ആരാണ് വിഗ്നേഷ് പുത്തൂർ? ഒരു ആഭ്യന്തരം പോലും കളിക്കാതെ എങ്ങനെ മുംബൈ ഇന്ത്യൻസിലെത്തി?
text_fieldsഒരൊറ്റ ഐ.പി.എൽ മത്സരം കൊണ്ട് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മലപ്പുറത്ത് നിന്നുമെത്തിയ ഒരു ഇടംകൈയ്യൻ സ്പിൻ ബൗളർ വിഗ്നേഷ് പുത്തൂർ. കഴിഞ്ഞ ദിവസം ഐ.പി.എല്ലിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിലാണ് താരം വരവറിയിച്ചത്. സി.എസ്.കെ അനായാസം വിജയിക്കുമെന്ന ഘട്ടത്തിൽ നിന്നും മുംബൈക്ക് നേരിയ പ്രതീക്ഷ നൽകിയത് വിഗ്നേഷിന്‍റെ ബൗളിങ്ങാണ്. ആദ്യം എറിഞ്ഞ മൂന്ന് ഓവറിൽ മൂന്ന് വിക്കറ്റ് നേടിയാണ് വിഗ്നെഷ് ഐ.പി.എല്ലിൽ, അല്ല ക്രിക്കറ്റിലേക്കുള്ള എന്ട്രി നടത്തുന്നത്. ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്ക്വാദ്, വെടിക്കെട്ട് ബാറ്റർ ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് പുത്തൂർ പറഞ്ഞയച്ചത്.
24 വയസ്സുകാരനായ വിഗ്നേഷ് ഇതുവരെ കേരള സീനിയർ ടീമിൽ പോലും ആഭ്യന്തരം കളിച്ചിട്ടില്ല. മലപ്പുറം പുത്തൂരിൽ ജനിച്ച വിഗ്നേഷ് ക്രിക്കറ്റ് കരിയറിന് വേണ്ടി തൃശൂരിലേക്ക് മാറുകയായിരുന്നു. കോളേജിൽ ഒരു മീഡിയം പേസറായി കരിയർ ആരംഭിച്ച വിഗ്നേഷ് പിന്നീട് ഒരു സ്പിൻ ബൗളറായി മാറി. കേരളത്തിന് വേണ്ടി സീനിയർ ലെവലിൽ ഒരു കളി പോലും കളിക്കാത്ത യുവതാരം അണ്ടർ 23 ടീമിൽ കളത്തിലിറങ്ങിയിട്ടുണ്ട്. തമിഴ്നാട് പ്രീമിയർ ലീഗിലും താരം തല കാണിച്ചു.
കഴിഞ്ഞ വർഷം നടന്ന കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പൾസിന് വേണ്ടി വിഗ്നേഷ് കളിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്‍റെ കരിയറിലെ ടേണിങ് പോയിന്‍റ്. ലീഗിൽ താരത്തിന്‍റെ പ്രകടനം മുംബൈ ഇന്ത്യൻസ് സ്കൗട്ട് നിരീക്ഷിക്കുകയും ട്രയൽസിന് ക്ഷണിക്കുകയും ചെയ്തു. ജസപ്രീത് ബുംറ, പാണ്ഡ്യ സഹോദർമാരെയൊക്കെ ക്രിക്കറ്റിന്‍റെ നെറുകയ്യിലെത്തിച്ച മുംബൈ വിഗ്നേഷിനും അതിനുള്ള അവസരം നൽകുന്നു. ഐ.പി.എൽ മെഗാ ലേലത്തിൽ 30 ലക്ഷത്തിനാണ് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചത്.
ഈ വർഷം ആദ്യം, മുംബൈ മാനേജ്മെന്‍റ് അദ്ദേഹത്തെ സൗത്ത് ആഫ്രിക്ക 20 യുടെ മൂന്നാം സീസണിന് അയച്ചു. അവിടെ മുംബൈ കേപ് ടൗണിന്‍റെ നെറ്റ് ബൗളറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. അവിടെ വെച്ച് ട്വന്‍റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റിസ്റ്റ് സ്പിന്നർമാരിൽ ഒരാളായ റാഷിദ് ഖാനൊപ്പം പരിശീലനം നടത്താൻ വിഗ്നേഷിന് അവസരം ലഭിച്ചു. ഇപ്പോഴിതാ ആദ്യ മത്സരത്തിൽ തന്നെ രോഹിത് ശർമക്ക് പകരം ഇമ്പാക്ട് പ്ലെയറായി എത്തി മികച്ച പ്രകടനം.
ഇന്ത്യൻ ചൈനമാൻ സ്പിന്നർ കുൽദീപ് യാദവ് അദ്ദേഹത്തിന്‍റെ കരിയറിന്‍റെ തുടക്കത്തിൽ എറിഞ്ഞ അതേ വേഗതയിലാണ് വിഗ്നേഷും എറിയുന്നതെന്ന് കമന്‍റേറ്റർ ഹർഷാ ഭോഗ്ലെ നിരീക്ഷിച്ചു. ആദ്യ മത്സരത്തിൽ വിഗ്നേഷിന് ലഭിച്ച ഈ തീപ്പൊരി ഒരു കാട്ടുതീയായി പടരണമെന്നാണ് മുംബൈ ഇന്ത്യൻസും കേരളത്തിലെ ക്രിക്കറ്റ് ആരാധകരും ആഗ്രഹിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.