ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യതക്കരികെ ഇന്ത്യ; സാധ്യതകൾ അറിയാം
text_fieldsബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റിലും കരുത്തരായ ആസ്ട്രേലിയയെ മുട്ടുകുത്തിച്ച് കുതിക്കുന്ന ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനാകുമോ? ജൂൺ ഏഴിന് ഓവലിലാണ് ഫൈനൽ.
ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് ജയം പിടിച്ച ഇന്ത്യക്കു മുന്നിൽ തുല്യ സാധ്യത നിലനിർത്തിയാണ് രണ്ടാം ടെസ്റ്റിൽ ഓസീസ് കീഴടങ്ങിയത്. ആദ്യ ദിനം സന്ദർശകരെ എല്ലാവരെയും മടക്കി ആതിഥേയർ മേൽക്കൈ പിടിച്ച കളിയിൽ അതേ നാണയത്തിൽ കളിച്ച് രണ്ടാം ദിനം ഓസീസും എതിരാളികളെ എറിഞ്ഞിട്ടിരുന്നു. എന്നാൽ, പതിവു പോലെ രണ്ടാം ഇന്നിങ്സിൽ വീണുപോയ ഓസീസിനു മേൽ ആധിപത്യം കാട്ടിയായിരുന്നു ഇന്ത്യൻ പടയോട്ടം. ആറുവിക്കറ്റിന് ജയിച്ചതോടെ ഇന്ത്യ ശരാശരി മെച്ചപ്പെടുത്തിയിട്ടുണ്ട്.
തുടർച്ചയായ തോൽവികളിലും ആസ്ട്രേലിയ തന്നെയാണ് ശരാശരിയിൽ മുന്നിൽ - 66.67 ശതമാനം. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 64.06 ശതമാനമുണ്ട്. നേരത്തെ നാലു പേർ ഒപ്പത്തിനൊപ്പം നിന്ന പട്ടികയിൽ ദക്ഷിണാഫ്രിക്ക തീരെ പിറകോട്ടുപോയതോടെ മത്സരം ഇന്ത്യയും ആസ്ട്രേലിയയും ഒപ്പം ശ്രീലങ്കയും തമ്മിലാണ്. മൂന്നാമതുള്ള ശ്രീലങ്കക്ക് 53.33 ആണ് ശരാശരി.
അടുത്ത മാസം ന്യൂസിലൻഡിൽ പര്യടനം നടത്തുന്ന ടീം അവിടെ കളിക്കുന്ന രണ്ടു ടെസ്റ്റിലും വൻ മാർജിനിൽ ജയിച്ചാലേ സാധ്യതയുള്ളൂ. ഇന്ത്യ നിലവിലെ പ്രകടനം തുടരുകയും ഓസീസിനെ വരുംകളികളിലും തോൽപിക്കുകയും ചെയ്താൽ അതുകൊണ്ടും മതിയാകില്ല.
മാർച്ച് ഒന്നിന് ഇന്ദോറിലാണ് ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റ്. ഇതിൽ ജയിച്ചാൽ, ഇന്ത്യ ഫൈനൽ ഉറപ്പാക്കും. സന്ദർശകർ ജയം പിടിച്ചാൽ അവരും കലാശപ്പോരിനെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.