കോച്ചിനും കളിക്കാർക്കും റിസർവ് താരങ്ങൾക്കും എത്ര കിട്ടും? ആ 125 കോടി പങ്കുവെക്കുക ഇങ്ങനെ
text_fieldsട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിന്‍റെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. ലോകകിരീടവുമായി രാജ്യത്ത് തിരികെയെത്തിയ രോഹിത്തിനും സംഘത്തിനും അവിസ്മരണീയ വരവേൽപ്പാണ് ലഭിച്ചത്. മുംബൈയിൽ നടന്ന വിക്ടറി പരേഡിൽ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ടീമിനെ അനുഗമിച്ചത് പതിനായിരക്കണക്കിന് പേരാണ്.
ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് 125 കോടി രൂപയാണ് ബി.സി.സി.ഐ പാരിതോഷികം പ്രഖ്യാപിച്ചത്. 125 കോടി രൂപയുടെ ചെക്ക് ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി ക്രിക്കറ്റ് താരങ്ങൾക്കു സമ്മാനിക്കുകയും ചെയ്തു. ടീമിലെ താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, സെലക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഈ 125 കോടി രൂപ വീതിച്ചുനല്‍കുക.
ഓരോരുത്തർക്കും എത്ര തുകയാണ് ലഭിക്കുകയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 15 അംഗ ടീമിലെ ഓരോ കളിക്കാർക്കും അഞ്ച് കോടി രൂപ വീതം ലഭിക്കും. ഒരു മത്സരം പോലും കളിക്കാനായില്ലെങ്കിലും 15 അംഗ ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ, ഓപ്പണർ യശ്വസി ജയ്സ്വാൾ, ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചാഹൽ എന്നിവർ ഉൾപ്പെടെയാണിത്. പരിശീലകൻ രാഹുൽ ദ്രാവിഡിനും അഞ്ച് കോടി ലഭിക്കും. പരിശീലക സംഘത്തിലെ മറ്റുള്ളവർക്ക് രണ്ടരക്കോടി വീതമാണ് ലഭിക്കുക. ബാറ്റിങ് കോച്ച് വിക്രം റാത്തോഡ്, ഫീൽഡിങ് കോച്ച് ടി. ദീലിപ്, ബൗളിങ് കോച്ച് പരാസ് മാംബ്രെ എന്നിവരാണ് ഇതിലുള്ളത്. അജിത് അഗാർക്കർ ഉൾപ്പെടെ സെലക്ഷൻ കമ്മിറ്റിയിലെ അഞ്ച് അംഗങ്ങൾക്ക് ഒരു കോടി വീതം ലഭിക്കും.
ടീമിലെ ഫിസിയോതെറപ്പിസ്റ്റുകൾ ഉൾപ്പെടെ എട്ട് പേരടങ്ങുന്ന സപ്പോർട്ടിങ് സംഘത്തിന് രണ്ട് കോടി വീതം ലഭിക്കും. ടീമിന്‍റെ റിസർവ് അംഗങ്ങളായി നാല് പേരാണുണ്ടായിരുന്നത്. റിങ്കു സിങ്, ശുഭ്മാൻ ഗിൽ, ആവേശ് ഖാൻ, ഖലീൽ അഹ്മദ് എന്നിവരായിരുന്നു റിസർവ് അംഗങ്ങൾ. ഇവർക്ക് ഒരു കോടി വീതം ലഭിക്കും.
ലോകകപ്പിന് പോയ ഇന്ത്യൻ സംഘത്തിൽ ആകെ 42 പേരാണുണ്ടായിരുന്നത്. വിഡിയോ അനലിസ്റ്റ്, ബി.സി.സി.ഐ സ്റ്റാഫുകൾ, മീഡിയ ഓഫിസർ, ലോജിസ്റ്റിക്സ് മാനേജർ എന്നിവരും ഇതിലുൾപ്പെടും. ഇവർക്കും സമ്മാനത്തുകയുടെ പങ്ക് ലഭിക്കും.
ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടിക്ക് പുറമേ ടീമിന് മഹാരാഷ്ട്ര സർക്കാർ 11 കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.