ഇന്ത്യക്ക് ഇനിയും സെമിയിലെത്താം; സാധ്യതകൾ ഇങ്ങനെ
text_fieldsദുബൈ: ഫേവറിറ്റുകളായെത്തിയ ടൂർണമെന്‍റിൽ സെമി കാണാതെ പുറത്താകുന്ന നാണക്കേടിന്‍റെ വക്കിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ട്വന്‍റി20 ലോകകപ്പിന്‍റെ ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താൻ 10 വിക്കറ്റിനും ന്യൂസിലൻഡ് എട്ടുവിക്കറ്റിനുമാണ് ഇന്ത്യയെ തകർത്തത്. ഇതോടെ മുന്നോട്ടുള്ള പ്രയാണത്തിനായി മറ്റുടീമുകളുടെ മത്സര ഫലത്തേ കൂടി ആശ്രയിക്കേണ്ട ഗതികേടിലാണ് ഇന്ത്യ.
ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾക്കാണ് സെമി യോഗ്യത. ആദ്യ മൂന്ന് മത്സരങ്ങളിൽ മൂന്നും ജയിച്ച പാകിസ്താൻ സെമി ഉറപ്പാക്കിക്കഴിഞ്ഞു. ഇന്ത്യക്കെതിരെ വിജയിച്ചതോടെ ന്യൂസിലൻഡിനും മുൻതൂക്കമായി. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾ ഇങ്ങനെ.
മൂന്നും ജയിക്കണം...പോരാത്തതിന്
രണ്ട് മത്സരങ്ങളിൽ നിന്ന് പോയിന്‍റ് ഒന്നുമില്ലാത്ത ഇന്ത്യ ഗ്രൂപ്പ് രണ്ടിൽ അഞ്ചാമതാണ്. സെമി ഫൈനൽ യോഗ്യത സ്വന്തമാക്കാൻ ഇന്ത്യക്ക് അഫ്ഗാനിസ്താൻ, നമീബിയ, സ്കോട്ലൻഡ് എന്നീ ടീമുകളെ വൻ മാർജിനിൽ തോൽപ്പിക്കണം. ഇതിൽ മികച്ച റൺറേറ്റുമായി (+3.097) പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ അഫ്ഗാനെ തോൽപ്പിക്കുക അത്ര എളുപ്പമായിരിക്കില്ല. പാകിസ്താനെ വിറപ്പിച്ചാണ് അവർ കീഴടങ്ങിയിരുന്നത്.
അഫ്ഗാൻ ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ മൂവർക്കും ആറുപോയിന്‍റ് വീതമാകും. അവിടെ നെറ്റ്റൺറേറ്റാകും സെമിഫൈനലിസ്റ്റിനെ നിശ്ചയിക്കുക. ഇനി കിവീസ് അഫ്ഗാനെ തോൽപിച്ചു എന്ന് വെക്കുക, എന്നാലും ഇന്ത്യക്ക് സാധ്യതയുണ്ട്. പക്ഷേ അതിന് നമീബിയയോ സ്കോട്ലൻഡോ കിവീസിനെ തോൽപ്പിക്കുകയോ വേണം. ഫലങ്ങളെല്ലാം ഇതോ രീതിയിൽ വന്നാൽ ഇന്ത്യക്കും കിവീസിനും ആറുപോയിന്‍റ് വീതമാകും. അതോടെ നെറ്റ്റൺറേറ്റ് കാര്യങ്ങൾ തീരുമാനിക്കും. -1.609 ആണ് ഇന്ത്യയുടെ റൺറേറ്റ്.
ട്വന്‍റി20 ക്രിക്കറ്റിൽ എന്തും സംഭവിക്കാം എന്നതിനാൽ തന്നെ ഇന്ത്യ ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വിജയിക്കുകയും അഫ്ഗാനെതിരെ വിജയിക്കുന്ന ന്യൂസിലൻഡ് നമീബിയക്കും സ്കോട്ലൻഡിനുമെതിരെ തോൽക്കുകയും ചെയ്താലും വിരാട് കോഹ്ലിക്കും സംഘത്തിനും സെമിയിൽ എത്താം.
റൺറേറ്റിന്‍റെ കാര്യം ശോകം
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐ.സി.സി ഇവന്‍റുകളിൽ ഇന്ത്യയെ അലട്ടുന്ന സുപ്രധാന വിഷയങ്ങളിൽ ഒന്നാണ് നെറ്റ്റൺറേറ്റ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുൻ നായകൻ എം.എസ്. ധോണിയെ മെന്‍ററായി നിയമിച്ചത് വരെ. എന്നാൽ ലോകകപ്പിലെ രണ്ടുമത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീം തീരുമാനങ്ങളിൽ ധോണിക്ക് വലിയ റോളില്ലെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഐ.സി.സി ടൂർണമെന്‍റിൽ നായകൻ കോഹ്ലി ഒരിക്കൽ കൂടി നിറംമങ്ങുന്ന കാഴ്ചയും നമ്മൾ കണ്ടു.
നായകൻ കോഹ്ലിയും കോച്ചിങ് സംഘവും ലോകകപ്പ് കഴിയുന്നതോടെ പടി ഇറങ്ങും. പുതുനായകന്‍റെയും പരിശീലകന്‍റെയും കീഴിലാകും ഇന്ത്യൻ ടീം അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ലോകകപ്പിനിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.