷിക്കുകയാണ് 53കാരൻ.
കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ അന്നത്തെയും ഇന്നത്തെയും പ്രിയ കാറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ‘സുവർണ ഓർമകൾ: 1996 ലോകകപ്പ് മാൻ ഓഫ് ദ സീരീസ് കാറിന് 27 വർഷം’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ ഇത് ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേരാണ് അന്നത്തെ ഓർമകൾ പങ്കുവെച്ചുകൊണ്ട് കമന്റ് ബോക്സിൽ എത്തിയിരിക്കുന്നത്.
445 ഏകദിനങ്ങളിൽ കളത്തിലിറങ്ങിയ ജയസൂര്യ 13,430 റൺസും 323 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. 110 ടെസ്റ്റിൽ 6973 റൺസും 98 വിക്കറ്റും നേടിയ ജയസൂര്യ 111 ട്വന്റി 20കളിൽ 2317 റൺസും 77 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.